എമി അവാര്‍ഡ്‌സില്‍ പുരസ്‌കാരത്തിളക്കത്തില്‍ ഗെയിം ഓഫ് ത്രോണ്‍സ്,ചേര്‍ണോബിലിനും ഫ്‌ളീബാഗിനും നേട്ടം
71ാമത് എമി അവാര്‍ഡ്‌സില്‍ തിളങ്ങി ജനപ്രിയ വെബ് സീരിസുകളിലൊന്നായ ഗെയിം ഓഫ് ത്രോണ്‍സ്. ഇത്തവണ ബെസ്റ്റ് ഡ്രാമ വിഭാഗത്തിലാണ് ഗെയിം ഓഫ് ത്രോണ്‍സ് പുരസ്‌കാരം നേടിയിരിക്കുന്നത്. കൂടാതെ വെബ് സീരീസിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടനായി പീറ്റര്‍ ഡിങ്ക്‌ലേജും തിരഞ്ഞെടുക്കപ്പെട്ടു. ഔട്ട്‌സ്റ്റാന്‍ഡിംഗ് കോമഡി സീരിസായി ഫ്‌ളീബാഗിനെയാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്.

ഔട്ട്സ്റ്റാന്‍ഡിംഗ് ലിമിറ്റഡ് സീരിസായി ചെര്‍ണോബിലും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിവിഷന്‍ മൂവിക്കുളള പുരസ്‌കാരം ഇത്തവണ ബ്ലാക്ക് മിറര്‍, ബാന്‍ഡെര്‍സ്‌നാച്ച് തുടങ്ങിയ സീരീസുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഡ്രാമ സീരിസുകളില്‍ മികച്ച നടനായി ബില്ലി പോര്‍ട്ടറും മികച്ച നടിയായി ജോഡി കോമറും തിരഞ്ഞെടുക്കപ്പെട്ടു.
കോമഡി സീരീസ് വിഭാഗത്തില്‍ മികച്ച നടനായി ബില്‍ ഹെദറും മികച്ച നടിയായി ഫോബെ വോളെറുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ലിമിറ്റഡ് സീരീസുകളില്‍ മികച്ച നടനായി ജാരെല്‍ ജെറോമും മികച്ച നടിയായി മൈക്കലെ വില്യംസും തിരഞ്ഞെടുക്കപ്പെട്ടു. ലൊസാഞ്ചല്‍സിലെ മൈക്രോസോഫ്റ്റ് തിയ്യേറ്ററിലാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത്.
എമി അവാര്‍ഡ്‌സില്‍ ഇന്ത്യക്ക് ഇത്തവണ നാല് നോമിനേഷനുകളാണ് ഉണ്ടായിരുന്നത്. നെറ്റ്ഫ്ളിക്സില്‍ സംപ്രേക്ഷണം ചെയ്യാറുളള സാക്രേഡ് ഗെയിംസ് മികച്ച ഡ്രാമയ്ക്കുളള വിഭാഗത്തിലാണ് നോമിനേഷന്‍ നേടിയിരുന്നത്.ലസ്റ്റ് സ്റ്റോറീസിലെ പ്രകടനത്തിന് രാധിക അപ്തെ മികച്ച നടിക്കുളള വിഭാഗത്തിലും ബെസ്റ്റ് ടിവി മൂവി കാറ്റഗറിയില്‍ ലസ്റ്റ് സ്റ്റോറീസും, മികച്ച റിയാലിറ്റി ടിവി വിഭാഗത്തില്‍ ദി റിമിക്സും നോമിനേഷനുകള്‍ നേടിയിരുന്നു.


Click it and Unblock the Notifications











