ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥ ഒരുങ്ങുന്നു! ചിത്രത്തില്‍ താരത്തിനൊപ്പം അരുണ്‍ കുര്യനും!!
ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന പുതിയ മലയാള ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജുമാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹാസ്യത്തിനും ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമയാണ് യമണ്ടന്‍ പ്രേമകഥയെന്നാണ് അറിയുന്നത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിനൊപ്പം ആനന്ദം ഫെയിം അരുണ്‍ കൂര്യനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം സലീംകുമാര്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,രമേഷ് പിഷാരടി,വിഷ്ണു ഉണ്ണികൃഷ്ണന്‍,ബിബിന്‍ ജോര്‍ജ്ജ്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സുജിത്ത് വാസുദേവാണ് ചിത്രത്തിന് വേണ്ടി ചായാഗ്രഹണം ഒരുക്കുന്നത്. ചിത്രീകരണം ആരംഭിച്ച സിനിമ ക്രിസ്തുമസ് റിലീസായിട്ടാകും തിയ്യേറ്ററില്‍ എത്തുക. ഒരിടവേളയ്ക്കു ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് യമണ്ടന്‍ പ്രേമകഥ. അന്യാഭാഷാ സിനിമകളില്‍ സജീവമായിരുന്ന ദുല്‍ഖര്‍ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായിരുന്നു അഭിനയിച്ചിരുന്നത്. തെലുങ്കില്‍ ഒരു ചിത്രം ചെയ്ത ദുല്‍ഖറിന്റെതായി രണ്ടു സിനിമകളാണ് തമിഴില് പുറത്തിറങ്ങാനിരിക്കുന്നത്. കണ്ണും കണ്ണും കൊളളയടിത്താല്‍,വാന്‍ എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.


Click it and Unblock the Notifications