»   » പ്രണയം പുലിവാലായി; ഫഹദ് മാധ്യമങ്ങളെ കാണുന്നില്ല

പ്രണയം പുലിവാലായി; ഫഹദ് മാധ്യമങ്ങളെ കാണുന്നില്ല

Posted By:
Subscribe to Filmibeat Malayalam
Fahad Fazil and Andrea Jeremiah
നടന്‍ ഫഹദ് ഫാസില്‍ മാധ്യമങ്ങളുമായി നിസ്സഹകരണത്തിലാണെന്ന് റിപ്പോര്‍ട്ട്. താന്‍ പറയുന്നതെല്ലാം വിവാദത്തില്‍ കൊണ്ടെത്തിക്കുന്ന മാധ്യമങ്ങളുടെ പതിവാണത്രേ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ഫഹദിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലുണ്ടായ സംഭവം ആന്‍ഡ്രിയ ജെര്‍മിയയോടുള്ള പ്രണയവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണത്രേ.

ഒരു വനിതാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് തനിയ്ക്ക് അന്യഭാഷക്കാരിയോട് പ്രണയമാണെന്ന് വെളിപ്പെടുത്തിയത്. ചുഴിഞ്ഞു ചുഴിഞ്ഞ് ചോദിച്ച് ആ അന്യനാട്ടുകാരി ആന്‍ഡ്രിയ ജെര്‍മിയ ആണെന്നും പ്രസിദ്ധീകരണം ഫഹദിനെക്കൊണ്ട് പറയിച്ചു. യുവജനത്തിന്റെ പുതിയ ഹരമായ ഫഹദിന്റെ പ്രണയവാര്‍ത്ത പിന്നീട് വലിയ വാര്‍ത്തയായി മാറി. മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം ഫഹദിന്റെ പ്രണയ കുമ്പസാരം ഏറ്റെടുക്കുകയായിരുന്നു.

അവസാനം ഇത് ഫഹദിനെ പുലിവാലു പിടിപ്പിച്ചുവെന്നാണ് സൂചന. അന്യഭാഷക്കാരിയും അതിലുപരി അന്യമതക്കാരിയുമായ ഒരു പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ഫഹദിന്റെ കുടുംബം തയ്യാറല്ലെന്നാണ് കേള്‍ക്കുന്നത്. പ്രണയക്കാര്യം വീട്ടുകാര്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നത് മറ്റൊരു കാര്യം. എന്തായാലും പിതാവ് ഫാസിലും ബാക്കിയുള്ളവരും ഉടക്കിയതോടെ ഫഹദ് ആകെ ത്രിശങ്കുവിലായിരിക്കുകയാണത്രേ.

ഇപ്പോള്‍ താന്‍ പറയുന്നതെല്ലാം വളച്ചൊടിച്ച് മാധ്യമങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നാണ് ഫഹദ് ആരോപിക്കുന്നത്. മാധ്യമങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ എത്തിയാല്‍ സ്റ്റില്‍സിന് നിന്നുകൊടുക്കാന്‍ പോലും താരം തയ്യാറാകുന്നില്ലെന്ന് പരാതി ഉയര്‍ന്നുകഴിഞ്ഞു. വര്‍ക്കിങ് സ്റ്റില്‍സ് എടുത്താല്‍മതിയെന്നും തനിച്ചുള്ള ഫോട്ടോകളുടെ ആവശ്യമില്ലെന്നും പറയുന്ന ഫഹദ് ആര്‍ക്കും ഇപ്പോള്‍ അഭിമുഖങ്ങളും നല്‍കുന്നില്ലെന്നാണ് കേള്‍ക്കുന്നത്.

എന്തായാലും താനായിട്ട് പുറത്തുപറഞ്ഞൊരു കാര്യത്തിന് ഒടുക്കം മാധ്യമങ്ങളെ കുറ്റം പറയുകയാണ് ഫഹദ് ഇപ്പോള്‍ ചെയ്യുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാല്‍ ഫഹദ് ആന്‍ഡ്രിയയോട് പ്രണയമാണെന്നും അവരോടത് പറഞ്ഞിട്ടുണ്ടെന്നും എല്ലാം പറഞ്ഞെങ്കിലും ആന്‍ഡ്രിയ ഇതിനെക്കുറിച്ച് ഇതേവരെ ഒരക്ഷരം പറഞ്ഞിട്ടില്ല, ഈ ബുദ്ധി ഫഹദിനും കാണിക്കാമായിരുന്നുവെന്നാണ് ഇപ്പോള്‍ മല്ലുവുഡിലെ പാപ്പരാസികള്‍ പറയുന്നത്.

English summary
Nowa days actor Fahad Fazil is saying no to media interviews and photo sesions over the controversy related with his love relation with Andrea Jeremiah .

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam