For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേം നസീറിന് ശേഷം ഏറ്റവും കൂടുതൽ കാമുകവേഷങ്ങൾ ചെയ്ത നടന്‍; മോഹൻലാലിനെക്കുറിച്ച് വൈറലാവുന്ന കുറിപ്പ്

  |

  പത്തൊമ്പൊതാം വയസ്സില്‍ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച മോഹന്‍ലാല്‍ ഇന്ന് മലയാള സിനിമയുടെ എല്ലാമെല്ലാമാണ്. മലയാളികള്‍ സ്വപ്‌നം കണ്ടു നടന്ന കാമുകനും, വില്ലനും,ഭര്‍ത്താവുമായി കഴിഞ്ഞ നാലു

  പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിന്റെ കാമുക കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ആര്‍ ജെ സലിം എന്ന വ്യക്തിയാണ് മോഹന്‍ലാലിന്റെ വ്യത്യസ്തങ്ങളായ കാമുക കഥാപാത്രങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്നത്.

  പ്രേം നസീറിന് ശേഷം ഇന്ന് വരെയുള്ള മലയാള സിനിമയിൽ ഏറ്റവും സൗമ്യനായ, ഫെമിനൈൻ ആയ, ഫ്ലെക്സിബിൾ ആയ, ഒട്ടുമേ ടോക്സിക് അല്ലാത്ത ഏറ്റവും കൂടുതൽ കാമുക വേഷങ്ങൾ ഉറപ്പായും മോഹൻലാലിന്റെതാണെന്നും

  കാമുക ഭാവത്തിനു ഇത്രയധികം വേരിയേഷൻസ് വേർഷൻസ്,ഇൻറ്റർപ്രെട്ടേഷൻസ് നൽകിയ ഒരാൾ മലയാള സിനിമയിലില്ലെന്നും കുറിപ്പില്‍ പറയുന്നത്‌.

  ഫേസ്ബുക്കിന്റെ പൂർണ്ണ രൂപം

  ഫേസ്ബുക്കിന്റെ പൂർണ്ണ രൂപം

  മലയാളത്തിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ വിവിധ തരത്തിൽ കാമുക ഭാവങ്ങളെ സ്‌ക്രീനിൽ നിർവചിച്ചത് മോഹൻലാലായിരിക്കും എന്ന് തോന്നുന്നു. തോന്നുന്നു അല്ല, ആണ്. സമകാലികനായ മമ്മൂട്ടി പൊതുവെ കാമുക ഭാവങ്ങളിൽ ഒരു പേരന്റൽ ആംഗിൾ മാത്രമാണ് കൊണ്ട് വന്നിരുന്നത്. മഴയത്തും മുൻപേ, കണ്ടുകൊണ്ടേൻ കണ്ടു കൊണ്ടേൻ പോലുള്ള സിനിമകൾ ശ്രദ്ധിച്ചാൽ അറിയാം. അതിനു പുറത്തു, അയഞ്ഞു ചെയ്ത പല വേഷങ്ങളും ഏറക്കുറെ ബോഡർ ലൈൻ കോമാളിത്തരം എന്ന് വിളിക്കാവുന്ന, ഇന്നൊരു രണ്ടാം കാഴ്ച സാധ്യമല്ലാത്ത അവതരണങ്ങളായിരുന്നു (വ്യക്തിപരം).

