മണിരത്‌നത്തിന്‌റെ സിനിമ നിരസിച്ചതിന് കാരണമുണ്ട്! ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി ഫഹദ് ഫാസില്‍
ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്. ഒന്നിനൊന്ന് മികച്ച സിനിമകളുമായാണ് ഫഹദ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ചുരുങ്ങിയ സമയങ്ങള്‍ക്കുളളിലാണ് മലയാളത്തിലെ മികച്ച നടന്‍മാരിലൊരാളായി ഫഹദ് മാറിയത്. കാര്‍ബണ്‍ എന്ന ചിത്രത്തിനു ശേഷം കൈനിറയെ സിനിമകളാണ് താരത്തിന്റെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
മലയാളത്തിനു പുറമെ തമിഴിലും ഫഹദ് സിനിമകള്‍ ചെയ്തിരുന്നു. അടുത്തിടെയായിരുന്നു മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനത്തില്‍ അഭിനയിക്കാനുളള അവസരം ഫഹദിനെ തേടിയെത്തിയിരുന്നത്. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുളള അവസരമായിരുന്നു ഫഹദിനെ തേടിയെത്തിയിരുന്നത്. എന്നാല്‍ അവസാന നിമിഷം നടന്‍ ചിത്രത്തില്‍നിന്നും പിന്മാറിയിരുന്നു. ഫഹദ് പിന്മാറിയതിനെക്കുറിച്ച് പല വിധത്തിലുളള അഭ്യൂഹങ്ങളാണ് സമൂഹ മാധ്യങ്ങളില്‍ വന്നിരുന്നത്. ഒടുവില്‍ എല്ലാത്തിനും മറുപടിയുമായി ഫഹദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പിന്മാറിയതിനെക്കുറിച്ച് ഫഹദ്
അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു മണിരത്‌നം ചിത്രത്തില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് ഫഹദ് പറഞ്ഞിരുന്നത്. ശിവകാര്‍ത്തികേയനൊപ്പമുളള വേലൈക്കാരന്‍ എന്ന ചിത്രത്തിനു ശേഷം തമിഴില്‍ ഫഹദിന് ലഭിച്ച വലിയ അവസരമായിരുന്നു മണിരത്‌നം ചിത്രം. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിരുന്നു മണിരത്‌നം ഫഹദിനു വേണ്ടി മാറ്റി വെച്ചിരുന്നത്.സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനോട് മുന്നോടിയായി അവസാന നിമിഷമായിരുന്നു ചിത്രത്തില്‍ നിന്നും പിന്മാറുന്നതായി ഫഹദ് അറിയിച്ചിരുന്നത്.

ചെക്ക ചിവന്ത വാനം
ഫഹദിനു പകരം അരുണ്‍ വിജയ് ആയിരുന്നു ചെക്ക ചിവന്ത വാനത്തില്‍ വേഷമിട്ടിരുന്നത്. അരുണ്‍ വിജയ്‌ക്കൊപ്പം വിജയ് സേതുപതി,ചിമ്പു, അരവിന്ദ് സാമി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കാര്‍ത്തി നായകനായ കാട്രു വെളിയിടെയ്ക്കു ശേഷമാണ് മണിരത്‌നം തന്റെ പുതിയ ചിത്രവുമായി എത്തുന്നത്.

മള്‍ട്ടിസ്റ്റാര്‍ ചിത്രം
മള്‍ട്ടിസ്റ്റാര്‍ ചിത്രമായാണ് സംവിധായകന്‍ ചെക്ക ചിവന്ത വാനം അണിയിച്ചൊരുക്കുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന സിനിമ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയാണ്. ചിത്രത്തില്‍ വിജയ് സേതുപതി പോലീസ് ഓഫീസറായി എത്തുമ്പോള്‍ ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പു,അരവിന്ദ് സാമി,അരുണ്‍ വിജയ് തുടങ്ങിയവര്‍ എത്തുന്നത്.

ഫഹദ് പറഞ്ഞത്
ചെക്ക ചിവന്ത വാനത്തില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ച് വ്യാജ പ്രചരണങ്ങള്‍ വരുന്നതിനിടെയായിരുന്നു പ്രതികരണവുമായി ഫഹദ് എത്തിയിരുന്നത്. ചിത്രത്തില്‍ വിശ്വാസമില്ലാതിരുന്നത് കൊണ്ടാണ് സിനിമയില്‍ നിന്നും പിന്മാറിയതെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. അവസാന നിമിഷം വരെ ആ സിനിമ മനസില്‍ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്നും ഫഹദ് പറയുന്നു.

മണിസാറിന് തിരിച്ചറിയാന്‍ പറ്റുമെന്നുറപ്പാണ്
മനസില്‍ ഒരു സിനിമ കാണാന്‍ പറ്റാതെ വരുമ്പോഴാണ് ആ ചിത്രം ചെയ്യേണ്ടെന്ന് തീരുമാനിക്കാറുളളത്. എന്തുകാരണം കൊണ്ടാണ് ഞാന്‍ പിന്മാറിയതെന്ന് മണിസാറിന് തിരിച്ചറിയാന്‍ പറ്റുമെന്നുറപ്പാണ്.വിശ്വാസമില്ലാതെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ എല്ലാവര്‍ക്കും അത് ഒരു ടോര്‍ച്ചറിംഗ് ആയി മാറും. മനോരമയുമായുളള അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ പറഞ്ഞു,


Click it and Unblock the Notifications