വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ദൃശ്യം, ഇക്കുറി കടലും കടന്നു!
മലയാള സിനിമയില്‍ പുത്തന്‍ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് തരംഗമായി മാറിയ ചിത്രമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ആദ്യമായി ഒരു മലയാള ചിത്രം 50 കോടി എന്ന സ്വപ്‌ന സംഖ്യ ബോക്‌സ് ഓഫീസില്‍ പിന്നിടുന്നത് ദൃശ്യത്തിലൂടെയായിരുന്നു. 2013ല്‍ ക്രിസ്തുമസ് റിലീസായി മലയാളത്തില്‍ ഇറങ്ങിയ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും വിജയം ആവര്‍ത്തിക്കുകയും ചെയ്തു. ചിത്രത്തിന്റെ റീമേക്ക് അവകാശം ചൈനീസ് ഭാഷയിലേക്കും വിറ്റുപോയിരുന്നു.
ഇപ്പോഴിതാ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ദൃശ്യം വീണ്ടും റെക്കോര്‍ഡിന്റെ പേരില്‍ വാര്‍ത്തായായിരിക്കുകയാണ്. ചിത്രത്തിന്റെ ശ്രീലങ്കന്‍ പതിപ്പാണ് പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ധര്‍മ്മ യുദ്ധ എന്ന പേരില്‍ ശ്രീലങ്കയില്‍ റീമേക്ക് ചെയ്ത ചിത്രം അവിടുത്തെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിന് ജീത്തു ജോസഫിനേയും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കയിലേക്ക് ക്ഷണിച്ചിരുന്നു.

ഹരിചന്ദ്ര പോലുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രശസ്ത ശ്രീലങ്കന്‍ സംവിധായകന്‍ ചെയ്യാര്‍ രവിയാണ് ദൃശ്യം ശ്രീലങ്കയില്‍ ഒരുക്കിയത്. മലയാളത്തില്‍ മോഹന്‍ലാലും മീനയും അവതരിപ്പിച്ച കേന്ദ്രകഥാപാത്രങ്ങളെ യഥാക്രമം ജാക്‌സണ്‍ ആന്റണിയും ദില്‍ഹാനിയുമാണ് അവതരിപ്പിച്ചത്. തമിഴില്‍ കമല്‍ഹാസനും തെലുങ്കില്‍ വെങ്കിടേഷും ഹിന്ദിയില്‍ അജയ് ദേവ്ഗണുമായിരുന്നു നായകന്മാര്‍.


Click it and Unblock the Notifications