ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ താരരാജാക്കന്മാര്‍ക്കൊപ്പമുള്ള ഫഹദിന്റെ മത്സരം!
Recommended Video

മലയാളത്തിലെ യൂത്തന്മാരില്‍ പ്രധാനിയാണ് ഫഹദ് ഫാസില്‍. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി ഫഹദിന് ഭാഗ്യമായിരുന്നു. ഫഹദ് നായകനായി അഭിനയിക്കുന്ന സിനിമകളെല്ലാം പ്രേക്ഷക പ്രശംസ സ്വന്തമാക്കുകയും ബോക്‌സോഫീസില്‍ നല്ല സാമ്പത്തിക വരുമാനം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷമെത്തിയ കുമ്പളങ്ങി നൈറ്റ്‌സും നല്ല പ്രകടനമായിരുന്നു.
ഇപ്പോഴിതാ മറ്റൊരു ഫഹദ് ഫാസില്‍ ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നവാഗത സംവിധായകന്റെ സംവിധാനത്തിലെത്തിയ അതിരന്‍ എന്ന മൂവിയാണ് ഇത്തവണത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ഫഹദിന്റെ സിനിമ. ട്രെയിലറും ടീസറുമിറക്കി പ്രേക്ഷകരെ ത്രസിപ്പിച്ച സിനിമ ബോക്‌സോഫീസില്‍ നല്ല തുടക്കം കുറിച്ചിരിക്കുകയാണ്.

അതിരന്‍ തിയറ്ററുകളിലേക്ക്..
നവാഗതനായ വിവേക് സംവിധാനം ചെയ്ത അതിരന്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ഫഹദിനൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സായി പല്ലവി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയ മറ്റൊരു കാര്യം. റോമാന്റിക് ത്രില്ലര്‍ ഗണത്തിലൊരുക്കിയ അതിരന്‍ ഒരു സൈക്കോ ത്രില്ലറാണ്. ആദ്യം മുതല്‍ അവസാനം വരെ അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്നത്. വേറിട്ട കഥയും സിനിമയ്ക്ക് പുതുജീവന്‍ നല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷം സായി മലയാളത്തിലേക്ക് വീണ്ടും വന്നപ്പോള്‍ അതിഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമയെ കുറിച്ച് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്ലൊം സായി പല്ലവിയുടെ അഭിനയത്തെ കുറിച്ചായിരുന്നു. ഫഹദും ഒട്ടും മോശമാക്കിയില്ല.

സാമ്പത്തിക വരുമാനം സ്വന്തമാക്കിയോ
ബിഗ് ബജറ്റിലൊരുക്കിയ മമ്മൂട്ടി ചിത്രം മധുരരാജയ്‌ക്കൊപ്പമായിരുന്നു അതിരന്റെ റിലീസ്. മാര്‍ച്ച് അവസാനമെത്തിയ മോഹന്‍ലാല്‍ ചിത്രം ഇപ്പോഴും നല്ല രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതോടെ സ്‌ക്രീനുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരുന്നു. താരരാജാക്കന്മാരുടെ സിനിമയ്‌ക്കൊപ്പമാണ് മത്സരമെങ്കിലും ഫഹദിന്റെ സിനിമ ബോക്‌സോഫീസില്‍ എത്രത്തോളം സാമ്പത്തിക വരുമാനം ഉണ്ടാക്കി എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

ആദ്യദിന കളക്ഷന്‍
അതിരന്റെ കളക്ഷനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലെ കണക്ക് വിവരങ്ങള്‍ ഫോറം കേരള പുറത്ത് വിട്ടിരിക്കുകയാണ്. റിലീസ് ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 15 ഷോ ആയിരുന്നു അതിരന് ലഭിച്ചത്. അതില്‍ നിന്നുമായി 4.47 ലക്ഷമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

രണ്ടാം ദിവസം
രണ്ടാം ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 4.81 ലക്ഷം സ്വന്തമാക്കിയ സിനിമ ആദ്യ രണ്ട് ദിവസം കൊണ്ട് 9.29 ലക്ഷമായിരിക്കുകയാണ്.92 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു ഈ നേട്ടം. തിരുവനന്തപുരം പ്ലെക്‌സില്‍ രണ്ടാം ദിനം 21 ഷോ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. അതില്‍ നിന്നും 5 ലക്ഷത്തിന് മുകളില്‍ സ്വന്തമാക്കിയ അതിരന്‍ ആദ്യ രണ്ട് ദിവസം കൊണ്ട് 9.61 ലക്ഷമായിരുന്നു സ്വന്തമാക്കിയത്.

ഈ വര്‍ഷത്തെ ഹിറ്റ് ചിത്രം
ഈ വര്‍ഷം റിലീസിനെത്തിയ കുമ്പളങ്ങി നൈറ്റ്‌സായിരുന്നു ഫഹദ് ഫാസില്‍ നായകനായി ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ മറ്റൊരു ചിത്രം. കുടുംബ പ്രേക്ഷകരയെും യുവാക്കളെയും അത്രയധികം സ്വാധീനിച്ച സിനിമ ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും തിരുവനന്തപുരം പ്ലെക്‌സിലുമെല്ലാം അതിവേഗം ഒരു കോടിയും രണ്ട് കോടിയും നേടിയിരുന്നു. ഈ വര്‍ഷം തുടക്കം തന്നെ ബ്ലോക്ക്ബസ്റ്റര്‍ മൂവിയായത് കുമ്പളങ്ങി നൈറ്റ്‌സായിരുന്നു.

ഫഹദിന്റെ ചിത്രങ്ങള്‍
കഴിഞ്ഞ വര്‍ഷമെത്തി മറ്റ് ഫഹദിന്റെ ചിത്രങ്ങളും നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചത്. വരത്തന്‍, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ പല റെക്കോര്‍ഡുകളും തിരുത്തി കുറിച്ചിരുന്നു. ഈ സിനിമകളുടെ ആദ്യദിന കളക്ഷനുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ അതിരന്റെ തുടക്കം പതുക്കെയാണ്. ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടുന്ന താരങ്ങളാണ് ഫഹദ് ഫാസിലും സായി പല്ലവിയും. ഇരുവരും ചേര്‍ന്നൊരു സിനിമയായതിനാല്‍ അതിരന്‍ കോടികള്‍ വാരിക്കൂട്ടുമോ എന്നതാണ് ഇനി അറിയാനുള്ളത്.


Click it and Unblock the Notifications











