പാക് നടൻ ഫവദ് ഖാൻ നായകൻ; അബിർ ഗുലാൽ ഇന്ത്യയിൽ പ്രദർശിപ്പിക്കില്ല; നിലപാടറിയിച്ച് ഫിലിം ഫെഡറേഷൻ
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനിമ എംപ്ലോയീസ് (എഫ്ഡബ്ല്യുഐസിഇ) പാകിസ്താൻ ആർട്ടിസ്റ്റുകൾക്ക് അനിശ്ചിത കാല വിലക്ക് പ്രഖ്യാപിച്ചു. പാക് നടൻ ഫവദ് ഖാൻ നായകനായെത്തുന്ന അബിർ ഗുലാൽ എന്ന ബോളിവുഡ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും എഫ്ഡബ്ല്യുഐസിഇ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നുണ്ട്.
'കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ വിനോജ സഞ്ചാരികൾക്ക് നേരെ നടന്ന ഹീനവും ഭീരുത്വപരവുമായ ആക്രമണത്തിൽ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനിമ എംപ്ലോയീസ് ശക്തമായി അപലപിക്കുന്നു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ പ്രതിനിധി ദി റെസിസ്റ്റൻസ് ഫ്രണ്ട് ചെയ്ത ഈ നിന്ദ്യമായ പ്രവൃത്തി ഒരു മതസമൂഹത്തെ പ്രത്യേകമായി ലക്ഷ്യം വെച്ചുള്ളതാണ്. 2019 ഫെബ്രുവരി 14 ന് 40 സിആർപിഎഫ് ജവാൻമാരുടെ ജീവനെടുത്ത പുൽവാമ ആക്രമണത്തിന്റെ ഭീകരതയെ ഇത് പ്രതിധ്വനിപ്പിക്കുന്നു'

'ആവർത്തിച്ചുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ താൽപര്യത്തിനും ഐക്യദാർഢ്യത്തിനും ഞങ്ങൾക്കുള്ള അചഞ്ചലമായ പ്രതിബന്ധത എഡബ്ല്യുഐസിഇ വീണ്ടും ഉറപ്പിക്കുന്നു. ഇന്ത്യൻ ചലച്ചിത്ര-വിനോദ വ്യവസായത്തിലുള്ള എല്ലാ പാകിസ്താൻ കലാകാരൻമാർ, ഗായകർ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി നിസഹകരണം ആവശ്യപ്പെടുന്ന 2019 ഫെബ്രുവരി 18 ന് പ്രഖ്യാപിച്ച നിർദ്ദേശം ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു,' എഡബ്ല്യുഐസിഇ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നതിങ്ങനെ.
ഞങ്ങളുടെ സംഘടനയിലെയോ അനുബന്ധ സംഘനടകളിലെയോ അഭിനേതാക്കൾ, സംവിധായകർ, നിർമാതാക്കൾ, മറ്റ് സാങ്കേതിക വിദഗ്ദർ എന്നിവർ പാകിസ്താനിലെ ആർട്ടിസ്റ്റുകളുമായി സഹകരിച്ചാൽ അവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ആർതി എസ് ബാഗ്ഡി സംവിധാനം ചെയ്യുന്ന അബിർ ഗുലാലിൽ ഫവദ് ഖാൻ, വാണി കപൂർ എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്.

പഹൽഗാം ആക്രമണം ഇന്ത്യയെ നടുക്കിയിരിക്കെ വാണി കപൂർ ഈ സിനിമ പ്രൊമോട്ട് ചെയ്തതിൽ നടിക്ക് നേരെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ വന്നു. ഇതോടെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നടി നീക്കിയെന്നാണ് റിപ്പോർട്ടുകൾ. മെയ് അഞ്ചിന് അബിർ ഗുലാം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാലിപ്പോൾ റിലീസ് അനിശ്ചിതത്വത്തിലാണ്.
ഏ ദിൽ ഹെ മുശ്കിൽ, കപൂർ ആന്റ് സൺസ് എന്നീ സിനിമകളിലൂടെ ഇന്ത്യയിൽ വൻ ജനശ്രദ്ധ നേടിയ നടനാണ് ഫവദ് ഖാൻ. വലിയ അവസരങ്ങൾ നടനെ തേടി ബോളിവുഡിൽ നിന്നും വന്നു. എന്നാൽ 2016 ലെ ഉറി ആക്രമണത്തിന് ശേഷം പാക് താരങ്ങൾക്ക് ഇന്ത്യൻ സിനിമാ അസോസിയേഷനുകൾ വിലക്ക് പ്രഖ്യാപിച്ചു. വർഷങ്ങൾക്കിപ്പുറം ബോളിവുഡിലേക്ക് തിരിച്ചെത്തിയിരിക്കെ പഹൽഗാം ആക്രമണം വന്നു. പഹൽഗാം ആക്രമണത്തെ നടൻ അപലപിച്ചിട്ടുണ്ട്. പാകിസ്താനിലെ മുൻനിര നായക നടനാണ് ഫവദ് ഖാൻ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. 26 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നിട്ടുണ്ട്. സിന്ധു നദീ ജല കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഭീകരർക്കായുള്ള തിരച്ചിൽ നടന്ന് കൊണ്ടിരിക്കുന്നു. ജമ്മുകശ്മീരിൽ കനത്ത ജാഗ്രത തുടരുകയാണ്.


Click it and Unblock the Notifications











