twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫ്ലാഷും ഫ്ലോപ്പ്; ലാലിന് നില തെറ്റുന്നു

    By Staff
    |

    തുടര്‍ച്ചയായ നാല് പരാജയങ്ങള്‍ മോഹന്‍ലാലിന്റെ താരമൂല്യത്തില്‍ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. 2007ലെ മോഹന്‍ലാലിന്റെ ആദ്യത്തെ രണ്ടു ചിത്രങ്ങള്‍ ഹിറ്റുകളായെങ്കില്‍ തുടര്‍ന്ന് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം പരാജയങ്ങളായിരുന്നു.

    ഹിന്ദി ചിത്രം ആഗ് ഉള്‍പ്പെടെ മോഹന്‍ലാലിന്റെ 'ക്രെഡിറ്റി'ല്‍ കഴിഞ്ഞ വര്‍ഷം അഞ്ച് പരാജയങ്ങളാണ്. അലിഭായി, ആഗ്, പരദേശി, റോക്ക് എന്‍ റോള്‍, ഫ്ലാഷ്.... ഹലോക്കു ശേഷം റിലീസ് ചെയ്ത അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങളും ബോക്സോഫീസ് ദുരന്തങ്ങളായി മാറി.

    സിബി മലയിലുമായി ഒന്നുചേര്‍ന്ന് ക്രിസ്മസ് ചിത്രമായി പുറത്തിറക്കിയ ഫ്ലാഷില്‍ മോഹന്‍ലാലിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. പരാജയങ്ങളുടെ കയ്പ് മറന്ന് നവവത്സരത്തിന് വിജയത്തിന്റെ ആഘോഷമായി ഫ്ലാഷ് മാറുമെന്നായിരുന്നു ലാലിന്റെ പ്രതീക്ഷ. പക്ഷേ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പകുതിയുമൊഴിഞ്ഞ തിയേറ്ററുകളില്‍ ഒരു മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടി വരുന്ന ദുരന്തമാണ് ഫ്ലാഷിന് സംഭവിച്ചത്.

    ഫ്ലാഷിനു മുമ്പ് മോഹന്‍ലാലും സിബി മലയിലും ഒന്നിച്ച ദേവദൂതന്‍ ഇതുപോലെ ഒരു ക്രിസ്മസിനാണ് തിയേറ്ററുകളിലെത്തിയത്. ദേവദൂതന്‍ പോലെ ഫ്ലാഷും സമ്പൂര്‍ണ പരാജയം. പ്രേക്ഷകരുടെ മനസറിഞ്ഞ് കഥകളൊരുക്കാനുള്ള കഴിവ് സിബി മലയിലിന് പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. ജലോത്സവവും ആലീസ് ഇന്‍ വണ്ടര്‍ലാന്റും പോലുള്ള നിലവാരമില്ലാത്ത ചിത്രങ്ങളുമായി തന്റെ പ്രതിഭാസമ്പന്നമായ ഭൂതകാലത്തോട് കൊഞ്ഞനം കുത്തി കാണിച്ച സിബി മലയില്‍ ആ പ്രവൃത്തി ഫ്ലാഷിലും വിജയകരമായി തുടരുന്നതാണ് കണ്ടത്. പലപ്പോഴും പ്രേക്ഷകരെ ഇരുത്തി ബോറടിപ്പിക്കുന്ന രംഗങ്ങളുമായി, പ്രേക്ഷകരുടെ മനസില്‍ സൂക്ഷ്മാംശങ്ങളോടെ ഇന്നും നിലനില്‍ക്കുന്ന മണിച്ചിത്രത്താഴിനെ ആദ്യന്തം ഓര്‍മിപ്പിക്കും വിധം തട്ടിക്കൂട്ടിയ ഈ ചിത്രം കൂടിയായതോടെ സിബി മലയില്‍ എന്ന സംവിധായകനെ എഴുതിത്തള്ളാന്‍ സമയമായി.

    തിരക്കഥാകൃത്ത് എസ്.ഭാസുരചന്ദ്രന്‍ ചിത്രത്തിന്റെ കഥ ആദ്യം പറഞ്ഞത് മോഹന്‍ലാലിനോടാണത്രെ. ലാലാണ് ഈ ചിത്രം സിബി മലയിലിനെ കൊണ്ട് സംവിധാനം ചെയ്യിക്കാമെന്ന് നിര്‍ദേശിച്ചത്. ഇത്തരമൊരു ചവറ് ഫ്ലാഷ് എന്ന പേരില്‍ പടച്ചുവിട്ടതിന്റെ ഉത്തരവാദിത്തം സിബിയേക്കാള്‍ ലാലിനാണെന്നര്‍ത്ഥം.

    ഭാസുരചന്ദ്രന്റെ തിരക്കഥ കണ്ടപ്പോള്‍ തന്നെ അതു ചവറ്റുകൊട്ടയിലേക്ക് എറിയേണ്ടിയിരുന്ന ലാല്‍ ആ തിരക്കഥയില്‍ നിന്ന് ഒരു 'ക്ലാസിക്' സൃഷ്ടിക്കാനുള്ള ബൃഹത്തായ ഉത്തരവാദിത്തം സിബിയെ ഏല്പിക്കുകയായിരുന്നു! ദേവദൂതനും ഫ്ലാഷും പോലുള്ള 'ക്ലാസിക്കു'കളുമായി ദയവായി മേലില്‍ ഉപദ്രവിക്കരുതേയെന്ന അപേക്ഷ മാത്രമേ ഈടീമിനോട് പ്രേക്ഷകര്‍ക്കുള്ളൂ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X