നസ്രിയയും ഫഹദും വീണ്ടും വരുന്നു! ഇത്തവണ ചരിത്രം കുറിക്കുമോ? ട്രാന്‍സ് ലാസ്റ്റ് ഷെഡ്യൂള്‍ ഉടന്‍?
ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ചപ്പോള്‍ ഭാര്യയും നടിയുമായ നസ്രിയ നസീം നിര്‍മ്മിച്ച സിനിമയായിരുന്നു വരത്തന്‍. സെപ്റ്റംബറില്‍ തിയറ്ററുകളിലേക്ക് എത്തിയ വരത്തന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. അതുവരെയുണ്ടായിരുന്ന സകല റെക്കോര്‍ഡുകളും മറികടന്നായിരുന്നു വരത്തന്റെ ബോക്‌സോഫീസ് പ്രകടനം. വീണ്ടും നസ്രിയയുടെ സാന്നിധ്യമുള്ള മറ്റൊരു സിനിമ കൂടി റിലീസിനെത്തുകയാണ്.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് നായകനാവുന്ന ചിത്രമാണ് ട്രാന്‍സ്. അടുത്ത വര്‍ഷത്തെ വിഷുവിന് മുന്നോടിയായി ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിടുന്ന ട്രാന്‍സിന്റെ അവസാന ഷെഡ്യൂള്‍ അടുത്ത മാസം ആരംഭിക്കുമെന്നാണ് സൂചന. സിനിമയുടെ 60 മുതല്‍ 70 ദിവസം വരെയുള്ള ചിത്രീകരണമാണ് അവശേഷിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ട്രാന്‍സ് എന്ന് ഫഹദ് നേരത്തെ തുറന്ന് പറഞ്ഞിരുന്നു.

പതിനെട്ട് കോടി മുതല്‍ മുടക്കിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നസ്രിയ ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുമ്പോള്‍ അമല്‍ നീരദാണ് ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിംഗ്. ഫഹദിന് പുറമേ വിനായകന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, വേദിക, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഈ ക്രിസ്തുമസിന് മുന്നോടിയായി സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലെത്തുന്ന ഞാന്‍ പ്രകാശന്‍ എന്ന ഫഹദ് ഫാസില്‍ ചിത്രം റിലീസ് ചെയ്യുകയാണ്. ഫെബ്രുവരിയോടെ ഫഹദ് വില്ലന്‍ വേഷത്തിലെത്തുന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയും തിയറ്ററുകളിലേക്ക് എത്തും. പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന തമിഴ് ചിത്രമായ സൂപ്പര്‍ ഡീലക്‌സ് ആണ് അടുത്ത വര്‍ഷത്തെ ഫഹദിന്റെ മറ്റൊരു സിനിമ.


Click it and Unblock the Notifications