വരത്തനില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വന്നത് ഷറഫിന്റെ സമ്മതത്തിനായി! തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍
ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ഷറഫുദ്ദീന്‍. നിവിന്‍ പോളി ചിത്രങ്ങളിലൂടെ തുടങ്ങിയ നടന്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നര്‍മ്മ രംഗങ്ങളുമായിട്ടായിരുന്നു എത്തിയിരുന്നത്. പ്രേമത്തിലെ ഗിരി രാജന്‍ കോഴിയും ഓംശാന്തി ഓശാനയിലെ മെക്കാനിക്കുമെല്ലാം പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന ഷറഫുദ്ദീന്‍ കഥാപാത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ക്കു പുറമെ മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു.
ഫഹദ് ഫാസിലിന്റെ വരത്തന്‍ എന്ന ചിത്രത്തിലായിരുന്നു ഷറഫുദ്ദീന്‍ മലയാളത്തില്‍ ഒടുവിലായി അഭിനയിച്ചിരുന്നത്. ഫഹദിനെ പോലെ തന്നെ വരത്തനില്‍ ഗംഭീര പ്രകടനമായിരുന്നു ഷറഫുദ്ദീനും നടത്തിയിരുന്നത്. അടുത്തിടെ നടന്ന അഭിമുഖത്തില്‍ വരത്തനിലെ വില്ലന്‍ വേഷം ഷറഫുദ്ദീനിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് ഫഹദ് ഫാസില്‍ തുറന്നുപറഞ്ഞിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദ് ഇക്കാര്യം പറഞ്ഞത്.

വരത്തനിലെ വില്ലന്‍
കോമഡി വേഷങ്ങളില്‍ നിന്നും വില്ലനായുളള ഷറഫുദ്ദീന്റെ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. വരത്തനില്‍ കരുത്തുറ്റൊരു വില്ലന്‍ കഥാപാത്രമായിട്ടായിരുന്നു ഷറഫുദ്ദീന്‍ എത്തിയിരുന്നത്. വരത്തനിലെ വേഷം നടന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഫഹദിന്റെ സിനിമകളില്‍ മുന്‍പ് ഷറഫുദ്ദീന്‍ അഭിനയിച്ചിരുന്നെങ്കിലും ആദ്യമായിട്ടായിരുന്നു നെഗറ്റീവ് റോളിലെത്തിയിരുന്നത്. വരത്തനില്‍ ഫഹദിന്റെ ഭാര്യയെ ശല്യം ചെയ്യുന്ന കഥാപാത്രമായിട്ടായിരുന്നു ഷറഫുദ്ദീന്‍ എത്തിയിരുന്നത്. കട്ട താടിയും കൂളിംഗ് ഗ്ലാസും വെച്ചുളള ഷറഫിന്റെ ഗെറ്റപ്പായിരുന്നു വരത്തനില്‍ ഏറെ ശ്രദ്ധേയമായി മാറിയിരുന്നത്.

ഫഹദ് പറഞ്ഞത്
വരത്തനില്‍ എറ്റവും കൂടുതല്‍ കാത്തിരിപ്പ് വേണ്ടി വന്നത് ഷറഫുദ്ദീന്റെ സമ്മതത്തിനു വേണ്ടിയായിരുന്നുവെന്ന് ഫഹദ് പറയുന്നു. ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ഈ സിനിമ തനിക്ക് ചെയ്യണമെന്ന് ഷറഫ് പറഞ്ഞതായും ഫഹദ് പറയുന്നു. പക്ഷേ ഈ കഥാപാത്രം താന്‍ ചെയ്താല്‍ നന്നാവുമോ എന്നായിരുന്നു ഷറഫുദ്ദീന്റെ സംശയം. ഒടുവില്‍ മൂന്ന് നാല് ദിവസം സമയം എടുത്തായിരുന്നു സമ്മതം മൂളിയത്, ഫഹദ് പറഞ്ഞു.

ഷറഫുദ്ദീന്‍ പറഞ്ഞത്
മുന്‍പ് അമല്‍ നീരദിന്റെ സിനിമകളില്‍ വേഷം ലഭിക്കാനായി താന്‍ അദ്ദേഹത്തെ ഫോളോ ചെയ്യാറുണ്ടായിരുന്നുവെന്ന് ഷറഫുദ്ദീന്‍ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ സെറ്റിലുളള എല്ലാവരും ടെക്‌നിക്കലിയും അല്ലാതെയും നല്ല കഴിവുളളവരായിരിക്കും എന്ന ഉറപ്പ് എനിക്ക് ആദ്യമേ ഉണ്ടായിരുന്നു. അതിന്റെ ടെന്‍ഷനും എനിക്കുണ്ടായിരുന്നു, പക്ഷേ ആദ്യ ദിവസം മുതല്‍ ആര്‍ട്ടിസ്റ്റുകളെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

വരത്തനിലെ കഥാപാത്രം
വരത്തനിലെ കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമാണ്. കോമഡിയുമായി ഒരു ബന്ധവുമില്ല കഥാപാത്രത്തിന്. ഒരു അഭിനേതാവെന്ന നിലയില്‍ അമല്‍ നീരദ് സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് നേട്ടമായി കണക്കാക്കുന്നു. ഞാനൊക്കെ കാത്തിരുന്ന ഒരു അവസരമായിരുന്നു ഇത്. ഷറഫുദ്ദീന്‍ പറഞ്ഞു.

വരത്തന്റെ മുന്നേറ്റം
നിറഞ്ഞ സദസുകളിലാണ് വരത്തന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. സെപ്റ്റംബര്‍ 20നായിരുന്നു ചിത്രം വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഫഹദ്,ഷറഫുദ്ദീന്‍ എന്നിവര്‍ക്കൊപ്പം അര്‍ജുന്‍ അശോകന്‍, കൊച്ചുപ്രേമന്‍, മാലാ പാര്‍വതി,ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. നസ്രിയ നസീമും അമല്‍ നീരദും ചേര്‍ന്നായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്


Click it and Unblock the Notifications











