മലയാള സിനിമയില് വീണ്ടും പ്രതിസന്ധി
കൊച്ചി: ഒരിക്കല്‍ കെട്ടടങ്ങിയ ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച തര്‍ക്കം വീണ്ടും. പുതിയ ചിത്രങ്ങള്‍ വ്യാപകമായി റിലീസ് ചെയ്യുന്ന രീതി അവസാനിപ്പിച്ചില്ലെങ്കില്‍ ഉടന്‍ പുറത്തിറങ്ങുന്ന സിനിമകളുടെ റിലീസ് തടയുമെന്ന് ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ മുന്നറിയിപ്പ് നല്‌കിക്കഴിഞ്ഞു.
സൂപ്പര്‍ സ്റ്റാറുകളുടേതടക്കം പുതുതായിറങ്ങുന്ന ചിത്രങ്ങള്‍ എ, ക്ലാസ് ബി ക്ലാസ് ഭേദമില്ലാതെ സംസ്ഥാന വ്യാപകമായി റിലീസ് ചെയ്യുന്നതാണ് തിയറ്റര്‍ ഉടമകളില്‍ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചിരിയ്‌ക്കുന്നത്.
സിനിമാ നിര്‍മാണത്തിന് മുന്‍കൂട്ടി പണം തരുന്ന തിയറ്ററുകളില്‍ മാത്രമേ സിനിമ റിലീസ് ചെയ്യാവൂയെന്നാണ് എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യം.
എന്നാല്‍ സിനിമാ നിര്‍മാണഘട്ടത്തില്‍ അഡ്വാന്‍സ് തരുന്ന കേരളത്തിലെ 48 തിയറ്ററുകളില്‍ മാത്രമേ സിനിമകള്‍ റിലീസ് ചെയ്യാന്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശം നിര്‍മാതാക്കള്‍ അംഗീകരിച്ചിട്ടില്ല.
എ ക്ലാസ് തിയറ്ററുകളില്‍ റിലീസ് ചെയ്യുമ്പോള്‍ തന്നെ ചിത്രങ്ങളുടെ വ്യാജ സിഡി ഇറങ്ങുന്ന സാഹചര്യമുണ്ടായപ്പോഴാണ് പരമാവധി തിയറ്ററുകളില്‍ ഒരേ സമയം സിനിമ റിലീസ് ചെയ്‌ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ലാഭമുണ്ടാക്കുകയെന്ന തന്ത്രം നിര്‍മാതാക്കള്‍ സ്വീകരിച്ചത്.
ഇത്തരത്തില്‍ റിലീസ് ചെയ്‌ത അണ്ണന്‍ തമ്പി വന്‍വിജയം കൈവരിച്ചതോടെ പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങളുടെ റിലീസും ഈ രീതിയിലേക്ക് മാറുകയായിരുന്നു.
എന്നാലിത് അവസാനിപ്പിയ്‌ക്കണമെന്നാണ് ഇതിനെ എതിര്‍ക്കുന്ന തിയറ്റര്‍ ഉടമകളുടെ ആവശ്യം. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ റംസാന് പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ റിലീസ് തടയുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
ഇതിനെതിരെ വിതരണക്കാരും നിര്‍മാതാക്കളും ചെറുകിട തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.
പുതിയ പ്രതിസന്ധി ഒക്ടോബര്‍ ആദ്യ വാരത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ലാല്‍ നായകനാകുന്ന കുരുക്ഷേത്രയുടെയും മമ്മൂട്ടിയുടെ മായാബസാറിന്റെയും റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.


Click it and Unblock the Notifications