ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും അതിഥി വേഷത്തില്‍! ഇത്തവണത്തെ വരവ് ഗ്രിഗറി ജേക്കബിനൊപ്പം!
യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം വരവറിയിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ തരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. സോയ ഫാകടറാണ് അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. അരങ്ങേറ്റ ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ സിനിമയായ കുറുപ്പിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലെ ഇടവേളയിലാണ് അദ്ദേഹം സോയ ഫാക്ടറിന്റെ പ്രമോഷനായി പോയത്. അടുത്തിടെയായിരുന്നു അദ്ദേഹം നിര്‍മ്മിക്കുന്ന സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്.
അടുത്ത സുഹൃത്തായ ഗ്രിഗറി ജേക്കബാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ലെന്നും അശോകന്റെ ആദ്യരാത്രി എന്ന പേരാണ് ഇപ്പോള്‍ പരിഗണനയിലുള്ളതെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഈ സിനിമയില്‍ താനും അതിഥിയായി എത്തുന്നുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരപുത്രന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലും അതിഥിയായാണ് ദുല്‍ഖര്‍ എത്തിയത്. ഗ്രിഗറി ജേക്കബും ദുല്‍ഖറും അടുത്ത സുഹൃത്തുക്കളാണ്. മറിയത്തിന് ഏറെ പ്രിയപ്പെട്ട അങ്കിളാണ് ഗ്രിഗറിയെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.

ഷംസു സയ്ബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിത്താര, നിഖില വിമല്‍, അനുപമ പരമേശ്വരന്‍ തുടങ്ങിയവരാണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തില്‍ സഹസംവിധായികയായും അനുപമ പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍നിര താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അരങ്ങേറുന്നുണ്ട്. ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമായ കുറുപ്പ് നിര്‍മ്മിക്കുന്നതും ദുല്‍ഖറാണ്. ഇത് കൂടാതെ അനൂപ് സത്യന്റെ സിനിമയുടെ നിര്‍മ്മാണലും ദുല്‍ഖറാണ്.


Click it and Unblock the Notifications