  നമുക്കറിയാം, മുഖ്യധാരാ മലയാള സിനിമയിൽ കഥാപാത്രത്തിന്റെ സൂക്ഷ്മമായ ഡീറ്റെയിലിങ്ങൊന്നും സ്ക്രിപ്റ്റിൽ ഉണ്ടാവാറില്ലെന്ന്. അവിടെയാണ് ഒരു നടന്റെ കഴിവിന്റെ പ്രാമുഖ്യം വരുന്നത്. ഒരു പരിധിക്കപ്പുറം ആ കഥാപാത്രത്തെ നിർവചിക്കേണ്ട ചുമതല എപ്പോഴും ആക്റ്ററുടേതാവുന്നു. അല്ലെങ്കിൽപ്പിന്നെ അടൂരിന്റെ സിനിമകളായിരിക്കണം. അപ്പോൾ നടന്റെ ഓരോ ശ്വാസം പോലും അടൂരിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലായിരിക്കും. അതുകൊണ്ടു തന്നെ മറ്റ് മലയാള സിനിമകളിൽ നടന് കഥാപാത്രത്തെ ഇന്റെർപ്രെറ്റ് ചെയ്യാൻ പിന്നെ റീ ഇന്റെർപ്രെറ്റ് ചെയ്യാൻ വളരെയധികം സ്കോപ്പുണ്ട്. ഈ ഭാഗമാണ് ഒരു നടന്റെ കഴിവ് തീരുമാനിക്കുന്നത്.

  മോഹൻലാലിൻറെ കാമുക വേഷങ്ങളിൽ കഥാപാത്രത്തിന്റെ പ്രത്യേക സാഹചര്യവും മാനസികാവസ്ഥയും സിനിമ വരച്ചിടുന്നതിന്റെ അപ്പുറത്തു നിന്നാണ് മോഹൻലാൽ തുടങ്ങുന്നത് തന്നെ. ഒരു നോട്ടം കൊണ്ട്, ഒരു ചെറിയ ചിരി കൊണ്ട്, അയാൾ അതിനെ ഒരു പ്രത്യേകാനുഭവമാക്കി മാറ്റുന്നുണ്ട്. അത് കാമുക വേഷങ്ങളിൽ മോഹൻലാൽ ചെയ്യുന്നത് കാണാൻ പിന്നെയും രസമാണ്. അതൊക്കെ കാണുമ്പോ പഴയ ഫാൻ വീണ്ടും എണീറ്റ് വരും. പ്രേം നസീറിന് ശേഷം ഇന്ന് വരെയുള്ള മലയാള സിനിമയിൽ ഏറ്റവും സൗമ്യനായ, ഫെമിനൈൻ ആയ, ഫ്ലെക്സിബിൾ ആയ, ഒട്ടുമേ ടോക്സിക് അല്ലാത്ത ഏറ്റവും കൂടുതൽ കാമുക വേഷങ്ങൾ ഉറപ്പായും മോഹൻലാലിന്റേതാണ്. പ്രേം നസീറിൽ പോലും ഒരു കുലപുരുഷന്റെ ചെറിയ ബലംപിടുത്തം കാണാം.

  ഇടയ്ക്ക് ശങ്കർ, റഹ്മാൻ എന്നിങ്ങനെ പ്രേമ സ്പെഷ്യലിസ്റ്റുകൾ വന്നെങ്കിലും അതൊക്കെ സ്വയം ആവർത്തിച്ച് മടുപ്പിച്ചു പ്രേക്ഷകർ തന്നെ എടുത്തു കൊട്ടയിൽ കളഞ്ഞു. പക്ഷെ മോഹൻലാലിൻറെ കാമുക വേഷങ്ങൾ ഓരോന്നും ഓരോ ഇമോഷണൽ കോമ്പിനേഷനുകളിൽ ഉള്ളവയായിരുന്നു. അതുകൊണ്ടു തന്നെ ഒരേപോലെ കാണപ്പെടുമ്പോഴും ഓരോ കഥാപാത്രവും ഒന്ന് ഒന്നിനോട് ചേരാതെ ഓരോ പെട്ടിയിലാണ് നമ്മുടെ മനസ്സിലിരിക്കുന്നത്. കിരീടം എടുക്കുക. സേതു പരിമിതികളിൽ നിന്ന് പ്രണയിക്കുന്നവനാണ്. കെട്ടാനുറപ്പിച്ച പെണ്ണിനെയൊന്നു കെട്ടിപ്പിടിക്കാൻ പോലും പറ്റാത്ത, പാത്തും പതുങ്ങിയും സ്നേഹം കാണിക്കേണ്ടവൻ. മോഹൻലാൽ അവിടെയും ഒരു കുസൃതി കൊണ്ട് വരുന്നുണ്ട്. അപ്പുറത്തു എല്ലാറ്റിനെയും മനോഹരമായി കോമ്പ്ലിമെൻറ് ചെയ്തുകൊണ്ട് പാർവതിയും നിൽപ്പുണ്ട്.

  താളവട്ടത്തിൽ ഇതേ പ്രേമം ഭ്രാന്തിന്റെ വക്കോളമാണ് നിന്ന് കളിക്കുന്നത്. റോഡിലും പുല്ലിലും മരത്തിലും വരെ കാമുകിയുടെ പേര് എത്ര എഴുതിയിട്ടും മടുക്കാത്ത ഒരുത്തൻ. ഇന്നത്തെ സാമൂഹിക നില വെച്ച് നോക്കുമ്പോൾ തനി വട്ട്. അപ്പോഴും അയാളിലൊരു വയലൻസ് ഇല്ല എന്ന് ശ്രദ്ധിക്കണം. കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടാൻ പോകുന്നു എന്ന് പറഞ്ഞു ലിസിയെ പേടിപ്പിച്ചിട്ട് ഒന്നും ചെയ്യാതെ പതുക്കെ തിരിച്ചു വന്നു ചെറിയ നാണത്തോടെയും കുറച്ചു പിണക്കത്തോടെയും ലിസിയെ നോക്കുന്നതൊക്കെ എഴുതി വെയ്ക്കാൻ നിന്നാൽ അതിനു തന്നെ നാലഞ്ചു പേജ് വേണം. ഇത്രയും ആഴത്തിൽ സ്നേഹിച്ചതുകൊണ്ടാണ് അവളുടെ മരണം അവനെ ശരിക്കും ഭ്രാന്തിലേക്ക് എത്തിച്ചത്. കാരണം അതിനു തൊട്ടടുത്ത് നിന്ന് തന്നെയായിരുന്നു അയാൾ ആദ്യം മുതലേ പ്രേമിച്ചത് തന്നെ. ഭ്രാന്തിലേക്കെത്താൻ അയാൾക്ക് അധിക ദൂരം സഞ്ചരിക്കേണ്ടതായില്ല.

  കിലുക്കത്തിലെ തമാശകൾ ഏറക്കുറെ കാലം ചെന്നു എന്നാണ് എന്റെ അനുഭവം. ഇനി എനിക്കത് കണ്ടാൽ ചിരി വരില്ല. പക്ഷെ ഇന്നത് കാണേണ്ടത് മറ്റു ചില കാര്യങ്ങൾക്കാണ്‌. അതിലെ കാമുകന് ഒരു മഴവിൽ ഭാവങ്ങളാണ്. നീല വേനലിൽ എന്ന പാട്ടിൽ അയാളൊരു ചേട്ടന്റെ ഭാവാദികളോട് കൂടിയ കാമുകനാണ്. അതെ സമയം തന്നെ ഒരു പൂർണ്ണ സമയ കാമുകനുമാണ്. അതെങ്ങനെ പറഞ്ഞു ഫലിപ്പിക്കണം എന്നറിയില്ല. പക്ഷെ കിലുകിൽ പമ്പരം എന്ന പാട്ടിൽ അയാൾ കാമുകനേക്കാൾ ചേട്ടനാണ്, അച്ഛനാണ്. ഇതെല്ലാം കൂടി ചേർന്നൊരു കാമുകനാണ്. നടന്നു ക്ഷീണിച്ച രേവതിയോടു എന്ത് പറ്റിയെന്നു പാട്ടിനിടയിൽ ചോദിക്കുന്നൊരു രംഗമുണ്ട്. അത് ചെന്ന് മനസ്സിൽ കൊള്ളുന്നൊരു ഇടമുണ്ട്. എനിക്ക് തന്നെ അറിയില്ലായിരുന്നു എന്റെയുള്ളിൽ അങ്ങനെയൊരു സ്ഥലമുണ്ടെന്ന്. മുടി ചീകി കൊടുത്തു പൊട്ടും വെച്ച് കൊടുത്തിട്ട് അന്നേരത്തെ പാട്ടിലെ ഈണത്തിനൊപ്പിച്ചു നീട്ടിച്ചിരിച്ചുകൊണ്ട് തലയാട്ടുന്നുണ്ട്. നമുക്ക് തന്നെ പ്രേമിക്കാൻ തോന്നും അയാളെ. പാട്ട് അവസാനിക്കുന്നത് നന്ദിനിയെ പാടിയുറക്കുന്ന ജോജിയെ കാണിച്ചുകൊണ്ടാണ്. അപ്പോൾ അയാളിലെ കാമുകന് പിതൃ ഭാവമാണ്.

