ശൈലജ ടീച്ചറുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി ഫഹദ് ഫാസില്‍, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറെ പ്രശംസിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. കോവിഡ് 19 കാലത്ത് നടത്തിയ പ്രതിരോധ നടപടികളാണ് പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നത്. പിന്നാലെ ശൈലജ ടീച്ചര്‍ക്ക് അഭിനന്ദനങ്ങളുമായി നടന്‍ ഫഹദ് ഫാസിലും എത്തിയിരുന്നു. മന്ത്രിയുടെ ചിത്രം തന്റെ പ്രൊഫൈല്‍ പിക്ചറാക്കി മാറ്റിയിരിക്കുകയാണ് താരം.

സമൂഹ മാധ്യമങ്ങളില്‍ അത്ര ആക്ടീവല്ലാത്ത ഫഹദിന്റെ പ്രവൃത്തി കണ്ട് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. വോഗ് മാഗസിന്റെ ഇന്ത്യന്‍ പതിപ്പിന്റെ നവംബര്‍ എഡിഷനിലാണ് കെ കെ ശെെലജ ടീച്ചറുടെ ചിത്രം വന്നിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഫഹദ് തന്റെ പ്രൊഫൈല്‍ പിക്ചര്‍ ടീച്ചറുടെതാക്കി മാറ്റിയിരിക്കുന്നത്. അതേസമയം സിനിമകളുടെ വിശേഷങ്ങളാണ് ഫഹദ് തന്റെ ഫേസ്ബുക്ക് പേജില്‍ കൂടുതലായി പങ്കുവെക്കാറുളളത്.
മലയാളത്തില്‍ സീയൂ സൂണാണ് ഫഹദ് ഫാസിലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഫഹദിനൊപ്പം റോഷന്‍ മാത്യൂസ്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. സീ യൂ സൂണിന് പിന്നാലെ മാലിക്ക് എന്ന ചിത്രവും ഫഹദിന്റെതായി വരുന്നുണ്ട്.
മഹേഷ് നാരായണ്‍ തന്നെ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായിരുന്നു. കോവിഡ് വ്യാപനം കാരണമാണ് സിനിമയുടെ റിലീസും വൈകിയത്. സീ യൂ സുണിന് മുന്‍പ് ട്രാന്‍സ് എന്ന ചിത്രവും ഫഹദിന്റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയിരുന്നു. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ഫഹദിനൊപ്പം നസ്രിയയും അഭിനയിച്ച ചിത്രമായിരുന്നു ട്രാന്‍സ്.


Click it and Unblock the Notifications