ദുല്‍ഖര്‍ സല്‍മാന്‍ വിക്രം പ്രഭുവിനെ പറ്റിച്ചു
ദുല്‍ഖര്‍ സല്‍മാനും വിക്രം പ്രഭുവും തമ്മില്‍ സാമ്യതകള്‍ ഏറെയാണ്. രണ്ട് പേരും രണ്ട് ഇന്റസ്ട്രിയിലെ സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍. ഏകദേശം ഒരേ സമയം സിനിമയില്‍ വന്നവര്‍. ഇപ്പോള്‍ രണ്ട് ഇന്റസ്ട്രിയിലും സമാന രീതിയില്‍ മുന്നേറുന്നവര്‍. അതിനൊക്കെ അപ്പുറം ഇരുവരും സിനിമയ്ക്ക് അപ്പുറത്തെ നല്ല സുഹൃത്തുക്കളും.
ഈ സൗഹൃദം എവിടെ തുടങ്ങി എന്ന് ചോദിച്ചാല്‍ ബോംബെ വരെ പോകണം. കോഫി വിത്ത് ഡിഡി എന്ന തമിഴ് ടോക്ക് ഷോയില്‍ വിക്രം പ്രഭുവാണ് ഈ സൗഹൃദത്തിന്റെ തുടക്കത്തെ കുറിച്ച് പറഞ്ഞ് വന്നത്. ഫോണിലൂടെ ദുല്‍ഖറും പരിപാടിയുടെ ഭാഗമായപ്പോഴാണ് അറിഞ്ഞത്, ആദ്യകൂടിക്കാഴ്ചയില്‍ തന്നെ ദുല്‍ഖര്‍ വിക്രം പ്രഭവിനെ പറ്റിച്ചിരുന്നു, അതും ഒരാഴ്ചയോളം.

കാര്യത്തിലേക്ക് വരാം. സിനിമാ അഭിനയത്തെ കുറിച്ച് പഠിക്കാന്‍ വേണ്ടി വിക്രം പ്രഭു ബോംബെയിലേക്ക് വണ്ടി കയറി. മൂന്ന് മാസത്തെ കോഴ്‌സായിരുന്നു. അവിടെ വച്ചാണ് ദുല്‍ഖര്‍ സല്‍മാനെ കാണുന്നത്. പക്ഷെ ദുല്‍ഖറിനെ കണ്ടപ്പോള്‍ വിക്രമിന് മനസ്സിലായില്ല, ഇത് മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണെന്ന്. പക്ഷെ പേരിനൊപ്പം പ്രഭു എന്നുള്ളതുകൊണ്ട് ദുല്‍ഖറിന് മനസ്സിലായി ഇത് തമിഴ് നടന്‍ പ്രഭുവിന്റെ മകന്‍ വിക്രമാണെന്ന്.
ദുല്‍ഖറും ചെന്നൈയില്‍ നിന്ന് വന്ന ആളായിരുന്നത് കൊണ്ട് വിക്രമിന് ദുല്‍ഖറിനോട് ഒരിഷ്ടമുണ്ടായിരുന്നു. ഒരു ആഴ്ച ഇരുവരും നല്ല സൗഹൃദത്തോടെ പെരുമാറി. പ്രഭുവിന്റെ മകനാണെന്ന് അറിഞ്ഞിട്ടും ദുല്‍ഖര്‍ അക്കാര്യം വിക്രമിനോട് പറഞ്ഞില്ല. നിങ്ങളുടെ അച്ഛന്‍ കഴിഞ്ഞ ആഴ്ച ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു എന്ന് ഒരു ദിവസം ദുല്‍ഖര്‍ പറഞ്ഞപ്പോള്‍ വിക്രം ആകെ ഞെട്ടി. ങേ എന്റെ അച്ഛനെന്തിനാ ഇവരുടെ വീട്ടില്‍ പോകുന്നത്?
വിക്രം തനിക്കറിയാവുന്ന ആള്‍ക്കാരുടെ പേരൊക്കെ പറഞ്ഞു നോക്കി. അക്കൂട്ടത്തിലുള്ള ആരുടെയും മകനല്ല ദുല്‍ഖര്‍. അതവിടെ കഴിഞ്ഞു. പിന്നെ ഒരു ദിവസം ബോബെയില്‍ ഒരു മറാത്തി സിനിമ കാണാന്‍ ഇരുവരും പോയി. അവിടെ വച്ചാണ് ദുല്‍ഖര്‍ ആ സസ്‌പെന്‍സ് പൊട്ടിച്ചതത്രെ. ഞാന്‍ മമ്മൂട്ടിയുടെ മകനാണ്! അന്ന് കെട്ടിപ്പിടിച്ച് സൗഹൃദത്തിലായ കൂട്ടുകാരാണ്. ഇതുവരെ ആ സൗഹൃദം തുടരുന്നു. പക്ഷെ വിക്രമിനെ പറ്റിച്ച ആ ഒരാഴ്ച ഞാന്‍ ആസ്വദിച്ചിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്.


Click it and Unblock the Notifications











