»   » വീണ്ടുമൊരു 'മമ്മൂട്ടിയും മോഹന്‍ലാലും'

വീണ്ടുമൊരു 'മമ്മൂട്ടിയും മോഹന്‍ലാലും'

Posted By:
Subscribe to Filmibeat Malayalam
Dulquer Salman
മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ ഒരു ചിത്രം സംവിധാനം ചെയ്യുമ്പോള്‍ നായകന്‍ ആരായിരിക്കും? ഉത്തരം പ്രതീക്ഷിക്കാത്തതായിരിക്കും. മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ നായകനാക്കിയാരിക്കും ചിത്രം സംവിധാനംചെയ്യുകയെന്ന് ദുല്‍ക്കര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ക്കര്‍ സംവിധാന മോഹം വ്യക്തമാക്കിയത്. നല്ല ചിത്രങ്ങളില്‍ അഭിനയിച്ച, നല്ല ചിത്രങ്ങള്‍ നിര്‍മിച്ച് മലയാളത്തില്‍ സജീവമാകുകയാണ് തന്റെ ഉദ്ദ്യേശമെന്ന് ദുല്‍ക്കര്‍ വ്യക്തമാക്കി കഴിഞ്ഞു. താരപുത്രന്‍മാരായ പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊക്കെ ഭീഷണിയായി ഇനി ഇവിടെതന്നെയുണ്ടാകുമെന്ന് ചുരുക്കം.

ദുല്‍ക്കറിന്റെ സംവിധാന മോഹത്തെക്കാള്‍ അതില്‍ പ്രണവിനെ നായകനാക്കുമെന്ന അഭിപ്രായമാണ് ശ്രദ്ധേയം. പ്രണവുകൂടി അഭിനയരംഗത്തേക്കെത്തിയാല്‍ മലയാളത്തില്‍ താരപുത്രന്‍മാരുടെ പോരാട്ടം സജീവമാകും. എല്ലാവരും സ്വന്തം നില ഭദ്രമാക്കാന്‍ ശ്രമിക്കുമ്പോള്‍ ദുല്‍ക്കര്‍ അതിനല്ല മുന്‍തൂക്കം നല്‍കുന്നതെന്നതാണ് ശ്രദ്ധേയം.

മലയാളത്തില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സിനിമയ്ക്കു പുറത്ത് ഇവര്‍ നല്ല സുഹൃത്തുക്കളാണെങ്കിലും ബോക്‌സ് ഓഫിസില്‍ മമ്മൂട്ടി- മോഹന്‍ലാല്‍ സിനിമകള്‍ മല്‍സരിക്കാനെത്തുമ്പോള്‍ പൊതുതിരഞ്ഞെടുപ്പിനേക്കാള്‍ ആവേശമായിരുന്നു മലയാളികള്‍ക്ക്. ആരുടെ ചിത്രമാണ് സൂപ്പര്‍ഹിറ്റാകുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രണ്ടുപേരുടെയും ചിത്രം വിജയിപ്പിക്കാന്‍ ഫാന്‍സ് അസോസിയേഷനുകള്‍ സജീവമായി രംഗത്തെത്തുകയും ചെയ്യും.

മമ്മൂട്ടിക്കും മോഹന്‍ലാലിനും സ്വന്തമായും സുഹൃത്തുക്കള്‍ക്കൊപ്പവും സിനിമാ നിര്‍മാണ, വിതരണ കമ്പനികളുണ്ട്. ഇവര്‍ നിര്‍മിച്ച ചിത്രങ്ങളിലെല്ലാം ഇവര്‍ തന്നെയായിരുന്നു നായകര്‍. കാസിനോ ഫിലിംസ് എന്ന പേരില്‍ രണ്ടുപേരും സുഹൃത്തുക്കളും ചേര്‍ന്ന് മുന്‍പൊരു നിര്‍മാണ വിതരണ കമ്പനി തുടങ്ങിയിരുന്നെങ്കിലും അതിന് ആയുസുകുറവായിരുന്നു. പിന്നീട് മോഹന്‍ലാല്‍ പ്രണവ് ആര്‍ട്‌സ് എന്ന പേരില്‍ നിര്‍മാണ കമ്പനി തുടങ്ങി. ഹിസ് ഹൈനസ് അബ്ദുല്ല, ഭരതം, കമലദളം, മിഥുനം, കാലാപാനി എന്നീ ചിത്രങ്ങളെല്ലാം നിര്‍മിച്ചത് പ്രണവ് ആര്‍ട്‌സ് ആയിരുന്നു. എന്നാല്‍ ചില ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ പ്രണവ് കമ്പനിക്കു തല്‍ക്കാലം താഴിട്ടു.

പിന്നീടാണ് സന്തത സഹചാരി ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് ഫിലിം ഇന്റര്‍നാഷനല്‍ എന്ന നിര്‍മാണ-വിതരണ കമ്പനി തുടങ്ങുന്നത്. ഇതില്‍ നിര്‍മിച്ച ചിത്രങ്ങളിലെല്ലാം മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്‍. ലാലിനെ നായകനാക്കാന്‍ വേണ്ടിയുള്ള നിര്‍മാണ കമ്പനിയാണ് ആശിര്‍വാദ് എന്നര്‍ഥം. ലാലും മമ്മൂട്ടിയും ചേര്‍ന്നുള്ള ഹരികൃഷ്ണന്‍സ് നിര്‍മിച്ചതും ആശിര്‍വാദ് ആയിരുന്നു. നിര്‍മിച്ചതില്‍ ഭൂരിഭാഗവും ഹിറ്റാക്കാനും ആശിര്‍വാദിനു സാധിച്ചു. ഇപ്പോള്‍ തിയറ്ററില്‍ നിറഞ്ഞോടുന്ന സ്പിരിറ്റും ആന്റണിയാണ് നിര്‍മിച്ചത്.

പ്ലേ ഹൗസ് എന്നാണ് മമ്മൂട്ടി സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് രൂപീകരിച്ച നിര്‍മാണ വിതരണ കമ്പനി. ചിത്രം വിതരണത്തിനെടുത്താണ് പ്‌ളേ ഹൗസ് ഹരിശ്രീ കുറിച്ചത്. ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന ജവാന്‍ ഓഫ് വെള്ളിമല നിര്‍മിക്കുന്നതും പ്ലേഹൗസ് തന്നെ. രണ്ടുപേരുടെയും കമ്പനി നിര്‍മിക്കുന്നത് സ്വന്തം ചിത്രങ്ങള്‍ മാത്രം. ഇങ്ങനെ സ്വന്തം ചിത്രങ്ങള്‍ നിര്‍മിച്ച് മല്‍സരിക്കുമ്പോഴാണ് ഒരാളുടെ മകനെ നായകനാക്കി മറ്റൊരാളുടെ മകന്‍ സംവിധാനമോഹം പ്രഖ്യാപിക്കുന്നത്.

ദുല്‍ക്കറിന്റെ ഓഫര്‍ പ്രണവ് സ്വീകരിക്കുകയാണെങ്കില്‍ അത് മലയാളത്തില്‍ നല്ലൊരു സൗഹൃദത്തിനു തുടക്കമാകും. കുറച്ചു ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ള പ്രണവ് തന്റെ സിനിമാ മോഹം ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. പൃഥ്വി, ഇന്ദ്രജിത്, ഫഹദ്, ദുല്‍ക്കര്‍, സിദ്ദാര്‍ഥ് എന്നിങ്ങനെ രണ്ടാംതലമുറ സജീവമായ സ്ഥിതിക്ക് പ്രണവ് കൂടിയെത്തിയാല്‍ പോരാട്ടം കനക്കുമെന്നകാര്യത്തില്‍ പറയേണ്ടതില്ലല്ലോ. പൃഥ്വിരാജിന് മലയാളം നല്‍കിയ സ്വീകാര്യതയാണ് ഇപ്പോള്‍ ദുല്‍ക്കറിനു ലഭിക്കുന്നത്. അതേ സ്വീകരണം പ്രണവിനും ലഭിക്കുമെന്നതില്‍ സംശയമൊന്നുമില്ല.

English summary
If mammootty's son Dulquer Salman direct a film, Who will be the hero? That may be Pranav Mohanlal? You believe?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam