തങ്കശേരിയിലെ മുക്കുവനായി ഫഹദ് ഫാസില്‍
രണ്ടാം വരവിലെ ആദ്യഘട്ടത്തില്‍ ന്യൂജനറേഷന്റെ പ്രതിനിധിയെന്ന് വിലയിരുത്തപ്പെടുന്ന കഥാപാത്രങ്ങളായിരുന്നു ഫഹദ് ഫാസില്‍ ഏറെയും ചെയ്തത്. എന്നാല്‍ പിന്നീട് ഫ്രൈഡേ, ആമേന്‍, അന്നയും റസൂലും പോലുള്ള ചിത്രങ്ങളിലൂടെ ന്യൂജനറേഷന്‍ താന്തോന്നി എന്ന ഇമേജ് ഫഹദ് തച്ചുടച്ചു. ഏത് കഥാപാത്രവും തനിയ്ക്കിണങ്ങുമെന്ന് തെളിയിച്ച ഫഹദ് പുറത്തുവന്ന ഓരോ ചിത്രങ്ങളും തന്റെ റോളുകള്‍ മനോഹരമാക്കി. ഇപ്പോഴിതാ വീണ്ടുമൊരു ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായൊരു റോളില്‍ അഭിനയിക്കാന്‍ പോവുകയാണ് താരം.
സംവിധായകനും തിരക്കഥാകൃത്തുമായ ജയിംസ് ആല്‍ബര്‍ട്ട് ഒരുക്കുന്ന റൊമാന്റിക് കോമഡി ചിത്രത്തില്‍ ഒരു മുക്കുവന്റെ വേഷത്തിലാണ് ഫഹദ് അഭിനയിക്കുന്നത്.

കൊല്ലത്തെ തീരപ്രദേശമായ തങ്കശേരിയില്‍ നടക്കുന്നൊരു കഥയാണിതെന്നാണ് ജയിംസ് ആല്‍ബര്‍ട്ട് പറയുന്നത്. ജയിംസിന്റെ ജന്മനാടുകൂടിയാണ് തങ്കശേരി. കേരളത്തിന്റെ ചരിത്രത്തില്‍ ഏറെ പ്രധാന്യമുള്ള തങ്കശേരി കടപ്പുറം ആദ്യകാലത്ത് പോര്‍ച്ചുഗീസുകാരുടെയും പിന്നീട് ഡച്ചുകാരുടെയും അധീശമേഖലയായിരുന്നു.
ചിത്രത്തില്‍ ഫഹദ് തീര്‍ത്തും വ്യത്യസ്തമായ ശൈലിയിലാണ് സംസാരിക്കുക. അതായത് തങ്കശേരിയിലെ മുക്കുവന്മാരുടെ അതേ ഭാഷ. ചിത്രത്തിലെ നായിക ആരായിരിക്കുമെന്നകാര്യത്തല്‍ തീരുമാനമായിട്ടില്ല. തിരക്കഥയൊരുക്കുന്നത് ജയിംസ് ആല്‍ബര്‍ട്ട് തന്നെയാണ്.
സെപ്റ്റംബറിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക. വിവാഹത്തിന് ശേഷം ഫഹദ് അഭിനയിക്കുന്ന ചിത്രങ്ങളിലൊന്നായിരിക്കുമിത്.


Click it and Unblock the Notifications











