മമ്മൂട്ടിയുടെ ഗ്യാങ്സ്റ്ററില്‍ നിന്ന് ഫഹദ് ഔട്ട്
ഇമ്മാനുവല്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ഫഹദ് ഫാസിലും വീണ്ടും ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. ടൈറ്റില്‍ റോളിലെത്തിയ ഇമ്മാനുവന്‍ എന്ന മമ്മൂട്ടിയും ജീവന്‍ രാജെന്ന എംഡിയായെത്തിയ ഫഹദ് ഫാസിലും തമ്മിലുള്ള കെമിസ്ട്രി വര്‍ക്കൗട്ടായപ്പോള്‍ ചിത്രവും വിജയം കണ്ടു. ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ഇരുവരും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഇമ്മനുവിലെ മനസ്സില്‍ വച്ച് പ്രതീക്ഷയര്‍പ്പിച്ചു. എന്നാല്‍ അത് വെറുതെയായി എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്ററില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഫഹദ് ഇല്ല. ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഹമ്മദ് സിദ്ദിക്കാണ് ഇക്കാര്യം അറിയിച്ചത്. ഫഹദിന് പകരം ഡ തടിയ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശേഖര്‍ മേനോന്‍ അഭിനയിക്കും. ഇതോടെ ശേഖര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ചേരുന്ന രണ്ടാമത്തെ ചിത്രമാണ് ഗ്യാങ്സ്റ്റര്‍. ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രേയ്‌സ ദി ലോര്‍ഡിലാണ് മമ്മൂട്ടിയും ശേഖറും ആദ്യം ഒന്നിക്കുന്നത്.

ഗ്യാങ്‌സ്റ്ററില്‍ മമ്മൂട്ടി ഒരു അധോലോക നായകന്റെ വേഷത്തിലാണ് എത്തുന്നത്. വളരെ സ്‌റ്റൈലിഷാണ് കഥാപാത്രം. പ്രെയ്‌സ് ദി ലോര്‍ഡ് എന്ന പുതിയ ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞാലുടന്‍ മമ്മൂട്ടി ഗ്യാങ്സ്റ്ററിനായി സമയം മാറ്റിവെയ്ക്കുമെന്നാണ് അറിയുന്നത്. ഡിസംബര്‍ 15ന് ഗ്യാങ്സ്റ്ററിന്റെ ചിത്രീകരണം തുടങ്ങും. 2014ല്‍ മമ്മൂട്ടിയുടെ വമ്പന്‍ റിലീസുകളില്‍ ഒന്നായിരിക്കുമിതെന്നാണ് സൂചന.
മീരാജാസ്മിനാണ് ചിത്രത്തിലെ നായികയെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തമിഴ് ഇളയ ദളപതി വിജയ്‌യുടെ സാന്നിധ്യവും ചിത്രത്തില്‍ ഉണ്ടാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു പാട്ട് രംഗത്ത് വിജയ് എത്തുന്നുണ്ടത്രെ. ഇവരെക്കൂടാതെ പാര്‍ത്ഥിപന്‍, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ്, രോഹിണി ഹട്ടങ്കടി എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











