ബ്രഹ്മാണ്ഡമല്ല വെറും ഫഹദ് ഫാസില്‍ മാജിക് മാത്രം! വരത്തന്‍ വീണ്ടും മിന്നിക്കുന്നു, 100 ദിവസങ്ങള്‍
ഫഹദ് ഫാസിലിന് 2018 മോശമില്ലാത്ത വര്‍ഷമായിരുന്നു. ജനുവരിയിലെത്തിയ കാര്‍ബണ്‍ തിയറ്ററുകളില്‍ നിന്നും മോശമില്ലാത്ത അഭിപ്രായമായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാല്‍ സെപ്റ്റംബറില്‍ റിലീസ് ചെയ്ത വരത്തനായിരുന്നു മിന്നിച്ചത്. ഈ വര്‍ഷം അതുവരെ മറ്റുള്ള സിനിമകള്‍ സ്വന്തമാക്കിയിരുന്ന സകല റെക്കോര്‍ഡുകളും വരത്തന്‍ പൊളിച്ചെഴുതിയിരുന്നു.
വരത്തന്‍ ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. പിന്നാലെ ഡിസംബറില്‍ ഞാന്‍ പ്രകാശന്‍ എന്നൊരു സിനിമ കൂടി റിലീസിനെത്തിയിരുന്നു. പ്രകാശന്‍ ബ്ലോക്ക്ബസ്റ്റര്‍ മൂവിയായി തകര്‍ത്തോടുകയാണ്. അതിനിടെയാണ് വരത്തനെ കുറിച്ചൊരു സന്തോഷ വാര്‍ത്തയുമായി സംവിധായകന്‍ അമല്‍ നീരദ് രംഗത്തെത്തിയത്.

വരത്തന്‍
2014 ല്‍ റിലീസിനെത്തിയ ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച സിനിമയാണ് വരത്തന്‍. യുവനടി ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക. കേരളത്തിലുണ്ടായ പ്രളയത്തിന് ശേഷമെത്തിയ സിനിമകളെല്ലാം തിയറ്ററുകളില്‍ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നതെങ്കിലും ബോക്‌സോഫീസില്‍ തരംഗമായത് ഫഹദിന്റെ വരത്തനായിരുന്നു. സെപ്റ്റംബര്‍ 20 നായിരുന്നു വരത്തന്റെ റിലീസ്. ശേഷം ഒട്ടനവധി ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നെങ്കിലും വരത്തന്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു നടത്തിയത്.

റെക്കോര്‍ഡുകള്‍ പലതും
ആദ്യദിനം ലഭിച്ച പോസിറ്റീവ് റിവ്യൂ ആയിരുന്നു വരത്തനെ ടോപ്പിലെത്തിച്ചത്. ഓരോ ദിവസം കഴിയുംതോറും ഉയരങ്ങളിലേക്ക് ആയിരുന്നു വരത്തന്റെ യാത്ര. കേരള ബോക്‌സോഫീസിലും കൊച്ചി മള്‍ട്ടിപ്ലെക്‌സ്, ബാംഗ്ലൂര്‍ സെന്ററുകല്‍ എന്നിങ്ങനെ വരത്തന്റെ പ്രദര്‍ശനം നടക്കുന്നിടത്തെല്ലാം മിന്നുന്ന പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചിരുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 13 ദിവസം കൊണ്ട് 99.20 ലക്ഷത്തിലെത്തിയ സിനിമ 14-ാമത്തെ ദിവസം ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്നും 1 കോടി എന്ന സ്വപ്‌ന നേട്ടത്തിലെത്തിയിരുന്നു.

ബാംഗ്ലൂരിലും വിസ്മയം
ഈ വര്‍ഷം ബാംഗ്ലൂരില്‍ നിന്നും പുതിയ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഈ വര്‍ഷം ആദ്യമായി ബാംഗ്ലൂരില്‍ നിന്നും ഒരു കോടി നേടുന്ന സിനിമയെന്ന പ്രത്യേകതയും വരത്തനുണ്ട്. റിലീസിനെത്തി 13 ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ അപൂര്‍വ്വ നേട്ടം. മുന്‍പ് ദൃശ്യം, പ്രേമം, ബാംഗ്ലൂര്‍ ഡേയ്‌സ്, പുലിമുരുകന്‍ എന്നീ സിനിമകളാണ് ബാംഗ്ലൂരില്‍ നിന്നും ഒരു കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയ സിനിമകള്‍.

നൂറാം ദിവസത്തിലെത്തി
വലിയ പ്രമോഷനൊന്നുമില്ലെങ്കിലും വരത്തനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചത്. അതാണ് നൂറാം ദിവസത്തിലെത്തി നില്‍ക്കുന്ന സിനിമയുടെ വിജയത്തിന് പിന്നില്‍. വരത്തന്‍ നൂറ് ദിവസമായി എന്നത് സംവിധായകന്‍ അമല്‍ നീരദ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. വരത്തന്‍ റിലീസിനെത്തിയതിന് പിന്നാലെ ബിഗ് ബജറ്റിലെത്തിയ കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്തിരുന്നെങ്കിലും ഇതൊന്നും വരത്തന്റെ കളക്ഷനെ ബാധിച്ചിരുന്നില്ല.

ഞാന്‍ പ്രകാശന്‍ മിന്നിക്കുന്നു
വരത്തന്റെ വിജയത്തിന് പിന്നാലെയായിരുന്നു ഞാന്‍ പ്രകാശന്‍ എന്ന ഫഹദ് ഫാസില്‍ മൂവി എത്തിയത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയ്ക്ക് ശ്രീനിവാസനായിരുന്നു തിരക്കഥ ഒരുക്കിയത്. ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തിയ സിനിമകളില്‍ ബ്ലോക്ക്ബസ്റ്ററിലേക്ക് എത്തിയത് ഞാന്‍ പ്രകാശനായിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞെങ്കിലും സിനിമയുടെ ടിക്കറ്റ് കിട്ടാനില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന തമിഴ് ചിത്രമായ സൂപ്പര്‍ ഡീലക്‌സ്, മലയാളത്തില്‍ ട്രാന്‍സ്, ആണെങ്കിലും അല്ലെങ്കിലും, എന്നിങ്ങനെ 2019 ലേക്ക് ഫഹദ് ഏറ്റെടുത്തിരിക്കുന്നത് മൂന്ന് സിനിമകളാണ്.


Click it and Unblock the Notifications