  നമുക്ക് പാർക്കാനിലെ സോളമൻ ഒരു പ്രണയാന്വേഷിയാണ്. ആ അന്വേഷണമാണ് സോഫിയയിൽ ചെന്ന് അവസാനിക്കുന്നത്. പക്ഷെ അർദ്ധ രാത്രി ടാങ്കർ ലോറിയും ഓടിച്ചു വീട്ടിലേക്ക് ഇടിച്ചു കയറി വരുന്ന ഒരുത്തനും കൂടിയാണ് സോളമൻ. അങ്ങനെ നോക്കിയാൽ ഏറ്റവും അരസികൻ എന്നും പറയാം. ഇതേ സോളമൻ സോഫിയയെ മൈസൂർ കാണിക്കാൻ കൊണ്ടുപോകുമ്പോൾ പഞ്ഞി പോലെ അയയുന്നതും കാണാം. വേലിക്കരികിൽ നിന്ന് അയാൾ സംസാരിക്കുന്നത് വാക്ക് കൊണ്ടല്ല, കണ്ണ് കൊണ്ടാണ്. ആ നോട്ടമാണ് സോളമൻ.

  നാടോടിക്കാറ്റിൽ ശോഭനയുടെ ഒപ്പമല്ല, താഴെയാണ് അയാൾ അയാളെ സ്വയം പ്ലേസ് ചെയ്യുന്നത്. അവിടെ നിന്നുള്ള അയാളുടെ ചമ്മലുകൾ, നാണം, കോമ്പ്ലെക്സ് അങ്ങനെ എന്തെല്ലാമോ മോഹൻലാൽ നമ്മളിലേക്ക് എത്തിക്കുന്നുണ്ട്. തൂവാനത്തുമ്പികളിൽ കാമുകന് സ്നേഹത്തോടൊപ്പം ഈഗോയും വാശിയുമുണ്ട്. അതാണ് അയാളുടെ ചെയ്തികൾ തീരുമാനിക്കുന്നത്. കോളേജിൽ വന്നു ഇഷ്ടമാണ് എന്ന് പറയുമ്പോൾ പാർവതി നാണം കെടുത്തുന്ന സീനിലൊക്കെ അയാളുടെ ഒരു നിൽപ്പുണ്ട്. തിളച്ചു മറിഞ്ഞു നിൽക്കുകയാണ് അകത്ത്.

  എടുത്തെടുത്തു പറയാനാണേൽ എത്ര വേഷങ്ങൾ. കാമുക ഭാവത്തിനു ഇത്രയധികം വേരിയേഷൻസ് വേർഷൻസ്, ഇൻറ്റർപ്രെട്ടേഷൻസ് നൽകിയ ഒരാൾ മലയാള സിനിമയിലില്ല. പക്ഷെ ഇതേ ആളെ തന്നെ മലയാള സിനിമ അതിന്റെ തെമ്മാടി പുരുഷ വേഷത്തിന്റെ ഏറ്റവും വലിയ പ്രതിനിധി ആക്കി എന്നതാണ് ചരിത്രത്തിലെ വൈരുധ്യം. പക്ഷെ ഈ വൈരുധ്യമില്ലാതെ മോഹൻലാലിൻറെ കഥ പൂർണ്ണമാവുന്നുമില്ല.

  English summary
  Facebook Post About The Romantic Heros Of Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X