പ്രിയപ്പെട്ട ‘പെരുന്തച്ചന്’ വിട!! സംവിധായകൻ അജയൻ അന്തരിച്ചു, അന്ത്യം സ്വകാര്യ ആശുപത്രിയിൽ
1990ൽ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ അജയൻ സംവിധാനം ചെയ്ത് ചിത്രമാണ് പെരുന്തച്ചൻ
പ്രശസ്ത നാടക-തിരക്കഥകൃത്ത് തോപ്പിൽ ഭാസിയുടെ മകനും പ്രമുഖ ചലച്ചിത്ര സംവിധായകൻ അജയൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പെരുന്തച്ചൻ എന്ന ഒറ്റ ചിത്രം കൊണ്ട് ശ്രദ്ധേയമായ സംവിധായകനാണ് അജയൻ. ഡോ. സുഷമയാണ് ഭാര്യ. പാർവ്വതി, ലക്ഷ്‌മി എന്നിവർ മക്കൾ.

1990ൽ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ അജയൻ സംവിധാനം ചെയ്ത് ചിത്രമാണ് പെരുന്തച്ചൻ. പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമായ പെരുന്തച്ചനും, മകനും തമ്മിലുള്ള അന്തർസംഘർഷങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.ചിത്രത്തിൽ പെരുന്തച്ചനായി എത്തിയത് തിലകനായിരുന്നു. തിലകന്റെ സിനിമ ജീവിതത്തിൽ ഏറ്റവും പ്രശംസ്ത നേടിയ കഥാപാത്രമായിരുന്നു ഇത്. മികച്ച നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്.
അഡയാര്‍ ഫിലിം ടെക്നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയന്‍ അച്ഛന്‍ തോപ്പില്‍ ഭാസിയ്ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് അരവിന്ദന്‍, കെ ജി ജോര്‍ജ്, ഭരതൻ, പത്‌മരാജൻ, എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചു. നിരവധി ഡോക്യുമെന്ററികളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ ഏതാനും തമിഴ് ചിത്രങ്ങളിൽ ഛായഗ്രാഹകനായും പ്രവർത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications











