ഫഹദ് ഫാസിലിന്റെ ട്രാന്‍സ് ക്രിസ്മസിനില്ല? റിലീസ് വീണ്ടും നീട്ടി അന്‍വര്‍ റഷീദ് ചിത്രം
ഫഹദ് ഫാസിലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ട്രാന്‍സ്. ഒരിടവേളയ്ക്ക് ശേഷം ഹിറ്റ്‌മേക്കര്‍ അന്‍വര്‍ റഷീദ് മലയാളത്തില്‍ വീണ്ടും സജീവമാകുന്ന ചിത്രം കൂടിയാണിത്. ഉസ്താദ് ഹോട്ടലിന് ശേഷം ഏറെനാളുകള്‍ക്ക് ശേഷമാണ് ഒരു ഫീച്ചര്‍ ഫിലിമുമായി സംവിധായകന്‍ എത്തുന്നത്. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ ക്രിസ്മസ് റിലീസായിട്ടാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് വീണ്ടും നീട്ടിയതായി അറിയുന്നു.

2020 ഫെബ്രുവരിയിലാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രാന്‍സിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഫഹദിന്റെയും നസ്രിയയുടെയും പോസ്റ്ററുകളാണ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. അതേസമയം ഫഹദിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് സിനിമയായിട്ടാണ് ട്രാന്‍സ് എത്തുന്നത്.
സംവിധാനത്തിന് പുറമെ ട്രാന്‍സിന്റെ നിര്‍മ്മാണവും അന്‍വര്‍ റഷീദ് തന്നെയാണ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ഗൗതം മേനോന്‍, വിനായകന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിന്‍സെന്റ് വടക്കന്‍ രചന നിര്‍വ്വഹിച്ച സിനിമയുടെ ഛായാഗ്രഹണം അമല്‍ നീരദാണ്. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസെനിംഗും ജാക്സണ്‍ വിജയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications