»   » ഫാസില്‍ ശങ്കറിനെ മറന്നു

ഫാസില്‍ ശങ്കറിനെ മറന്നു

Written By:
Subscribe to Filmibeat Malayalam
Fazil-Shankar
മാനത്തുതിളങ്ങി നില്ക്കുന്ന നക്ഷത്രങ്ങളെ നോക്കി ഒരുപാട് പേര്‍ സ്തുതി ഗീതങ്ങള്‍ മുഴക്കും, പ്രകാശം മങ്ങി മേഘം മറഞ്ഞു നില്ക്കുന്ന താരങ്ങളെ ആരും ഗൗനിക്കാറില്ല. ഒരു പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണിതെന്ന് പറയുമ്പോള്‍ അതൊരു സാര്‍വ്വദേശീയ പ്രശ്‌നം മാത്രം.

ഇവിടെ സംഭവിച്ചത് നേരെ തിരിച്ചാണ്. തന്റെ ആദ്യസിനിമയിലെ നായകനെ മറന്നു പോകുന്ന സംവിധായകനെ ജനം തിരുത്തുന്നു. ഒരു സിനമാവാരികയുടെ ഓണപതിപ്പിന്റെ കൊഴുപ്പുകൂട്ടലില്‍ ഭാഗവാക്കായ ഫാസില്‍ തന്റെ നായകരെ ഓര്‍ത്തെടുക്കുന്നതും മുന്നോട്ട് നീക്കിനിര്‍ത്തുന്നതും ഏറെ അഭിമാനത്തോടെയാണ്.

മലയാളസിനിമയില്‍ ഒട്ടേറെ പ്രത്യേകപരാമര്‍ശങ്ങളര്‍ഹിക്കുന്ന സംവിധായകനാണ് ഫാസില്‍. ഹൃദയസ്പര്‍ശിയായ ഒട്ടേറെ സിനിമകളുടെ അവകാശി, നിരവധിപേരെ സിനിമയ്ക്കുപരിചയപ്പെടുത്തിയ വ്യക്തി, ഇന്ന് മലയാളസിനിമയില്‍ തലയുയര്‍ത്തി നില്ക്കുന്ന ഒരുപാട് പേരുടെ ഗുരു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫാസില്‍ ചിത്രങ്ങളൊന്നും ഒരു ചലനവും പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചിട്ടില്ല. അപ്പോഴും പ്രേക്ഷകര്‍ ഫാസില്‍എന്ന സംവിധായകനെ ഹൃദയത്തില്‍ തന്നെ സൂക്ഷിച്ചു. ശങ്കര്‍ എന്ന നടനെ മലയാളസിനിമയിലേക്ക് കൊണ്ടുവന്നത് ഫാസിലാണ്. അന്ന് വില്ലനായി വന്ന മോഹന്‍ലാല്‍ മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും അസാമാന്യ വൈഭവത്തോടെപ്രേക്ഷക ഹൃദയത്തെ മദിച്ചു കൊണ്ടിരിക്കുന്നു.

കുഞ്ചാക്കോ ബോബന്‍, ഇന്ന് മലയാളസിനിമയുടെ കണ്ണിലുണ്ണിയായ മകന്‍ ഫഹദ് ഫാസില്‍, ഇവന്‍ കൊള്ളാം എന്നു ചൂണ്ടി കാണിച്ച് രഞ്ജിത്തിലേക്കു തിരിച്ചുവിട്ട പൃഥ്വിരാജ് ഇവരൊക്കെ ഫാസില്‍ എന്ന സംവിധായകന്‍ വഴി വിജയം കൊയ്തവരാണ്. ഓണപതിപ്പിലെ ഓര്‍മ്മകളുടെ വസന്തത്തിന് മിഴിവേകാന്‍ ഒരു പേരായ് പോലും ശങ്കര്‍ കടന്നുവന്നില്ല എന്നത് ശ്രദ്ധേയമാണ്.

മലയാളസിനിമയുടെ വഴിത്തിരിവിന് പാത്രമായ സൂപ്പര്‍ ഹിറ്റ് സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന തന്റെ ആദ്യചിത്രത്തിലെ നായകനെ മറന്നുപോയ ഫാസിലിന് ജനം ഓര്‍മ്മിപ്പിക്കുന്നു. മലയാളസിനിമയിലെ പത്തു ഹിറ്റുകളെങ്കിലും ശങ്കറിനുകൂടി അവകാശപ്പെട്ടതാണ് എന്ന്.

സിനിമ അങ്ങിനെയാണ് വെള്ളിവെളിച്ചത്തിന്റെ ധവളശോഭയില്‍ മാത്രം ചുറ്റിതിരിയുന്നവരെ പരിഗണിക്കുന്ന ഇടം. സിനിമയുടെ കയറ്റിറക്കങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ ഫാസില്‍ ഒരുപക്ഷേ ശങ്കറിനെ ബോധപൂര്‍വ്വം തഴഞ്ഞതാവില്ല എന്നാലും സിനിമയുടെസ്വഭാവം പ്രകടമായ ഈ ലേഖനം വായനക്കാരില്‍ഖേദമുണ്ടാക്കി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam