കൊറോണ ഭീതി: സിനിമ,ടിവി ഷോസ് തുടങ്ങിയവയുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കും! അറിയിപ്പുമായി ഐഎംപിആര്‍എ
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സിനിമ, ടിവി ഷോസ്, വെബ് സീരിസ് തുടങ്ങിയവയുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ ഇന്ത്യയിലെ മുന്‍നിര ഫിലിം ബോഡികള്‍ തീരുമാനിച്ചു. ഞായറാഴ്ച നടന്ന യോഗത്തിലാണ് മാര്‍ച്ച് 19 മുതല്‍ 31വരെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഇന്ത്യ സിനിമ എംപ്ലോയീസ്, ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്‌സ് അസോസിയേഷന്‍, വെസ്‌റ്റേണ്‍ ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടിവി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളിലെ ഭാരവാഹികള്‍ പങ്കെടുത്തു.

ഞങ്ങള്‍ ആശങ്കകള്‍ക്കൊപ്പം നില്‍ക്കുകയും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നു എന്ന് യോഗത്തിന് ശേഷം സംഘടനകള്‍ അറിയിച്ചു. നേരത്തെ കൊറോണ കാരണം നിരവധി സിനിമകളുടെ റിലീസും ഷൂട്ടിംഗും നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനകള്‍ ഔദ്യോഗികമായി തങ്ങളുടെ തീരുമാനം അറിയിച്ചത്.
നേരത്തെ കൊറോണ വൈറസ് കാരണം മലയാള സിനിമാ മേഖലയും നിശ്ചലമായിരുന്നു. കൊറോണ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തിയ്യേറ്ററുകള്‍ ഈ മാസം 31വരെ അടച്ചിട്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ദ പ്രീസ്റ്റ്, മഞ്ജു വാര്യരുടെ ലളിതം സുന്ദരം അടക്കമുളള സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നു. സംസ്ഥാനത്ത് കൊറോണ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സിനിമകളുടെ ചിത്രീകരണം നിര്‍ത്തിയത്. അതേസമയം സംസ്ഥാനത്ത് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഇരുപതോളം ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടരുന്ന കാര്യത്തില്‍ സംവിധായകനും നിര്‍മ്മാതാവും തീരുമാനം എടുക്കട്ടെയെന്നാണ് ചലച്ചിത്ര സംഘടനകളുടെ നിലപാട്.
കഴിഞ്ഞ വാരത്തില്‍ പുറത്തിറങ്ങിയ കപ്പേള, കോഴിപ്പോര് തുടങ്ങിയ സിനിമകളുടെ പ്രദര്‍ശനവും തിയ്യേറ്ററുകള്‍ അടച്ചതോടെ നിര്‍ത്തിയിരുന്നു. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ റിലീസ് കൊറോണ കാരണം മാറ്റിവെച്ചിരുന്നു. മാര്‍ച്ച് 26നാണ് സിനിമയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മരക്കാറിനൊപ്പം അനശ്വര രാജന്റെ വാങ്ക്, മമ്മൂട്ടിയുടെ വിഷു ചിത്രം വണ്‍, ദളപതി വിജയുടെ മാസ്റ്റര്‍ തുടങ്ങിയ സിനിമകളുടെ റിലീസും നീളും.


Click it and Unblock the Notifications