ദുല്‍ഖറും കല്യാണിയും ഒരുമിച്ചെത്തുന്ന സിനിമയ്ക്ക് പേരിട്ടു! സസ്പെന്‍സ് പുറത്തുവിട്ട് താരപുത്രന്‍!
ഒരുപേരിലെന്തിരിക്കുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. സിനിമകളുടെ കാര്യത്തിലാണെങ്കില്‍ പ്രത്യേകിച്ച് പറയണ്ട കാര്യമില്ല.സത്യന്‍ അന്തിക്കാടിന് പിന്നാലെയായി മകനും സിനിമയില്‍ അരങ്ങേറുകയാണെന്ന വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ എല്ലാവരും ചോദിച്ചത് ചിത്രത്തിന്റെ പേരിനെക്കുറിച്ചായിരുന്നു. വ്യത്യസ്തമായ പേരുകളിലുള്ള ചിത്രങ്ങളുമായാണ് സത്യന്‍ അന്തിക്കാട് എപ്പോഴും എത്താറുള്ളത്. ആ പതിവ് മകനും ആവര്‍ത്തിക്കുകയാണ്. വേ ഫെയറര്‍ ഫിംലിസും എം സ്റ്റാര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് പുറത്തുവിട്ടത്. അനൂപ് സത്യനാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിട്ടുള്ളത്.
നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഈ ചിത്രത്തിലൂടെ ഒരുമിക്കുകയാണ്. ഗംഗയും നകുലേട്ടനും ഒരുമിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഈ ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ അരങ്ങേറുകയാണ്. താരപുത്രന്‍മാരുടേയും താരപുത്രിയുടേയും സംഗമത്തിന് കൂടിയാണ് വരനെ ആവശ്യമുണ്ട് സാക്ഷ്യം വഹിക്കുന്നത്. രണ്ട് തലമുറകളുടെ സംഗമം എങ്ങനെയായിരിക്കുമെന്നറിയാനായും പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

അഭിനേതാവിനും അപ്പുറത്ത് നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ചുവടുവെപ്പാണ് ഇതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മറിയത്തിന്‍രെ കൈപിടിച്ച നടക്കുന്ന തന്നെയാണ് വേ ഫെയറര്‍ ഫിലിംസിന്‍രെ ലോഗോയില്‍ കാണാനാവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ചിത്രമുള്ള ഒരു ക്ലാസിഫൈഡ് പേജുമായാണ് താരപുത്രനെത്തിയിട്ടുള്ളത്. വ്യത്യസ്തമായ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മേജർ രവി, ലാലു അലക്സ്, ജോണി ആൻ്റണി, വാഫാ ഖദീജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.


Click it and Unblock the Notifications











