ഫഹദ് ഇനി കാണാതാകുന്ന സൂപ്പര്‍സ്റ്റാര്‍
സനല്‍ സംവിധാനം ചെയ്ത ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ വിജയത്തോടെ ഫഹദ് ഫാസിലിന്റെ താരത്തിളക്കം ഒന്നുകൂടി. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ശിവഗംഗ ഫാക്ടറിയാണ് ഫഹദിന്റെ ചിത്രീകരണം തുടങ്ങാന്‍ പോകുന്ന അടുത്ത ചിത്രം. പ്രശസ്തിയില്‍ കഴിയുന്നൊരു നടന്‍ പെട്ടെന്ന് അപ്രത്യക്ഷനാകുന്നതും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന ദുരൂഹതകളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം പരാജയപ്പെട്ട ബാബു ജനാര്‍ദ്ദനന് ഈ ചിത്രം ഒരു വഴിത്തിരിവായേക്കും.
അരുണ്‍ കുമാര്‍ അരവിന്ദിന്റെ വണ്‍ ബൈ ടു എന്ന ചിത്രം പരാജയപ്പെട്ടതോടെ ഫഹദിന് വലിയ വിമര്‍ശനമേറ്റിരുന്നു. അതുവരെ വിജയിച്ചിരുന്ന ഫഹദിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഈ ചിത്രം. കഴിഞ്ഞ വര്‍ഷം ഒളിപ്പോര്, ആര്‍ടിസ്റ്റ് എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പോലും ഫഹദിന് ഇത്രയധികം വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നില്ല.

അഞ്ജലി മേനോന്‍ സംവിധാനംചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.ഇതില്‍ ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവര്‍ക്കൊപ്പമൊരു വേഷമേ ഫഹദിനുള്ളൂ. ഇയ്യോബിന്റെ പുസ്തകമാണ് ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം. ഫഹദ് ഒറ്റയ്ക്കു നായകനാകുന്ന ചിത്രമാണ് ശിവഗംഗ ഫാക്ടറി. ബാബു ജനാര്‍ദ്ദനന്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.
ഫഹദ് രണ്ടു വയസ്സുള്ള കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രി നിറഞ്ഞ സദസ്സിലാണ് തുടരുന്നത്. ന്യൂജനറേഷന്‍ ട്രാക്കിലുള്ള ചിത്രമാണിത്. ട്രാഫിക്, നേരം എന്നീ ചിത്രങ്ങളുടെ അതേരീതി തന്നെയാണ് ഈ ചിത്രത്തിലും പിന്‍തുടരുന്നത്. എങ്കിലും നല്ല പേരാണ് ചിത്രമുണ്ടാക്കിയിരിക്കുന്നത്.


Click it and Unblock the Notifications











