»   » നാടന്‍പാട്ടുകള്‍ നല്ലകാലം

നാടന്‍പാട്ടുകള്‍ നല്ലകാലം

By: നിര്‍മല്‍
Subscribe to Filmibeat Malayalam

മലയാളത്തിലിപ്പോള്‍ നാടന്‍പാട്ടുകള്‍ക്കു നല്ലകാലം. നവതരംഗ സിനിമകള്‍ക്ക് നാടന്‍പാട്ടുകള്‍ ഒഴിച്ചുകൂടാനാവാത്തതായതോടെ മുത്തശ്ശിപ്പാട്ടുകളും ഞാറ്റുപാട്ടുകളുമെല്ലാം ആധുനിക സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ പുത്തന്‍രീതിയില്‍ അവതരിപ്പിക്കുകയാണ്. മമാസ് സംവിധാനം ചെയ്യുന്ന സിനിമ കമ്പനിയിലെ തിക്ക് റാപ്പ് ആണ് ഏറ്റവുമൊടുവില്‍ ഹിറ്റായത്. 'അക്കുത്തിക്കുത്താനവരമ്പത്ത്...' എന്ന നാടന്‍പാട്ടുചേര്‍ത്താണ് സംഗീതസംവിധായകന്‍ അല്‍ഫോണ്‍സ് ഈ ഗാനമൊരുക്കിയിരിക്കുന്നത്. അല്‍ഫോണ്‍സും സംഘവും തന്നെയാണ് ഇതാലപിച്ചിരിക്കുന്നതും. സിനിമ ഇറങ്ങുന്നതിനു മുന്‍പുതന്നെ ഈ ഗാനം ചാനലുകളിലെല്ലാം ഹിറ്റായിക്കഴിഞ്ഞു. പണ്ട് കുട്ടികള്‍ കളിക്കുമ്പോള്‍ പാടിയിരുന്ന പാട്ടാണ് അക്കുത്തിക്കുത്താന...

സൂപ്പര്‍ഹിറ്റിലേക്കു കുതിക്കുന്ന ഉസ്താദ് ഹോട്ടലിലെ 'അപ്പങ്ങളെമ്പാടും ഒറ്റയ്ക്കുചുട്ടമ്മായി' എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ടാണ് യുവാക്കളുടെ നാവിന്‍തുമ്പത്തുള്ള മറ്റൊരു ഗാനം. ഗോപിസുന്ദറാണ് ഇതിന് ഈണമിട്ടിരിക്കുന്നത്. കോഴിക്കോടന്‍ പശ്ചാത്തലത്തിലുള്ള സിനിമയില്‍ മലബാര്‍ പശ്ചാത്തലത്തിലുള്ള പാട്ടുകൂടി ചേര്‍ന്നതോടെ സംഗതി ജോര്‍ ആയി. അന്ന കത്രീന വാലയില്‍ എന്ന നവഗായികയാണ് ഈ തരംഗം ആലപിച്ചിരിക്കുന്നത്. സിനിമയുടെ പശ്ചാത്തലവുമായി ശരിക്കും ഇഴകി ചേര്‍ന്നതുകൊണ്ടുകൂടിയാണ് അമ്മായിച്ചുട്ട അപ്പത്തിന് ഇത്രയും ജനപ്രീതി കിട്ടിയത്. സംവിധായകന്‍ അന്‍വര്‍ റഷീദ് ആണ് ഗാനം കണ്ടെടുത്ത് ഗോപീ സുന്ദറിന് കൈമാറുന്നത്. കവി റഫീക്ക് അഹമ്മദ് അതിലെ വരികള്‍ ഒന്നുകൂടി പരിഷ്‌ക്കരിച്ചതോടെ സംഗതി പൊളപ്പന്‍ ആയി.

മലയാള സിനിമയില്‍ നാടന്‍പാട്ടുകള്‍ പണ്ടേ ഉപയോഗിക്കാറുണ്ടെങ്കിലും റാപ്പ് സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച് ഹിറ്റാക്കുന്നത് സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ്. അവിയല്‍ ബാന്‍ഡ് സംഘത്തിന്റെ ആനക്കള്ളന്‍ എന്നുതുടങ്ങുന്ന ഗാനമാണ് ഈ നവതരംഗത്തിനു തുടക്കമിട്ടത്. മലയാളത്തിലെ ആദ്യ റോക്ക് ബാന്‍ഡ് സംഘമായ അവിയലിലെ ടോണി ജോണ്‍ ആണ് ആനക്കള്ളന്‍ പാടിയത്. ചെറുപ്പത്തില്‍ ചെറിയ കളവ് നടത്തുന്നവര്‍ വലുതാകുമ്പോള്‍ ആനയെ മോഷ്ടിക്കുമെന്ന നാടന്‍പാട്ടാണ് പുത്തന്‍രീതിയില്‍ അവതരിപ്പിച്ച് കയ്യടി നേടിയത്. സിനിമയുടെ ഒടുവിലാണ് സംഘം ആനക്കള്ളനുമായി പ്രത്യക്ഷപ്പെടുന്നത്.

അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ഈ അടുത്തകാലത്ത് എന്ന ചിത്രത്തിലെ നാട്ടില്‍ വീട്ടില്‍.. എന്നു തുടങ്ങുന്ന നാടന്‍പാട്ടും കയ്യടി നേടിയിരുന്നു. ഗോപീ സുന്ദറാണ് സംഗീതം നല്‍കിയത്. ദുല്‍ക്കര്‍ സല്‍മാന്‍ ആദ്യമായി അഭിനയിച്ച സെക്കന്‍ഡ് ഷോയിലെ അവിയല്‍ ബാന്‍ഡിന്റെ നാടന്‍പാട്ട് ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ചിരുന്നു. യുവത്വത്തിന്റെ ഹരമായ റാപ്പുമായി കൂടിചേര്‍ത്തതോടെയാണ് മലയാളത്തിലെ നാടന്‍പാട്ടുകള്‍ക്ക് പുത്തന്‍ ആസ്വാദനം ലഭിച്ചത്.

റിലീസ് ചെയ്യാനിരിക്കുന്ന നിരവധി സിനിമകളില്‍ ഇത്തരം ഗാനങ്ങള്‍ ഒരുങ്ങുന്നുണ്ട്. മുന്‍പ് കലാഭവന്‍മണിയായിരുന്നു നാടന്‍പാട്ടുകളുടെ രാജാവ്. അതിലെല്ലാം അവതരണം നാടന്‍രീതി തന്നെയായിരുന്നു. മണി നായകനാകുന്ന മിക്ക ചിത്രത്തിലും മണി തന്നെ ആലപിക്കുന്ന നാടന്‍പാട്ട് ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു. ആദ്യകാലത്തെല്ലാം നന്നായി ആസ്വദിച്ചിരുന്നെങ്കിലും പിന്നീട് അതിന്റെ ശീലുകള്‍ കേട്ടുമടുത്തതുപോലെയായി. ഇനി റാപ്പ് മലയാളം ആസ്വദിക്കുന്ന കാലം. ഇതുമടുക്കുമ്പോള്‍ പുതിയ രീതി ഉടന്‍ എത്തും.

English summary
Kerala folk songs now in rock in malayalam cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam