»   » ഫെഫ്കയില്‍ പോരിന് കളമൊരുങ്ങുന്നു

ഫെഫ്കയില്‍ പോരിന് കളമൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
FEFKA
സാങ്കേതിക രംഗത്തുള്ള 16 യൂണിയനുകളുടെ കൂട്ടായ്മയായ ഫെഫ്കയില്‍ പോരിന് കളമൊരുങ്ങുന്നു. നവംബര്‍ 12ന് നടക്കുന്ന ഡയറക്ടേഴ്‌സ് യൂണിയന്‍ ജനറല്‍ബോഡിയില്‍ നിലവിലെ നേതൃത്വത്തിനെതിരെ പുതിയ പാനല്‍ കൊണ്ടുവരാന്‍ ചില സംവിധായകര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണെങ്കിലും എക്കാലവും ഫെഫ്കയുടെ നേതൃത്വം വഹിച്ചു വന്നത് സംവിധായകരാണ്. സംഘടനയുടെ ഭരണസമിതിയിലേയ്ക്ക് സാധാരണയായി ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ഇത്തവണ വിമതര്‍ ബദല്‍ പാനലുമായി രംഗത്തെത്തുമെന്നാണ് സൂചന.

സംഘടനാ നേതൃത്വത്തില്‍ ഏകാധിപത്യ പ്രവണത വര്‍ധിച്ചു വരികയാണെന്നാണ് വിമതപക്ഷത്തിന്റെ ആരോപണം. സിനിമയില്‍ സംവിധായകനുള്ള സ്ഥാനം കുറഞ്ഞു വരികയാണ്. താരങ്ങളുടേയും നിര്‍മ്മാതാക്കളുടേയും സംഘടനകളുടെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കേണ്ട ഗതികേടിലാണ് സംവിധായകര്‍. ഇതില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. വിലക്കുകളും ഉപരോധങ്ങളും സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു. നേതൃത്വത്തിലിരിക്കുന്ന പലരുടേയും തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നില്ല. ഇതില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തിലാണ് ബദല്‍ പാനലുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. സംവിധായകര്‍ക്ക് പ്രാമുഖ്യമുള്ള സംഘടനയായതിനാല്‍ ഒരു കൂട്ടം സംവിധായകര്‍ നടത്തുന്ന ഈ നീക്കത്തിന് അതീവ പ്രാധാന്യമുണ്ട്.

ബദല്‍ പാനലിന്റെ നേതൃത്വം ലെനിന്‍ രാജേന്ദ്രനായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഴുവന്‍ സ്ഥാനങ്ങളിലേയ്ക്കും വിമതര്‍ മത്സരിക്കുമെന്നും സൂചനയുണ്ട്. അതേസമയം വിമതരുടെ നീക്കത്തെ ചെറുക്കാന്‍ ഔദ്യാഗിക പക്ഷം ശ്രമം തുടങ്ങിക്കഴിഞ്ഞു.

English summary
There was a rebel movement against the FEFKA general body election

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X