മണിരത്‌നം ചിത്രത്തില്‍ ഫഹദ് ഫാസില്‍
തെന്നിന്ത്യയില്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ ചിത്രത്തിലഭിനയിക്കാന്‍ അവസരം ലഭിയ്ക്കുകയെന്നത് വലിയൊരു അംഗീകാരമായിട്ടാണ് കരുതിപ്പോരുന്നത്. മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയാത്ത നടന്മാരും നടിമാരുമില്ല. അത്തരത്തിലുള്ള മാജിക്കല്‍ ക്രിയേഷന്‍സാണ് മണിരത്‌നം നടത്താറുള്ളത്. തന്റെ ചിത്രങ്ങളിലേയ്ക്ക് മണിരത്‌നം നടത്താറുള്ള കാസ്റ്റിങ് പലപ്പോഴും മികച്ചതാവാറുണ്ട്.
ഇതിന് മുമ്പ് മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച മലയാളി യുവതാരം പൃഥ്വിരാജ് ആയിരുന്നു. രാവണ്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയുടെ നായികയായിട്ടായിരുന്നു പൃഥ്വി അഭിനയിച്ചത്. മലയാളത്തിന്റെ മറ്റൊരു പുതുനിര നായകനും മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫഹദ് ഫാസിലാണത്രേ ഈ ഭാഗ്യവാന്‍. കാറ്റ്ര് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഫഹദ് നായകനാവുകയെന്നാണ് കേള്‍ക്കുന്നത്. പൊതുവേ അഭിനയത്തിന്റെ കാര്യത്തില്‍ വ്യത്യസ്തനെന്ന് പേരെടുത്തിരിക്കുന്ന ഫഹദിലെ പ്രതിഭയെ കൂടുതല്‍ പ്രതിഫലിപ്പിക്കാന്‍ മണിരത്‌നത്തിന് കഴിഞ്ഞേയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
അവസാനമായി മണിരത്‌നം സംവിധാനം ചെയ്ത ചിത്രം കടല്‍ ആയിരുന്നു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ഈ ചിത്രം പക്ഷേ പ്രതീക്ഷിച്ചത്ര വിജയം കൊയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ഫഹദിനെ വച്ച് മികച്ചൊരു ചിത്രം ചെയ്യുകയാണ് മണിരത്‌നത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. ഈ ചിത്രത്തോടെ ഫഹദിന് മലയാളി താരമെന്നതില്‍ക്കഴിഞ്ഞ് തെന്നിന്ത്യന്‍ താരമെന്ന നിലയിലേയ്ക്ക് ഉയരാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications