എന്റെ ചിത്രത്തെ കൂവി തോല്‍പിക്കുന്നു: കമല്‍
കൊച്ചി: തന്റെ സിനിമയെ ഒരു കൂട്ടം സാമൂഹികവിരുദ്ധര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രമുഖ സംവിധായകന്‍ കമല്‍. തന്റെ പുതിയ ചിത്രമായ മിന്നാമിന്നിക്കൂട്ടത്തെപ്പറ്റി വിശദീകരിക്കാനായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.
ചിത്രത്തിന്റെ പേര് എഴുതിക്കാണിയ്‌ക്കും മുമ്പുതന്നെ പല തിയേറ്ററുകളിലും സാമൂഹിക വിരുദ്ധര്‍ കൂവല്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നില്‍ സിനിമയെ സ്‌നേഹിക്കുന്നവരല്ല. ഇത് നല്ല പ്രവണതയല്ല- കമല്‍ പറഞ്ഞു.
സിനിമ പാതിരാത്രിയ്‌ക്കും പുലര്‍ച്ചയ്‌ക്കും റിലീസ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. റെക്കോര്‍ഡിടാന്‍ വേണ്ടിയായിരിക്കും ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഫാന്‍സ് അസോസിയേഷന്‍ സിനിമയ്‌ക്ക് ഗുണം ചെയ്യില്ല. ചിലപ്പോള്‍ നടന്മാര്‍ക്ക് ഗുണം ചെയ്‌തേയ്‌ക്കും.
എന്റെ സിനിമകള്‍ ഞാന്‍ ഉദ്ദേശിക്കുന്നവരില്‍ എത്തുന്നുണ്ട്. നിര്‍മ്മാതാവിന് മുടക്കുമുതല്‍ കിട്ടാന്‍ ഞാന്‍ പലകാര്യങ്ങളിലും സന്ധി ചെയ്യുന്നുണ്ട്. പല പരിമിതികള്‍ മൂലം ആഗ്രഹിക്കുന്നതുപോലെ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കാറില്ല. നല്ല സിനിമയുടെ ഉദാത്തമായ കാഴ്‌ചയാണ് ഞാന്‍ അവതരിപ്പിക്കുന്നതെന്ന് വിശ്വാസമില്ല- അദ്ദഹം വ്യക്തമാക്കി.
ഈ തലമുറയുടെ കാലഘട്ടത്തിന്റെ പ്രണയം വിളിച്ചോതുന്ന സിനിമയാണ് മിന്നാമിന്നിക്കൂട്ടം. ഐടിയുടെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഇതേവരെ ഒരു ചിത്രവും ഇറങ്ങിയിട്ടില്ല. സൂപ്പര്‍താരങ്ങളെ വച്ച് എടുക്കുന്ന ചിത്രത്തിന് കിട്ടുന്ന ഒരു ശ്രദ്ധ ഈ ചിത്രത്തിന് കിട്ടാന്‍ അല്‍പം സമയമെടുക്കും. ഓരോ സിനിമയ്‌ക്കും അതിന്റേതായ ദൗത്യമുണ്ട്- കമല്‍ അഭിപ്രായപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications