നാലഞ്ച് വയസില്‍ ഒരു വിദേശി എന്നെ എടുത്ത് കൊണ്ട് പോയി! ചെറിയ പ്രായത്തില്‍ ഉപദ്രവിക്കപ്പെട്ടതിനെ പറ്റി കാളി
സിനിമയിലെ എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യം ശക്തിയാര്‍ജ്ജിച്ച് കഴിഞ്ഞു. എന്നിരുന്നാലും സംഘട്ടന മേഖലയിലാണ് ആള് കുറവായിട്ടുള്ളത്. വളരെ അപൂര്‍വ്വമായിട്ടേ സ്ത്രീകള്‍ ഈയൊരു മേഖല കീഴടക്കാറുള്ളത്. അവര്‍ക്കിടയില്‍ ഏറ്റവും വ്യത്യസ്തയായി നിറഞ്ഞ് നില്‍ക്കുന്ന താരമാണ് കാളി.
ഫൈറ്റ് മാസ്റ്ററായിട്ടും നായികമാര്‍ക്ക് ഡ്യൂപ്പായിട്ടുമൊക്കെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന കാളിയെ കുറിച്ച് മുന്‍പ് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പേരില്‍ തന്നെ വ്യത്യസ്ത കൊണ്ട് വന്ന കാളി തന്റെ ജീവിതത്തെ പറ്റി ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. അതിലൊന്ന് ചെറിയ പ്രായത്തില്‍ നേരിടേണ്ടതായി വന്ന ദുരനുഭവങ്ങളാണ്.

നോക്കാനും അന്വേഷിക്കാനും ആരുമില്ലാത്ത കാലത്ത് തന്നെ ശാരീരികമായി ഉപദ്രവിച്ച ആളുകളുണ്ടെന്നാണ് കാളി പറഞ്ഞിട്ടുള്ളത്. തന്നെ ഉപദ്രവിക്കുന്നതിന് ഒരു നാട് മൊത്തം കൂട്ട് നിന്നതിനെ പറ്റിയും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ് താരം.
പത്ത് വയസ്സുള്ളപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ക്രൂരതയെപ്പറ്റിയാണ് കാളി മുന്‍പ് പലപ്പോഴായി തുറന്നു സംസാരിച്ചിട്ടുള്ളത്. '10 വയസ്സുള്ള പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത് ഒരു അഭിമാനമായാണ് അക്കാലത്ത് ആ നാട് പോലും കണ്ടത്. അത്രയും ചെറിയ പെണ്‍കുട്ടിയെ ഉപയോഗിച്ചത് വലിയ ക്രെഡിറ്റോടെയാണ് അവര്‍ പറഞ്ഞത്.
നമ്മള്‍ ജീവിക്കുന്നത് യുപിയില്‍ ഒന്നുമല്ല. മൂന്ന് വര്‍ഷം മുന്‍പ് അവരുടെ ഫോട്ടോസ് സഹിതം ഞാന്‍ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും അവരെന്നെ മോശം സ്ത്രീയായി ചിത്രീകരിക്കുകയാണ് ചെയ്തത്.
നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും വിദേശിയായ ഒരാള്‍ എന്നെ എടുത്തു കൊണ്ടു പോയിട്ടുണ്ട്. അന്ന് കൂടെയുണ്ടായിരുന്ന കുട്ടികളെല്ലാം ചേര്‍ന്നാണ് എന്നെ തിരികെ കൊണ്ടുവന്നത്. അങ്ങനെ പലതരത്തിലുള്ള ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി പീഡനത്തിന് ഇരയായ എന്താണ് സംഭവിക്കുന്നത്?

പരാതിയുമായി എത്തുമ്പോള്‍ ആദ്യം ചോദിക്കുന്നത് എന്തൊക്കെയാണ് അവര്‍ നിങ്ങളെ ചെയ്തതെന്നാണ്. അതെന്താണെന്ന് പറഞ്ഞുകൊടുക്കാന്‍ മിക്കപ്പോഴും പെണ്‍കുട്ടികള്‍ക്ക് സാധിക്കണമെന്നില്ല. ഞാന്‍ നേരിട്ടത് എന്താണെന്ന് എനിക്ക് ഇപ്പോഴും കൃത്യമായി പറയാന്‍ അറിയില്ല.
എന്നെ അവരൊക്കെ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. ഭയന്നുവിറച്ച് ശ്മശാനത്തില്‍ അഭയം തേടി. അവിടെ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കൈയ്യും കാലും കെട്ടിയിട്ട് കൊണ്ടുപോയി. ചവിട്ടുകയും ശാരീരികമായി ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.
ഞാന്‍ നേരിട്ട് വേദന കാരണം അവരെ കാണുമ്പോഴെല്ലാം ഒളിച്ചിരുന്നു. ശരീര വളര്‍ച്ച കൂടുതലുള്ള കുട്ടിയായത് കൊണ്ടായിരിക്കാം ആളുകള്‍ ഉപയോഗിച്ച് എന്ന് എന്നോട് പറഞ്ഞവരുണ്ട്. അത്രയും ലാഘവത്തോടെയാണ് ഓരോരുത്തരും പറയുന്നത്. ഞാനിതെല്ലാം തുറന്നു പറയുന്നതു പോലും അവരോടുള്ള പ്രതികാരമാണ്.
ഇപ്പോള്‍ എന്നെ കാണുമ്പോള്‍ അവര്‍ക്ക് പേടി ഉണ്ടാകുന്നത് പോലും എനിക്ക് സന്തോഷമാണ്. നമ്മളെ ഉപദ്രവിച്ച ആളുകള്‍ നീറുന്നത് കാണുന്നത് എന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് സന്തോഷമാണ്.' എന്നും കാളി പറയുന്നു.


Click it and Unblock the Notifications