വാപ്പച്ചിയും കുഞ്ഞുമറിയവുമല്ല അത്! ലോഗോയ്ക്ക് പിന്നിലുള്ള രഹസ്യം പരസ്യമാക്കി ദുല്‍ഖര്‍ സല്‍മാന്‍!
മമ്മൂട്ടിക്ക് പിന്നാലെയായാണ് ദുല്‍ഖര്‍ സല്‍മാനും സിനിമയിലേക്ക് എത്തിയത്. പഠനം പൂര്‍ത്തിയാക്കി വിദേശത്ത് ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു താരപുത്രന്‍ സിനിമയിലേക്ക് എത്തിയത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തൂടെയായിരുന്നു താരത്തിന്റെ വരവ്. ശക്തമായ പിന്തുണയാണ്് നല്‍കിയതെങ്കിലും അത് പ്രകടമാക്കിയിരുന്നില്ല മമ്മൂട്ടി. സ്വന്തമായി മകന്‍ പേര് നേടട്ടെയെന്ന നിലപാടിലായിരുന്നു അദ്ദേഹം. വാപ്പച്ചിയുടെ നിലപാടിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ദുല്‍ഖര്‍ അത് പാലിക്കുകയായിരുന്നു. തുടക്കത്തില്‍ താരപുത്രനെന്ന പദവിയിലൂടെയായിരുന്നു ദുല്‍ഖറിനെ വിശേഷിപ്പിച്ചതെങ്കിലും അതില്‍ നിന്നും മാറി സ്വന്തമായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും ദുല്‍ഖര്‍ തിളങ്ങിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. വ്യത്യസ്തമാര്‍ന്ന ചിത്രവുമായാണ് ഓരോ തവണയും ഈ താരമെത്താറുള്ളത്. അഭിനേതാവിനും അപ്പുറത്ത് ഗായകനായും ദുല്‍ഖര്‍ മികവ് തെളിയിച്ചിരുന്നു. താരപുത്രന്‍മാരില്‍ പലരും സംവിധായകരായി അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടയില്‍ അതേക്കുറിച്ച് ഈ താരത്തോടും ചോദിച്ചിരുന്നുവെങ്കിലും കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങുന്ന കാര്യത്തെക്കുറിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

അഭിനയത്തിനും ആലാപനത്തിനും പിന്നാലെയായി നിര്‍മ്മാണത്തിലേക്ക് കടക്കുകയാണ് താനെന്ന് നേരത്തെ തന്നെ ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. സ്വന്തമായി നിര്‍മ്മാണക്കമ്പനിയെന്ന ലക്ഷ്യം സഫലീകരിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വേഫെയറര്‍ ഫിലിംസ് എന്ന പേരാണ് കമ്പനിക്കായി നല്‍കിയിട്ടുള്ളത്. നാളുകളായുള്ള സ്വപ്‌നം പൂവണിഞ്ഞിരിക്കുകയാണ് ഇപ്പോഴെന്ന് പറഞ്ഞാണ് താരപുത്രന്‍ എത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

നിര്‍മ്മാണക്കമ്പനിയുടെ ലോഗോയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. അച്ഛന്റെ കൈപിടിച്ച് നടക്കുന്ന ഒരു കുട്ടിയെയാണ് ലോഗോയില്‍ കാണുന്നത്. ഇത് മമ്മൂട്ടിയും ദുല്‍ഖറുമാണെന്ന തരത്തിലുള്ള കമന്റുകളായിരുന്നു ആദ്യം പുറത്തുവന്നത്. എന്നാല്‍ പിന്നീട് ദുല്‍ഖര്‍ തന്നെയാണ് ഇതാരാണ് എന്നതിനെക്കുറിച്ചും എങ്ങനെയാണ് ഇങ്ങനെയൊരു ഡിസൈനിലേക്ക് എത്തിച്ചേര്‍ന്നതിനെക്കുറിച്ചും താരപുത്രന്‍ വ്യക്തമാക്കിയിരുന്നു.

വാപ്പച്ചിയും താനുമല്ല അതെന്നും മറിയത്തിനൊപ്പമുള്ള തന്‍രെ ചിത്രമാണ് അതെന്നുമായിരുന്നു ദുല്‍ഖര്‍ കുറിച്ചത്. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയായാണ് മകളാണ് ഇതെന്ന കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഗോട്ട് മേരി ഇന്‍ ദി ലോഗോ എന്ന ഹാഷ്ടാഗും അദ്ദേഹം ചേര്‍ത്തിരുന്നു. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ദുല്‍ഖര്‍ വിവാഹിതനായിരുന്നു. മകള്‍ വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വാചാലനായും താരപുത്രന്‍ എത്തിയിരുന്നു.

വേഫെയറര്‍ എന്നാല്‍ പര്യവേഷകനാണെന്നും നിര്‍മ്മിക്കുന്ന താന്‍ ഭാഗമാവുന്ന ചിത്രത്തിലൂടെ അതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. തന്‍രെ സിനിമകള്‍ മാത്രമല്ല തനിക്ക് പിന്തുണയ്ക്കണമെന്ന് തോന്നുന്ന ചിത്രങ്ങളുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 3 സിനിമകളുടെ നിര്‍മ്മാണമാണ് നിലവില്‍ ഈ കമ്പനി ഏറ്റെടുത്തിട്ടുള്ളത്. ഷംസു സൈബയുടെ സിനിമ, കുറുപ്പ്, അനൂപ് സത്യന്‍രെ സിനിമ ഈ മൂന്ന് ചിത്രങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്നത്.

സിനിമയിലെത്തി അധികം വൈകുന്നതിനിടയിലാണ് പൃഥ്വിരാജ് തന്റെ മോഹങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. ഭാവിയില്‍ സംവിധായകനായി എത്തുന്നതിനെക്കുറിച്ചും നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിനെക്കുറിച്ചുമൊക്കെ താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്വപ്‌നമെല്ലാം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കിയിരുന്നു. പൃഥ്വിരാജിന് പിന്നാലെയായാണ് ദുല്‍ഖര്‍ സല്‍മാനും സ്വന്തമായി നിര്‍മ്മാണക്കമ്പനിയുമായെത്തിയത്.

ഭാവിയില്‍ സിനിമ സംവിധാനം ചെയ്യാനായി ദുല്‍ഖര്‍ സല്‍മാനും എത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. പൃഥ്വിരാജ് സംവിധായകനായി എത്തിയതോടെയാണ് കൂടുതല്‍ താരങ്ങളോട് ഇതുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ച് ചോദിച്ചത്. സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്ന് ദുല്‍ഖറും വ്യക്തമാക്കിയിരുന്നു. എന്നാണ് ആ മോഹം സാക്ഷാത്ക്കരിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.


Click it and Unblock the Notifications