തെലുങ്കിലും അനുമോള്‍ എസ്തര്‍ തന്നെ
മലയാളത്തിലെ ഹിറ്റ് ചരിത്രങ്ങള്‍ തിരുത്തിക്കുറിച്ച ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് തയ്യാറാകുന്നു. മലായളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ വെങ്കിടേഷാണ് അവതരിപ്പിക്കുന്നത്. ജോര്‍ജ്ജുകുട്ടിയുടെ ഇളയമകള്‍ അനുമോളായി കയ്യടിനേടിയ എസ്തര്‍ തന്നെയാണ് തെലുങ്കിലും അതേ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തെലുങ്കില്‍ നായികയായി എത്തുന്നത് മീന തന്നെയാണ്. മലയാളത്തില്‍ ആശ ശരത് ചെയ്ത പൊലീസ് വേഷം തെലുങ്കില്‍ നാദിയ മൊയ്തു അവതരിപ്പിയ്ക്കും. മുന്‍കാല നടിയും സംവിധായികയുമായ ശ്രീപ്രിയ ആണ് തെലുങ്ക് ദൃശ്യം സംവിധാനം ചെയ്യുന്നത്. നേരത്തേ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട 22 ഫീമെയില്‍ കോട്ടയമെന്ന ചിത്രം ശ്രീപ്രിയ മാലിനി 22 വിജയവാഡ എന്ന പേരില്‍ തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്തിരുന്നു.

വൈഡ് ആംഗിള്‍ ക്രിയേഷന്‍സും സുരേഷ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പ് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ഏറെ ചിത്രങ്ങളില്‍ ബാലതാരമായി എത്തിയിട്ടുള്ള എസ്തര്‍ ദൃശ്യത്തിലെ പ്രകടനത്തോടെ സൂപ്പര്‍ ബാലതാരമായി മാറിയിരിക്കുകയാണ്. പ്രായത്തെ കവച്ചുവെയ്ക്കുന്നത്രയും മികവേറിയ പ്രകടനമായിരുന്നു എസ്തര്‍ ദൃശ്യത്തില്‍ കാഴ്ചവച്ചത്. എസ്തറിന്റെ സഹോദരന്‍ എറിക്കും മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ബാലതാരമാണ് ഇപ്പോള്‍.
തെലുങ്ക് ദൃശ്യത്തിനൊപ്പം, ദൃശ്യത്തിന്റെ തമിഴ് റീമേക്കിന്റെ ജോലികളും പുരോഗമിക്കുകയാണ്. കമല്‍ ഹസ്സനാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് പതിപ്പില്‍ നായകനാകുന്നത്. ചിത്രത്തിന്റെ കന്നഡ റീമേക്കില്‍ രവിചന്ദ്രനാണ് നായകനാകുന്നത്.


Click it and Unblock the Notifications