താരയുദ്ധം: ക്രിസ്‌മസ്‌ കൗണ്ട്‌ഡൗണ്‍ തുടങ്ങി
താരയുദ്ധങ്ങളില്ലാതെ ഓണവും റംസാനും ഒഴിഞ്ഞതിന് ശേഷം ഇനി പ്രേക്ഷകര് കാത്തിരിയ്ക്കുന്നത് ക്രിസ്മസാണ്. മലയാള സിനിമയിലെ രണ്ട് തലമുറകള് തമ്മിലുള്ള മത്സരം കൂടിയായിരിക്കും ഇത്തവണത്തെ ക്രിസ്മസ് സീസണ്.
തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന വന്ദേമാതരവുമായാണ് മമ്മൂട്ടി ഇത്തവണ ക്രിസ്മസ് പോരാട്ടത്തിനെത്തുക. മമ്മൂട്ടിയ്ക്കൊപ്പം കോളിവുഡ് ആക്ഷന് താരം അര്ജ്ജുനും അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന് ഹെന്ട്രിയാണ്.
മോഹന്ലാല്-ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന റെഡ് ചില്ലീസാണ് ക്രിസ്മസിനിറങ്ങുന്ന മറ്റൊരു പ്രധാന ചിത്രം. ഒരു കൊലപാതകത്തിന്റെ ദുരൂഹതകള് വെളിച്ചത്തു കൊണ്ടുവരാനായെത്തുന്ന ഒമര് എന്ന ലാലിന്റെ കഥാപാത്രം ആരാധകര് ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിയ്ക്കുന്നത്.
ചോക്ലേറ്റിന്റെ വിജയമധുരം ലോലിപോപ്പിലൂടെ വീണ്ടും നുണയുകയെന്ന ലക്ഷ്യത്തോടെയാണ് ഷാഫി-പൃഥ്വി കൂട്ടുകെട്ട് ഈ ക്രിസ്മസിനെത്തുക.
ഒരിടവേളയ്ക്കു ശേഷം കുഞ്ചാക്കോബോബന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവും ജയസൂര്യയുടെ സാന്നിധ്യവുമെല്ലാം ലോലിപോപ്പിനായി ഷാഫി ഒരുക്കിയിട്ടുള്ള വിജയഫോര്മുലയാണ്.
ട്വന്റി ട്വന്റിയുടെ നിര്മാണ ചുമതലകളില് നിന്നും വിടുതല് നേടി ക്രേസി റാസ്ക്കലുമായിട്ടായിരിക്കും ദീലിപ് ക്രിസ്മസ് കാലത്ത് തന്റെ സാന്നധ്യം ഉറപ്പിയ്ക്കുക. നവാഗത സംവിധായകനായ ദീപു കരുണാകരന് ഒരുക്കുന്ന ചിത്രത്തിലൂടെ ഒരു ബോക്സ് ഓഫീസ് വിജയമാണ് ദിലീപ് സ്വപ്നം കാണുന്നത്
താരസംഘടനയായ അമ്മ നിര്മ്മിച്ച ട്വന്റി ട്വന്റി മാത്രമാണ് ഇനി ക്രിസ്മസിന് മുമ്പ് പ്രതീക്ഷിയ്ക്കുന്ന ഏക മേജര് റിലീസ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിക്കുന്ന ട്വന്റി ട്വന്റി ഒക്ടോബര് അവസാന വാരത്തോടെ തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications