മറിയത്തിനായി ചിത്രം വരച്ച് ദുല്‍ഖര്‍ സല്‍മാന്‍! മിസ്റ്റര്‍ ആര്‍ട്ടിസ്റ്റിന് കൈയ്യടിച്ച് ചാക്കോച്ചന്‍
ലോക്ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ആരാധകരുടെ കുഞ്ഞിക്ക എത്തിയിരുന്നു. ദുല്‍ഖറിന്റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. അതേസമയം ദുല്‍ഖര്‍ സല്‍മാന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകള്‍ മറിയത്തിനൊപ്പം കൂടി താന്‍ വരച്ച ഒരു ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്.

ഒരു ബൈക്കിന്റെ ചിത്രമാണ് ദുല്‍ഖര്‍ വരച്ചിരിക്കുന്നത്. മകള്‍ കാരണം ഹൈസ്‌ക്കൂളിന് ശേഷം ആദ്യമായി പെയിന്റിങ്ങ് ബ്രഷ് കൈയ്യിലെടുത്തു എന്ന് ദുല്‍ഖര്‍ പറയുന്നു. അതൊരു കാറോ ബൈക്കോ ആയി മാറുക സ്വാഭാവികമാണെന്നും ദുല്‍ഖര്‍ കുറിച്ചു. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന്റെ ഏഴാം വാര്‍ഷികത്തിനുളള പെര്‍ഫെക്ട് ഓര്‍മ്മ പുതുക്കലുമാണ് ഇതെന്നും ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ദുല്‍ഖറിന്റെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി ആരാധകരും സഹതാരങ്ങളും എത്തിയിരുന്നു. നല്ല ശ്രമമാണ് ആര്‍ട്ടിസ്‌റ്റേ എന്നാണ് കുഞ്ചാക്കോ ബോബന്‍ കമന്റ് ചെയ്തിരിക്കുന്നത്. രാജകുമാരിയ്ക്ക് വേണ്ടി എന്തും എന്നും ചാക്കോച്ചന്‍ കമന്റില്‍ പറയുന്നു. കുഞ്ചാക്കോ ബോബന് പുറമെ വിക്രം പ്രഭു, അനുമോള്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരങ്ങളും ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. ലോക് ഡൗണ്‍ കാലം മറിയത്തിനൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം മുന്‍പ് ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു.
കുറെനാളുകള്‍ക്ക് ശേഷം ഇപ്പോഴാണ് വീട്ടില്‍ ഇത്രയും ദിവസങ്ങള്‍ നില്‍ക്കുന്നതെന്നും എല്ലാവരും ഒരുമിച്ച് വീട്ടിലുണ്ടാകുന്നത് സന്തോഷം തരുന്ന കാര്യമാണെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു ദുല്‍ഖര്‍ പിറന്നാള്‍ ആഘോഷിച്ചിരുന്നത്. അന്ന് സിനിമാ ലോകവും ആരാധകരും ഒന്നടങ്കം പ്രിയപ്പെട്ട താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. ദുല്‍ഖറിന്റെ ജന്മദിനത്തില്‍ പുതിയ സിനിമകളുടെ പാട്ടും ടീസറുമെല്ലാം പുറത്തിറങ്ങിയിരുന്നു.
ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ ടീം വീണ്ടുമൊന്നിച്ച കുറുപ്പിന്റെ ടീസറായിരുന്നു അന്ന് പുറത്തിറങ്ങിയത്. ദുല്‍ഖര്‍ ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. കൂടാതെ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ ഒരു പാട്ടും നടന്റെ ജന്മദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ദുല്‍ഖറും ജേക്കബ് ഗ്രിഗറിയും ചേര്‍ന്നായിരുന്നു ഈ പാട്ട് പാടിയത്.


Click it and Unblock the Notifications