മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് പാടിയ കള്ളുകുടിയന്‍! ജാസി ഗിഫ്റ്റിനെ പറ്റിയുള്ള ഗോസിപ്പിലെ സത്യമിത്
പാടി കൊണ്ടിരുന്ന വേദിയില്‍ നിന്നും ഗായകന്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്. ഒരു കോളേജില്‍ പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജാസി ഗിഫ്റ്റിന് ദുരനുഭവം നേരിടേണ്ടി വന്നത്. അതേ സ്ഥാനത്ത് ചിത്രയോ എംജി ശ്രീകുമാറോ പോലുള്ള ഗായകരാണെങ്കില്‍ ഇത് സംഭവിക്കുമായിരുന്നോ എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്.
ഇതിനിടെ ജാസി ഗിഫ്റ്റിനെ കുറിച്ച് പണ്ടുമുതലേ ഉയര്‍ന്ന് വരുന്ന ഗോസിപ്പുകളെ പറ്റി ഒരു എഴുത്ത് വൈറലാവുകയാണ്. മമ്മൂട്ടിയുടെ മകളുടെ വിവാഹത്തിന് പാടിയ കള്ളുകുടിയനാണ് പില്‍ക്കാലത്ത് വലിയൊരു പാട്ടുകാരനായ ജാസി ഗിഫ്റ്റ് എന്ന തരത്തിലായിരുന്നു കഥകള്‍ പ്രചരിച്ചത്. ശരിക്കും ഈ കഥയ്ക്ക് പിന്നിലെ കാര്യമെന്താണെന്നാണ് ജംഷീദ് പള്ളിപ്രം എന്നയാള്‍ എഴുതിയ കുറിപ്പിലൂടെ പറയുന്നത്.

'മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണ ദിവസം. രാത്രി നടന്മാരും സംവിധായകരും ഗായകരും അവിടെ ഒത്തുകൂടി. കല്യാണ വിവരം അറിഞ്ഞെത്തിയ ഒരു കുടിയന്‍ പന്തലില്‍ വലിഞ്ഞുകയറി. മദ്യപിച്ചു ലക്കുക്കെട്ട് അയാള്‍ ഒരു പാട്ടുപാടി. ലജ്ജാവതിയെ എന്ന പാട്ടാണത്. പാട്ടുകേട്ട് ആളുകള്‍ നിശബ്ദരായി. ഗാനം അവസാനിച്ചപ്പോള്‍ എല്ലാവരും കയ്യടിച്ചു. പന്തലില്‍ ഉണ്ടായിരുന്ന ഒരു സംവിധാകന്റെ അടുത്ത സിനിമയില്‍ ആ ഗാനം പാടാന്‍ കുടിയന് അവസരം കിട്ടി. അയാളുടെ പേരാണ് ജാസി ഗിഫ്റ്റ്.
ഈ ഒരു ഗോസിപ്പിന് ഇരുപത് വര്‍ഷത്തോളം പഴക്കമുണ്ട്. സ്‌കൂള്‍ കാലത്ത് കേട്ടുവന്ന ഈ കഥയില്‍ മമ്മൂട്ടിയുടെ മകളുടെ കല്യാണവും അവിടെ വെച്ച് ജാസി ഗിഫ്റ്റിന്റെ ഗാനം കേട്ടതുമെല്ലാം ശരിയാണ്. പക്ഷെ യഥാര്‍ത്ഥ കഥ അങ്ങനെയല്ല.
ജാസി ഗിഫ്റ്റ് സംഗീത സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയായിരുന്നു ഫോര്‍ ദി പീപ്പിള്‍. ലജ്ജാവതിയ എന്ന ഗാനം ട്യൂണ്‍ ചെയ്തപ്പോള്‍ അദ്‌നാന്‍ സാമിയെ കൊണ്ട് പാടിക്കാനായിരുന്നു ഉദ്ദേശം. അതു നടന്നില്ല. ഒടുവില്‍ ജാസി ഗിഫ്റ്റ് തന്നെ പാടി.
റെക്കോര്‍ഡിങ്ങും നിര്‍മ്മാണവും പൂര്‍ത്തിയാക്കി ഫോര്‍ ദി പീപിള്‍ സിനിമ റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഗാനങ്ങളുടെ ഓഡിയോ കാസറ്റും റിലീസ് ചെയ്തിട്ടില്ല. സിനിമ വിശേഷങ്ങളുമായെത്തിയ ഒരു ചാനലില്‍ ഈ ഗാനം പ്ലേ ചെയ്തു. ഗാനം റിലീസ് ചെയ്ത രണ്ടാമത്തെ ദിവസമാണ് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണം.
മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണ ദിവസം ഈ ഗാനം വേണമെന്ന് വീട്ടുകാര്‍ക്ക് ഒരു ആഗ്രഹം. ചിത്രത്തിന്റെ നിര്‍മ്മാതാവ് സാബുവിന് ഫോണ്‍ വന്നു. മൈലാഞ്ചി കല്യാണത്തിന് ആ പാട്ട് പ്ലേ ചെയ്തു. ആളുകള്‍ നൃത്തംവെച്ചു. കേരളത്തിലെ ആദ്യത്തെ വൈറല്‍ സംഭവം ഒരുപക്ഷെ ലജ്ജാവതിയെ എന്ന പാട്ടായിരിക്കും. ആ തരംഗം നേരിട്ട് കണ്ട് അനുഭവിച്ചവര്‍ ഇവിടെയുണ്ടാവും.
പാട്ട് ഇറങ്ങിയ ശേഷം നിയന്ത്രിക്കാന്‍ സാധിക്കാത്തത്രയും ജനങ്ങള്‍ ജാസി ഗിഫ്റ്റിനെ കാണാന്‍ കൂടിയിരുന്നു. ആരാധകരുടെ തിക്കും തിരക്കും കാരണം പലയിടങ്ങളിലും സ്‌മോക്കിട്ട് ഡ്യൂപിനെ മുന്നില്‍ നടത്തിയും മറ്റൊരു വഴിയിലൂടെ ജാസി ഗിഫിറ്റിനെ നടത്തിച്ചുമാണ് സംഘാടകര്‍ അയാളെ സ്റ്റേജിലെത്തിച്ചത്. അങ്ങനെ തരംഗം ആയത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടു വന്ന കഥകളിലൊന്നാണ് തുടക്കം പറഞ്ഞ ഗോസിപ്പ്.
വംശീയബോധം ആവശ്യത്തിലധികമുള്ള മലയാളികള്‍ക്ക് കഥ വിശ്വസിക്കാന്‍ പാകത്തിലുള്ള ശരീരവും നിറവും ശബ്ദവുമായിരുന്നു ജാസി ഗിഫ്റ്റിന്റേത്. ആ വംശീയബോധമുള്ള മലയാളികളിലൊന്നാണ് കഴിഞ്ഞ ദിവസം സ്റ്റേജില്‍ വെച്ച് മൈക്ക് തട്ടിപ്പറിച്ച പ്രധാന അധ്യാപിക. സംഭവം വാര്‍ത്തയായപ്പോള്‍ അധ്യാപികയെ പിന്തുണച്ചവര്‍. ഇവന്റെ പാട്ടാണ് ഏറ്റവും വലിയ ശിക്ഷ എന്ന് പരിഹസിച്ച് ചിരിക്കുന്നവര്‍.

ഒരു വേദിയില്‍ അതിഥിയായ വന്ന ഗായകന്‍ പാടികൊണ്ടിരിക്കെ ഒരാള്‍ യേശുദാസില്‍ നിന്നോ എംജി ശ്രീകുമാറില്‍ നിന്നോ ചിത്രയില്‍ നിന്നോ മൈക്ക് പിടിച്ചുവാങ്ങുമോ എന്ന ചോദ്യം പലരും ചോദിച്ചു കഴിഞ്ഞു. ഇല്ല എന്ന് തന്നെയാണ് ഉത്തരം. സവര്‍ണ്ണതയോട് എങ്ങനെ പെരുമാറണമെന്നും അവര്‍ണ്ണതയോട് എങ്ങനെ പെരുമാറണമെന്നും വംശീയവാദികള്‍ക്ക് കൃത്യമായി അറിയാം. അവര്‍ ആ രീതിയിലെ പ്രവര്‍ത്തിക്കുകയുള്ളൂ.
മെല്ലഡിയും ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും തേങ്ങകുലയുമാണ് പവിത്രമായ ഗാനം എന്ന് കരുതിവെച്ചിരുന്ന ആളുകള്‍ക്കിടയില്‍ വെസ്റ്റേണ്‍ മ്യൂസിക്ക് മിക്‌സ് ചെയ്തു സംഗീതത്തെ നശിപ്പിച്ച താന്തോന്നി. പാട്ടുകളില്‍ മലയാളി തനിമയില്ലാതെ ഹിപ് ഹോപും റാപും പൊതുവിടങ്ങളിലേക്ക് എത്തിച്ച കുരുത്തംകെട്ടവന്‍. അയാളുടെ പാട്ട് ഇപ്പോഴും പലര്‍ക്കും ചെകിടത്തേറ്റ അടിയാണ്.
സാമ്പദ്രായികമായി ഇവിടെ നിലനിന്നിരുന്ന സവര്‍ണ്ണതയെ തച്ചുതകര്‍ത്താണ് ജാസി ഗിഫ്റ്റ് എന്ന ഗായകനും സംഗീത സംവിധായകനും കടന്നുവന്നത്. ഒരൊറ്റ സിനിമയിലൂടെ അയാള്‍ ഉണ്ടാക്കിയ ക്രൗഡിനെ മലയാള സിനിമ ഗാനങ്ങള്‍ക്ക് ഇന്നുവരെ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഇനിയും മനസ്സ് പാകപ്പെടാത്ത ആളുകള്‍ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നതിന് തെളിവാണ് ആ പ്രധാന അധ്യാപിക. ഡോ. ജാസി ഗിഫ്റ്റ്..' എന്നും പറഞ്ഞാണ് ജംഷീദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











