സിനിമ എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ; കണ്ടെത്തിയത് കൊച്ചിയിലെ ഫ്ലാറ്റിൽ
ഫിലി എഡിറ്റർ നിഷാദ് യൂസഫ് അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2022 ൽ തല്ലുമാല എന്ന സിനിമയിലെ എഡിറ്റിംഗിന് സംസ്ഥാന അവാർഡ് നിഷാദ് യൂസഫിന് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് നിഷാദ്. സൗദി വെള്ളക്ക, വൂൾഫ്, ഓപ്പറേഷൻ ജാവ, ഉണ്ട, ഉടൽ, ആളങ്കം, അഡിഗോസ് അമിഗോ, ആയിരത്തൊന്ന് നുണകൾ, എക്സിറ്റ്, രാമചന്ദ്ര ബോസ് ആന്റ് കോ തുടങ്ങിയവയാണ് നിഷാദ് യൂസഫ് ചിത്രസംയോജനം ചെയ്ത പ്രധാന സിനിമകൾ.
മമ്മൂട്ടിയുടെ ബസൂക്ക, സൂര്യ നായകനാകുന്ന കംഗുവ, നസ്ലിൻ പ്രധാന വേഷം ചെയ്യുന്ന ആലപ്പുഴ ജിംഖാന എന്നിവയാണ് നിഷാദ് യൂസഫിന്റെ റിലീസ് ചെയ്യാനുള്ള സിനിമകൾ. ടെലിവിഷൻ ചാനലിൽ വീഡിയോ എഡിറ്ററായിരുന്ന നിഷാദ് പിന്നീട് സിനിമാ രംഗത്തേക്ക് കടക്കുകയായിരുന്നു. കംഗുവ സിനിമയുടെ പ്രൊമോഷണൽ ഇവന്റിനിടെ സൂര്യക്കും ബോബി ഡിയോളിനും ഒപ്പമെടുത്ത ഫോട്ടോ കഴിഞ്ഞ ദിവസം നിഷാദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

മരണത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളുടെ എഡിറ്ററായ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്ന് സംഘടന വ്യക്തമാക്കി.


Click it and Unblock the Notifications











