ഫാന്‍സോ ക്രിമിനലോ
മുന്‍പൊക്കെ ഫാന്‍സ് അസോസിയേഷനുകള്‍ തമ്മിലുള്ള മല്‍സരം തിയറ്ററില്‍ കൂവിതോല്‍പ്പിക്കുന്നതിലായിരുന്നു. അസോസിയേഷനുകള്‍ തമ്മിലുള്ള പോരാട്ടം തിയറ്ററിനുള്ളില്‍ തന്നെ തീരും. എന്നാല്‍ ഇപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ എന്നാല്‍ നടുറോഡില്‍ ചട്ടമ്പിത്തരം കാണിക്കുക എന്ന സ്ഥിതി വരെയെത്തി. ആസിഫ് അലിയുടെ ഫാന്‍സുകാര്‍ കാട്ടിക്കൂട്ടിയ ഗുണ്ടായിസവും സോഷ്യല്‍മീഡിയയില്‍ കുഞ്ചാക്കോ ബോബന്റെ ഫാന്‍സുകാര്‍ കാട്ടുന്ന ഗുണ്ടായിസവും പ്രേക്ഷകരെ സിനിമയില്‍ നിന്നു കൂടുതല്‍ അകറ്റുകയേയുള്ളൂ.
സിനിമയ്ക്ക് ഒരു ഗുണവും ചെയ്യാത്തവരാണ് ഫാന്‍സുകാര്‍. തമിഴ് സിനിമയില്‍ നിന്നാണ് കേരളത്തിലേക്ക് ഈ പ്രവണത വന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സുകാര്‍ തമ്മിലുള്ള മല്‍സരം സിനിമ റിലീസ് ചെയ്യുന്നതു മുതല്‍ തുടങ്ങും. എന്നാല്‍ സിനിമാ തിയറ്ററിനു സമീപം മാത്രമേ ഈ മല്‍സരവും പോര്‍വിളികളും ഉണ്ടാകൂ.

എന്നാല്‍ ഫാന്‍സ് അസോസിയേഷന് താരങ്ങള്‍ സപ്പോര്‍ട്ട് ചെയ്തതോടെ അവരുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തനവും നടത്താന്‍ തുടങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരുടെ ഫാന്‍സുകാര്‍ പാവപ്പെട്ടവരെ സഹായിക്കുന്ന ധാരാളംകാര്യങ്ങള്‍ ചെയ്യാറുണ്ട്. താരങ്ങളുടെ പിറന്നാള്‍ ദിവസമായിരിക്കും ഇത്തരം പരിപാടികളൊക്കെ നടക്കുക. ഫാന്‍സുകാരെക്കുറിച്ചുള്ള മോശം അഭിപ്രായം മാറ്റിയെടുക്കാന്‍ ഇതെല്ലാം സഹായിച്ചിരുന്നു.
എന്നാല്‍ സോഷ്യല്‍മീഡിയ സജീവമായതോടെയാണ് എല്ലാ താരങ്ങള്‍ക്കും ഫാന്‍സുകാര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ഇന്നലെ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിവനു വരെ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സുകാരാണ്. താരങ്ങളുടെ അടുത്തബന്ധമുള്ളവര്‍ തന്നെയാണ് ഈ അസോസിയേഷന്റെ പിന്നാലെയെല്ലാം.
ഹായ് അയാം ടോണി എന്ന ചിത്രം മോശമാണെന്ന് അഭിപ്രായം പറഞ്ഞതിനാണ് സീനയെന്ന പെണ്‍കുട്ടിയെ നടുറോഡില്‍ അടിച്ചുവീഴ്ത്തിയത്. ആസിഫ് അലി ഫാന്‍സിന്റെ തിരുവനന്തപുരം ഭാരവാഹിയാണ് സീനയെ മോശം വാക്കുകള്‍ കൊണ്ട് ഫേസ്ബുക്കിലൂടെ ചീത്തവിളിച്ചത്. പിന്നീടാണ് സീനയെയും കൂട്ടുകാരികളെയും കയ്യേറ്റം ചെയ്തതും. കേരളത്തില്‍ തന്നെയാണ് ഇതെല്ലാം നടന്നതെന്നതാണ് അത്ഭുതം.
മുന്‍പ് ഫാന്‍സുകാരെ തള്ളിപ്പറയാന്‍ ധൈര്യം കാട്ടിയ ഏക നടന്‍ ശ്രീനിവാസന്‍ ആയിരുന്നു. ഫാന്‍സ് അസോസിയേഷനുമായി ശ്രീനിയുടെ അടുത്തുവന്നവരെയെല്ലാം അദ്ദേഹം കളിയാക്കി വിട്ടിരുന്നു. സിനിമിയിലൂടെ ഈ പ്രവണതയെ കളിയാക്കുകയും ചെയ്തു.
റോമന്‍സ് എന്ന സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിര്‍മാതാക്കളായ അരുണ്‍ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരെ കുഞ്ചാക്കോബോബന്റെ ഫാന്‍സുകാര്‍ ഭീഷണിപ്പെടുത്തിയത് സോഷ്യല്‍ മീഡിയ വഴിയാണ്. കൊച്ചിയില്‍ വന്നാല്‍ കാലുകൊത്തുമെന്നാിയരുന്നു ഭീഷണി. ഇങ്ങനെയെല്ലാം ഭീഷണിപ്പെടുത്താന്‍ ഇവരെല്ലാം ആര്.
സിനിമ നിലനില്‍ക്കേണ്ടത് താരങ്ങളുടെ കൂടെ ആവശ്യമാണ്. അതുകൊണ്ട് ഇത്തരം ഫാന്‍സ് ക്രിമിനലുകളെ തള്ളിപ്പറയാന്‍ താരങ്ങള്‍ തയാറാകണം.


Click it and Unblock the Notifications











