തെലുങ്കില്‍ ചരിത്ര നേട്ടവുമായി ദുല്‍ഖര്‍ സല്‍മാന്‍! ആഘോഷമാക്കി ആരാധകര്‍
ദുല്‍ഖര്‍ സല്‍മാന്റെതായി ഈ വര്‍ഷമാദ്യം തിയ്യേറ്ററുകളില്‍ തരംഗമായ ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. ഒകെ കണ്‍മണി എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ ദുല്‍ഖര്‍ തമിഴില്‍ അഭിനയിച്ച ചിത്രം കൂടിയായിരുന്നു കണ്ണും കണ്ണൂം കൊളളയടിത്താല്‍.

നവാഗതനായ ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം റിതു വര്‍മ്മ, രക്ഷന്‍, നിരഞ്ജിനി തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ദുല്‍ഖര്‍ ചിത്രത്തിന് ലഭിച്ചത്. തിയ്യേറ്ററര്‍ റിലീസിന് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമിലും സിനിമ എത്തിയിരുന്നു.
തെലുങ്കില്‍ കണ്ണുലു കണ്ണുലു ദൊച്ചയന്തേ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങിയിരുന്നത്. ദുല്‍ഖര്‍ ചിത്രത്തിന്റെ തെലുങ്ക് ടിവി പ്രീമിയര്‍ അടുത്തിടെയായിരുന്നു നടന്നത്. മാ ടിവിയിലായിരുന്നു സിനിമ സംപ്രേക്ഷണം ചെയ്തിരുന്നത്. ടെലിവിഷനിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചത്. തെലുങ്കിലെ ടിആര്‍പി റേറ്റിങ്ങില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ചിത്രം
7.1 ആണ് ദുല്‍ഖര്‍ ചിത്രത്തിന്റെ ടിആര്‍പി റേറ്റിംഗ്. തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ എറ്റവും ഉയര്‍ന്ന റേറ്റിംങ്ങ് ആണിത്. ദുല്‍ഖര്‍ സല്‍മാന്റെ 25ാമത് ചിത്രമായിട്ടാണ് കണ്ണും കണ്ണും കൊളളയടിത്താല്‍ പുറത്തിറങ്ങിയിരുന്നത്. സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണലായിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിട്ടത്. ദുല്‍ഖറിനൊപ്പം സംവിധായകന്‍ ഗൗതം വാസുദേവ മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ഡല്‍ഹി, ഗോവ, ചെന്നൈ തുടങ്ങിയവിടങ്ങളില്‍ ചിത്രീകരിച്ചിരുന്ന സിനിമയായിരുന്നു കണ്ണും കണ്ണും കൊളളയടിത്താല്‍. ആന്റോ ജോസഫും വിയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചത്. കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാന്‍ഡായ മസാല കോഫിയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരുന്നത്. ഈ വര്‍ഷമാദ്യം ഫെബ്രുവരി 28നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.


Click it and Unblock the Notifications