മീര ഇവരുടെ പ്രിയനായിക
ശോഭനക്കു ശേഷം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മലയാളത്തിലേക്ക് കൊണ്ടുവന്നത് മീരാ ജാസ്മിനാണ്. പത്തു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഒരു മലയാള നടിക്ക് ഉര്‍വശി അവാര്‍ഡ് ലഭിക്കുന്നത്. ഈ നേട്ടം മീരയെ മലയാളത്തിലെ മറ്റ് നടിമാരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നു. അതുകൊണ്ടാവാം മീര മലയാളത്തിലെ ചില പ്രമുഖ സംവിധായകരുടെ പ്രിയനായികയാണ്. തങ്ങളുടെ സിനിമകളില്‍ മീരാ ജാസ്മിനെ ആവര്‍ത്തിച്ച് നായികയാക്കാന്‍ അവര്‍ക്ക് പ്രത്യേക താത്പര്യം തന്നെയുണ്ട്.
മേരി ജാസ്മിന്‍ എന്ന പെണ്‍കുട്ടിയെ സിനിമയിലേക്ക് കൊണ്ടുവരികയും മീരാ ജാസ്മിന്‍ എന്ന പേര് നല്‍കുകയും ചെയ്ത ലോഹിതദാസിന് നായികയോടുള്ള പ്രിയം പിന്നീട് ഗോസിപ്പ് കോളങ്ങള്‍ക്ക് ചൂടന്‍ വിഭവമായി. തങ്ങളുടെ ബന്ധമെന്തെന്ന് ഇരുവരും ആവര്‍ത്തിച്ച് വിശദീകരിക്കേണ്ട സ്ഥിതിയിലെത്തി ആ പ്രിയം. ഗോസിപ്പുകളുടെ നിജസ്ഥിതി എന്തായാലും ലോഹിതദാസിന്റെ പ്രിയനായിക തന്നെയാണ് ഇപ്പോഴും മീര.
സൂത്രധാരനിലൂടെ ലോഹിതദാസ് മലയാള സിനിമക്ക് പരിചയപ്പെടുത്തിയ മീര പിന്നീട് ലോഹിയുടെ കസ്തൂരിമാന്‍, ചക്രം എന്നീ ചിത്രങ്ങളിലും നായികയായി. കസ്തൂരിമാന്റെ തമിഴ് റീമേക്ക് ലോഹി ഒരുക്കിയപ്പോള്‍ നായികക്ക് മാറ്റമുണ്ടായില്ല. പിന്നീട് മീരയെ നായികയാക്കി ചെമ്പട്ട് എന്നൊരു ചിത്രം തുടങ്ങിയെങ്കിലും അത് പൂര്‍ത്തിയാക്കാനായില്ല.
മീര നായികയായ തുടര്‍ച്ചയായ നാല് സിനിമകള്‍ക്കു ശേഷം ചക്കരമുത്തിലാണ് മറ്റൊരു നടിയെ നായികയാക്കാന്‍ ലോഹി തയ്യാറാവുന്നത്. ചക്കരമുത്തില്‍ നായിക കാവ്യാ മാധവനായിരുന്നു. മീരയോട് എന്തെങ്കിലും അപ്രിയമുള്ളതു കൊണ്ടോ ആ ചിത്രത്തിലെ കഥാപാത്രത്തിന് മീര യോജിക്കാത്തതു കൊണ്ടോ ഒന്നുമല്ല നായികയുടെ കാര്യത്തില്‍ മാറ്റം വന്നത്. ചക്കരമുത്തില്‍ അഭിനയിക്കാന്‍ മീരക്ക് ഡേറ്റുണ്ടായിരുന്നില്ല. മീര തെലുങ്ക് സിനിമയുടെ തിരക്കിലായതു കൊണ്ടാണ് ലോഹിക്ക് കാവ്യയെ നായികയാക്കേണ്ടിവന്നത്. മീരയുടെ ഡേറ്റുണ്ടായിരുന്നെങ്കില്‍ ചക്കരമുത്തിലും മീര തന്നെയാവുമായിരുന്നു നായിക എന്നര്‍ത്ഥം.
തന്റെ മൂന്ന് ചിത്രങ്ങളിലാണ് കമല്‍ മീരയെ നായികയാക്കിയത്- സ്വപ്നക്കൂട്, ഗ്രാമഫോണ്‍, പാഠം ഒന്ന് ഒരു വിലാപം. സത്യന്‍ അന്തിക്കാട് ഒടുവില്‍ ചെയ്ത മൂന്ന് സിനിമകളിലെയും നായിക മീരയാണ്. അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര എന്നീ മൂന്ന് ചിത്രങ്ങളിലും മീര നായികയായി വേഷമിട്ടു. വിനോദയാത്രയില്‍ അഭിനയിക്കുന്നതിന് മീര 15 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടിട്ടും നിര്‍മാതാവിനെ കൊണ്ട് അതിന് സമ്മതിപ്പിച്ച് സത്യന്‍ മീരയെ തന്നെ നായികയായി കൊണ്ടുവരികയായിരുന്നു. മലയാളത്തില്‍ ഒരു നടിക്ക് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് വിനോദയാത്രയില്‍ അഭിനയിക്കുന്നതിന് മീര വാങ്ങിയത്.
സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലെ നായികയും മീരയാണ്. മോഹന്‍ലാലിനെയും മീരയെയും രസതന്ത്രത്തിനു ശേഷം വീണ്ടും സത്യന്‍ ഒന്നിപ്പിക്കുന്ന ചിത്രം. തുടര്‍ച്ചയായ നാല് ചിത്രങ്ങളില്‍ മീരയെ നായികയാക്കി തന്റെ ഏറ്റവും പ്രിയ നായിക മീര തന്നെയെന്ന് സത്യന്‍ വിളംബരം ചെയ്തിരിക്കുന്നു.
മലയാളത്തില്‍ ഇതുവരെ 13 ചിത്രങ്ങളിലാണ് മീര അഭിനയിച്ചത്. ചിത്രീകരണം തുടങ്ങാനിരിക്കുന്ന പുതിയ സത്യന്‍ അന്തിക്കാട് ചിത്രം കൂടി ഉള്‍പ്പെടുത്തിയാല്‍ 14. ഇതില്‍ പത്ത് ചിത്രങ്ങളും ലോഹിതദാസ്, കമല്‍, സത്യന്‍ അന്തിക്കാട് എന്നിവരുടേതാണ്. ഈ മൂന്ന് സംവിധായകരുടേതല്ലാത്ത നാല് ചിത്രങ്ങളില്‍ മാത്രമാണ് മീര ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ടി.വി.ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം, ലെനിന്‍ രാജേന്ദ്രന്റെ രാത്രിമഴ, ശ്യാമപ്രസാദിന്റെ ഒരേ കടല്‍, ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസ് എന്നിവയാണ് ഈ ചിത്രങ്ങള്‍.


Click it and Unblock the Notifications