ഫഹദ് ചിത്രത്തിന് ക്യാമറാമാനായി രാജീവ് രവി
2013ല്‍ പുറത്തിറങ്ങിയ പ്രണയചിത്രങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ഏറ്റവും മികച്ചവയുടെ കൂട്ടത്തില്‍ അന്നയും റസൂലുമെന്ന ചിത്രമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രേക്ഷകമനസുകളെ പ്രണയാതുരമാക്കിയ ഈ ചിത്രവും ഇതിലെ ഗാനങ്ങളുമെല്ലാം പുതുമനിറഞ്ഞതായിരുന്നു. ഫഹദ് ഫാസില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. രാജീവ് രവിയെന്ന കലാകാരന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ പ്രശംകള്‍ ഏറെ നേടി. ഇപ്പോഴിതാ രാജീവ് രവി തന്റെ ഭാഗ്യതാരമായ ഫഹദ് ഫാസിലുമായി വീണ്ടും ഒന്നിയ്ക്കാന്‍ പോവുകയാണ്.
ഇത്തവണ രാജീവ് രവി സംവിധായകന്റെ വേഷത്തിലല്ല എത്തുന്നത് എന്നുമാത്രം. ഫഹദ് നായകനാകുന്ന പുതിയ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാജീവ് രവിയാണ്. നവാഗതനായ നോവിന്‍ വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി അരുണ്‍ കുമാറിന്റേതാണ് തിരക്കഥ. ശ്രദ്ധേയനായ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുക. ഒട്ടേറെ പ്രതിഭകള്‍ ഒന്നിയ്ക്കുന്ന ചിത്രമെന്ന നിലയ്ക്ക് ഇത് ഇതിനകം തന്നെ ചലച്ചിത്രലോകത്ത് ചര്‍ച്ചാവിഷയമായിട്ടുണ്ട്. സംവിധായകനായശേഷം അരുണ്‍ കുമാര്‍ അരവിന്ദ് മറ്റൊരാള്‍ സംവിധാനം ചെയ്യുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് ഇതാദ്യമാണ്.

വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സമീപകാല ഫഹദ് ഫാസില്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട് ഒരു ത്രില്ലര്‍ ആയിട്ടാണ് ചിത്രമൊരുക്കുന്നത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലും കൊച്ചിയിലുമായിട്ടാണ് പടം ചിത്രീകരിക്കുക.
ശബ്ദസംവിധാനത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിന് ലൈവ് സൗണ്ടാണ് ഉപയോഗിക്കുന്നത്. രാംലീല ഉള്‍പ്പെടെ പല ബോളിവുഡ് ചിത്രങ്ങല്‍ക്കും ശബ്ദസംവിധാനം നിര്‍വ്വഹിച്ച ജയദേവനാണ് ഈ ചിത്രത്തിന് ശബ്ദസംവിധാനം നിര്‍വ്വഹിക്കുന്നത്.
സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ പ്രകാശ് ബാരെ നിര്‍മ്മിക്കുന്ന ഈ സിനിമയിലെ കുറച്ചുരംഗങ്ങള്‍ ലോകത്തിന്റെ പ്രധാന ചൂതാട്ട കേന്ദ്രങ്ങളില്‍ ഒന്നായ ലാസ് വേഗാസിലായിരിക്കും ചിത്രീകരിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











