സില്ക്ക് വീണ്ടും അഭ്രപാളികളിലേക്ക്
തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച മാദക താരം സില്‍ക്ക് സ്‌മിത വീണ്ടും അഭ്രപാളികളിലേക്ക്.
സില്‍ക്ക് ജീവനൊടുക്കി ഒരു വ്യാഴവട്ടം തികയുമ്പോള്‍ ബോളിവുഡിലെ മറ്റൊരു ഗ്ലാമര്‍ റാണിയായ മല്ലിക ഷെറാവത്താണ് സില്‍ക്ക് സ്‌മിതയ്‌ക്ക് വീണ്ടും വെള്ളിത്തിരയില്‍ പുനര്‍ജന്മം നല്‌കാനൊരുങ്ങുന്നത്.
സില്‍ക്കിന്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രം ബാലാജി ഫിലിംസിന് വേണ്ടി ടെലിവിഷന്‍ സീരിയല്‍ രംഗത്തെ വമ്പനായ ഏക്താ കപൂറാണ് നിര്‍മ്മിയ്‌ക്കുന്നത്.
സില്‍ക്ക് സ്‌മിതയുടെ വെള്ളിത്തിരയിലെയും വ്യക്തി ജീവിതത്തിലെയും സംഭവങ്ങളെ അടിസ്‌ഥാനമാക്കി സിനിമയെടുക്കാനാണ് ബാലാജി ഫിലിംസ് തീരുമാനിച്ചിരിയ്‌ക്കുന്നത്.
എണ്‍പതുകളുടെ തുടക്കത്തില്‍ വലിയ വിദ്യാഭ്യാസമൊന്നുമില്ലാതെ സിനിമാ ലോകത്തെത്തിയ വിജയലക്ഷ്‌മിയെന്ന കറുത്ത പെണ്ണ് തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കുകയും ആരാധകരില്‍ ഞെട്ടലുള്ളവാക്കി കൊണ്ട് പെട്ടെന്നൊരു നാള്‍ ജീവനൊടുക്കുകയും ചെയ്തതിന് പിന്നിലുള്ള കഥയറിയാന്‍ പ്രേക്ഷകര്‍ക്ക് താത്‌പര്യമുണ്ടാകുമെന്ന കാര്യമുറപ്പാണ്. പ്രേക്ഷകരുടെ ഈ ജിജ്ഞാസ തന്നെയാണ് ബാലാജി ഫിലിംസും ലക്ഷ്യമിടുന്നത്.
സ്‌മിതയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചിക്കി ചികയുന്ന തിരക്കിലാണിപ്പോല്‍ ബാലാജി ഫിലിംസ്. സില്‍ക്ക് ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ലെന്ന് ഏക്ത കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.


Click it and Unblock the Notifications