സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ മാറനല്ലൂര്‍ ദാസിന് ആദരാഞ്ജലികള്‍ നേര്‍ന്ന് താരങ്ങള്‍
മലയാള സിനിമാ ലൊക്കേഷനുകളില്‍ സെക്യൂരിറ്റി സൂപ്പര്‍ വൈസര്‍ ആയിരുന്ന മാറനല്ലൂര്‍ ദാസ് അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മഞ്ഞപ്പിത്തത്തിന് ചികില്‍സയില്‍ കഴിയവേയായിരുന്നു അന്ത്യം. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്ന ആളായിരുന്നു മാറനല്ലൂര്‍ ദാസ്. തിരുവനന്തപുരം കാട്ടാക്കട മാറാനല്ലൂര്‍ സ്വദേശിയാണ് അദ്ദേഹം.

സഹപ്രവര്‍ത്തകന് ആദരാഞ്ജലികള്‍ നേര്‍ന്ന് താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം പ്രിയപ്പെട്ട ദാസിന് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയിരുന്നു. ഇവരുടെ നിരവധി സിനിമകളുടെ ലൊക്കേഷനുകളില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസറായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
സിനിമാ ലൊക്കേഷനുകള്‍ക്ക് പുറമെ രാജ്യാന്തര ചലച്ചിത്ര മേള, മെഗാ സ്‌റ്റേജ് ഷോകള്‍, താരവിവാഹങ്ങള്‍, ഉദ്ഘാടന വേദികള്‍ തുടങ്ങി താരസാന്നിദ്ധ്യമുളളിടത്തെല്ലാം ദാസിന്റെയും സംഘത്തിന്റെയും സാന്നിദ്ധ്യമുണ്ടായിരുന്നു. ഇടയ്ക്ക് സിനിമകളില്‍ ചെറിയ വേഷങ്ങളിലും ദാസ് അഭിനയിച്ചിരുന്നു. കേരളത്തില്‍ ഷൂട്ടിങ്ങിനെത്തിയ അന്യഭാഷാ ചിത്രങ്ങള്‍ക്കും ദാസിന്റെ സേവനം ലഭിച്ചിരുന്നു.
മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, പാര്‍വതി തിരുവോത്ത് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ തുടങ്ങിയ താരങ്ങളും ദാസിന് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയിരുന്നു. സിനിമയോടുള്ള തീവ്രമായ അനുരാഗമാണ് ആജാനുബാഹുവായ ദാസിനെ സഫാരി സ്യുട്ടണിഞ്ഞ് ചലച്ചിത്ര സെറ്റുകളില്‍ സന്ദര്‍ശകരേയും ആള്‍ക്കൂട്ടത്തേയും നിയന്ത്രിക്കുന്ന സെക്യുരിറ്റി ജോലിയിലേക്ക് എത്തിച്ചത്. ഷൂട്ടിങ്ങ് കാണാനെത്തുന്ന ചലച്ചിത്ര പ്രേക്ഷകരുമായും നല്ല ബന്ധം പുലർത്തിയിരുന്നു മാറനല്ലൂര്‍ ദാസ്. ഭാര്യ ഷൈജ. നൈന ദാസ്, നയന്‍ ദാസ് തുടങ്ങിയവരാണ് മക്കള്‍. സംസ്‌കാരം നാളെ.


Click it and Unblock the Notifications