ദുല്‍ഖര്‍ സല്‍മാന്‍റെ ബൈക്കില്‍ കല്യാണി! അങ്ങനെ ഞാനും നിര്‍മ്മാതാവായി! സന്തോഷം പങ്കുവെച്ച് താരം!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വരനെ ആവശ്യമുണ്ട്. രണ്ട് തലമുറയുടെ സംഗമത്തിന് കൂടിയാണ് ഈ സിനിമ സാക്ഷ്യം വഹിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകനും മമ്മൂട്ടിയുടെ മകനും പ്രിയദര്‍ശന്റെ മകളും മാത്രമല്ല സുരേഷ് ഗോപി, ശോഭന, ഉര്‍വശി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിനിന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ദുല്‍ഖര്‍ എത്തിയത്.
മമ്മൂട്ടിക്ക് പിന്നാലെയായെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവായും എത്തുകയാണ് ഈ ചിത്രത്തിലൂടെ. അദ്ദേഹത്തിന്റെ നിര്‍മ്മാണക്കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരിക്കുകയാണ് സിനിമ. അതിനിടയിലായിരുന്നു ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. ദുല്‍ഖര്‍ തന്നെയായിരുന്നു ഫേസ്ബുക്കിലൂടെ പേര് പ്രഖ്യാപിച്ചത്. കല്യാണിക്കൊപ്പമുള്ള പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് താരമെത്തിയത്. നിര്‍മ്മാതാവായെത്തുന്നതിന്റെ സന്തോഷത്തെക്കുറിച്ചും താരപുത്രന്‍ കുറിച്ചിട്ടുണ്ട്.

ദുല്‍ഖറും കല്യാണിയും
താരപുത്രന്‍മാരുടേയും താരപുത്രിയുടേയും സമാഗമത്തിന് കൂടിയാണ് ഈ സിനിമ അവസരമൊരുക്കിയത്. ദുല്‍ഖര്‍ സല്‍മാനെ നേരത്തെ കണ്ടിരുന്നുവെങ്കിലും സൗഹൃദത്തിലായത് ഈ സിനിമയുടെ സെറ്റില്‍ വെച്ചാണെന്ന് കല്യാണി പറഞ്ഞിരുന്നു. പൂജയ്്‌ക്കെത്തിയപ്പോഴായിരുന്നു അത്. ഒടുവില്‍ നമ്മള്‍ കണ്ടുമുട്ടി അല്ലേയെന്നായിരുന്നു ദുല്‍ഖര്‍ തന്നോട് ചോദിച്ചതെന്നും കല്യാണി പറഞ്ഞിരുന്നു. ഇവര്‍ക്കൊപ്പമുള്ള അനുഭവം രസകരമായിരുന്നുവെന്നാണ് സംവിധായകനും പറഞ്ഞത്.

ഞാനൊരു നിര്‍മ്മാതാവായി
കല്യാണിക്കൊപ്പം ബൈക്കിലിരിക്കുന്നതിന്റെ പോസ്റ്ററുമായാണ് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ എത്തിയത്. ഐആം എ പ്രൊഡ്യൂസര്‍ എന്ന ഹാഷ് ടാഗോടെയായിരുന്നു അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഹാഷ് ടാഗിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചും ആരാധകര്‍ എത്തിയിരുന്നു. രസകരമായ കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യ സിനിമയാണിത്. കുറുപ്പ്, മണിയറയിലെ അശോകന്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതും ദുല്‍ഖറാണ്.

കല്യാണിയുടെ ആദ്യ മലയാള സിനിമ
മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തിലൂടെയാണ് കല്യാണി പ്രിയദര്‍ശന്‍ മലയാളത്തിലേക്ക് എത്തിയത്. മാര്‍ച്ചിലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. അച്ഛന്റെ സിനിമയ്ക്ക് മുന്‍പ് തന്നെ ഈ സിനിമ തിയേറ്ററുകളിലേക്കെത്തും. ഇതാദ്യമായാണ് കല്യാണി ഒരു മലയാള സിനിമയില്‍ മുഴുനീള വേഷത്തില്‍ എത്തുന്നത്. കഥ ഇഷ്ടമായതോടെയാണ് താന്‍ യെസ് പറഞ്ഞതെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു.
Recommended Video

ശോഭനയും സുരേഷ് ഗോപിയും
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ശോഭനയും സുരേഷ് ഗോപിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലാണ്. ഗംഗയും നകുലനും വീണ്ടും ഒരുമിക്കുന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. സെറ്റിലേക്കെത്തിയതിന് ശേഷമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. വേറിട്ട ലുക്കിലാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പെബ്രുവരിയില്‍ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.


Click it and Unblock the Notifications