മണിച്ചിത്രത്താഴില്‍ ഡോ. സണ്ണിയായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ: ഫാസില്‍
മോഹന്‍ലാലിന്റെ ഏറ്റവും മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും എടുത്ത് പരിശോധിച്ചാല്‍ അതില്‍ ആദ്യ നിരയില്‍ തന്നെയുണ്ടാകും മണിച്ചിത്രത്താഴും അതിലെ ഡോക്ടര്‍ സണ്ണിയും. ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിലെ സണ്ണിയെ പ്രേക്ഷകര്‍ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് പ്രിയദര്‍ശന്‍ ഗീതാഞ്ജലി എന്നൊരു ചിത്രം 2013 ല്‍ ഒരുക്കിയപ്പോള്‍ അതില്‍ വീണ്ടും മോഹന്‍ലാലിനെ ഡോക്ടര്‍ സണ്ണിയായി കൊണ്ടുവന്നത്.
ഈ ഡോക്ടര്‍ സണ്ണി മോഹന്‍ലാലിന് പകരം മമ്മൂട്ടിയായാല്‍ എങ്ങിനെയിരിക്കും. സങ്കൽപ്പിക്കാനൊന്നുമില്ല, കഥയെഴുതുമ്പോള്‍ ഫാസില്‍ ആദ്യം ഡോക്ടര്‍ സണ്ണിയായി മനസ്സില്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നത്രെ. ഫാസില്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മക്കള്‍ക്കുവേണ്ടി കഥയാലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കവെയാണ് ഫാസില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മക്കള്‍ക്കുവേണ്ടി ഒരു കഥ ഞാന്‍ ആലോചിച്ചു എന്ന് വരില്ല. ഒരാള്‍ക്കുവേണ്ടി കഥ ആലോചിക്കുന്നത് എന്റെ രീതിയല്ല. പണ്ടും അങ്ങനെയായിരുന്നു. എന്റെ കഥാപാത്രത്തിനനുസരിച്ച മുഖം മനസ്സില്‍ തെളിയുകയായിരുന്നു. കഥാപാത്രങ്ങളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ നടന്മാര്‍ മാറിയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഫാസില്‍ തുടങ്ങിയത്.
മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രത്തിന് എന്റെ മനസ്സില്‍ ആദ്യം മമ്മൂട്ടിയുടെ മുഖമായിരുന്നു. പിന്നീട് ആ കഥാപാത്രത്തിന്റെ സ്വഭാവത്തിലേക്ക് കുസൃതിയും മറ്റും വന്നുചേരുകയായിരുന്നു. അതോടെ ഡോക്ടര്‍ സണ്ണി മോഹന്‍ലാലായി- ഫാസില്‍ വ്യക്തമാക്കി.


Click it and Unblock the Notifications











