മാക്ടയില്‍ ഇനി തെരഞ്ഞെടുപ്പ് അങ്കം
കൊച്ചി : മാക്ടാ ഫെഡറേഷന്റെ നിലവിലുളള അംഗങ്ങള്‍ രാജിവെച്ച് മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ഐഫക്ക്, ഫെഫ്സി നിര്‍ദ്ദേശം.
വിനയന്‍ ഉള്‍പ്പെടെയുളള അംഗങ്ങള്‍ ഉടന്‍ രാജിവെയ്ക്കണമെന്നും ഇരുവിഭാഗത്തു നിന്നും അഞ്ചു പേര്‍ വീതമടങ്ങുന്ന അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് നിര്‍ദ്ദേശം.
വിഘടിച്ചുപോയവര്‍ രൂപം നല്‍കുന്ന സംഘടനയ്ക്ക് അംഗീകാരം നല്‍കേണ്ടെന്നും ഇരു സംഘടനകളും തീരുമാനിച്ചു.
എന്നാല്‍ ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വിമത പക്ഷം നേതാവ് സിദ്ദിഖ് അറിയിച്ചു.
മാക്ടയില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ വിനയന്‍ പക്ഷം തന്നെ വീണ്ടും ഭരണത്തിലേറുമെന്ന് വിമതര്‍ക്ക് ഭയമുണ്ട്. ദിവസക്കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികള്‍ മുഴുവന്‍ വിനയനൊപ്പമാണ്. തൊഴിലാളികള്‍ക്ക് മാന്യമായ പ്രതിഫലമടക്കമുളള ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ നേടിയെടുത്തതു മുതലാണ് വിനയനെ അവര്‍ ദൈവതുല്യം കാണുന്നത്.
സിനിമാ മേഖലയില്‍ അടിസ്ഥാനവര്‍ഗം നേരിട്ട പ്രതിസന്ധിക്ക് കുറെയൊക്കെ പരിഹാരമുണ്ടാക്കിയത് വിനയനാണെന്ന് അഭിപ്രായമുളള വലിയൊരു വിഭാഗമുണ്ട്. താരസംഘടനയിലടക്കം ഈ അഭിപ്രായമുളളവരുണ്ടെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











