ഫാസില്‍ വീണ്ടും വരുന്നു

By Staff

മലയാളികള്‍ക്ക് സുന്ദരമായ പ്രണയകഥകള്‍ പറഞ്ഞു കൊടുത്ത സിനിമാസൃഷ്ടാവാണ് ഫാസില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ഒരു നാള്‍ ഒരു കനവ് വരെ നനുത്ത പ്രണയത്തിന്റെ ആര്‍ദ്രസ്പര്‍ശമുളളവയായിരുന്നു. പണിക്കുറവ് തീര്‍ന്ന തിരക്കഥയും കുടുംബങ്ങള്‍ക്കു വേണ്ടിയൊരുക്കിയ ഫ്രെയിമുകളുമാണ് ഫാസിലിന്റെ ആയുധങ്ങള്‍. ഫാസില്‍ ചിത്രമെന്ന് കേട്ടാല്‍ സ്ത്രീകള്‍ തീയേറ്ററുകളിലേയ്ക്ക് ഒഴുകിയിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയില്‍.

എന്നാല്‍ ഹരികൃഷ്ണന്‍സിനു ശേഷം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളൊന്നുമെടുക്കാന്‍ ഫാസിലിന് കഴിഞ്ഞില്ല. മകനെ താരമാക്കാന്‍ തട്ടിക്കൂട്ടിയ കയ്യെത്തും ദൂരത്തും മണിച്ചിത്രത്താഴിന്റെ വികലമായ ഭൂതബാധയേറ്റ വിസ്മയത്തുമ്പത്തുമൊന്നും മലയാളി പ്രതീക്ഷിച്ച ഫാസില്‍ ചിത്രങ്ങളായിരുന്നില്ല.

2005ല്‍ തമിഴിലെടുത്ത ഒരു നാള്‍ ഒരു കനവ് എന്ന ചിത്രത്തിനു ശേഷം ഫാസില്‍ നീണ്ട മൗനത്തിലായിരുന്നു. മൗനത്തിന്റെ പുറംതോട് പൊട്ടിച്ച് പ്രതിഭാധനനായ ആ ചലച്ചിത്രകാരന്‍ വീണ്ടും വരുന്നത് ഒരു പുതുമുഖത്തിനെയും കൊണ്ടാണ്. ദിലീപ് നായകനാകുന്ന മോസ് ഡി സാമുവല്‍ എന്ന ചിത്രത്തിലെ നായിക എറണാകുളം സെന്റ് തെരേസാസ് കോളെജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ അശ്വതിയാണ്.

മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണിമാ ജയറാം, കുഞ്ചാക്കോ ബോബന്‍, ശാലിനി, നദിയാ മൊയ്തു എന്നിവരെ സിനിമയില്‍ അവതരിപ്പിച്ച ഫാസില്‍ വീണ്ടും ഒരു പുതുമുഖത്തെ സംഭാവന ചെയ്യുന്നു. പ്രേക്ഷകരുടെ കരളും മിഴിയും കവര്‍ന്നവരാണ് ഫാസില്‍ അവതരിപ്പിച്ച പുതുമുഖങ്ങളെല്ലാം. അശ്വതിയുടെ ഭാവിയും അങ്ങനെയാകുമെന്നാണ് സിനിമാ രംഗം പ്രതീക്ഷിക്കുന്നത്.

നന്ദന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അശ്വതി അവതരിപ്പിക്കുന്നത്. വൈക്കത്തും എറണാകുളത്തുമായി ചിത്രീകരണം നടക്കുന്ന ഈ പ്രണയ കഥ വരുന്ന ക്രിസ്തുമസിന് തീയേറ്ററിലെത്തുമെന്നാണ് അറിയുന്നത്. ജോണി സാഗരികയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X