മുന്നറിയിപ്പും ഞാനും പനോരമയില്‍, ദുല്‍ഖര്‍ ത്രില്ലില്‍!
നാല്‍പ്പത്തിയഞ്ചാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് ഏഴ് മലയാള ചിത്രങ്ങളാണ് ഇത്തവണയുള്ളത്. മലയാള സിനിമാ പ്രേമികളെയെല്ലാം ഒരുപോലെ വാര്‍ത്ത സന്തോഷിപ്പിക്കുന്ന കാര്യമാണ്. ദുല്‍ഖറിനെ സംബന്ധിച്ച് അച്ഛന്റെയും തന്റെയും ചിത്രം ഒരേ സമയം പനോരമയിലെത്തിയത് ഇരട്ടി മധുരം നല്‍കുന്ന കാര്യമാണ്.
മമ്മൂട്ടിയുടെ 'മുന്നറിയിപ്പും' ദുല്‍ഖര്‍ സല്‍മാന്റെ 'ഞാനും' ഇത്തവണ പനോരമയിലുണ്ട്. രണ്ട് ചിത്രങ്ങളും തിരഞ്ഞെടുത്തു എന്ന വാര്‍ത്ത സന്തോഷം നല്‍കുന്നതാണെന്നും പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു എന്നുമാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മുന്നറിയിപ്പും ഞാനും കൂടാതെ 1983, ഞാന്‍ സ്റ്റീവ് ലോപ്പസ്, സ്വപാനം, ദൃശ്യം, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളും പട്ടികയിലുണ്ട്. വേണു ഒരുക്കിയ മുന്നറിയിപ്പ് എന്ന ചിത്രം ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി എന്ന നടന്റെ മികച്ച തിരിച്ചുവരവിന് അവസരമൊരുക്കിയതാണ്.
ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്നതാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍. സിനിമയുടെ അവതരണരീതി ഏറെ പ്രശംസയ്ക്ക് വഴിയൊരുക്കിയിരുന്നു.
എ കെ ബിര്‍ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. മൊത്തം 26 ചിത്രങ്ങളുടേതാണ് ഇന്ത്യന്‍ പനോരമ. 42 മലയാളം ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയ്ക്കു വന്നത്. മലയാളത്തില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ ചിത്രങ്ങളെത്തിയത്. ഗോവയില്‍ നവംബര്‍ 20 മുതല്‍ 30 വരെ മേള നടക്കും.


Click it and Unblock the Notifications