F.R.I.E.N.D.S: ഒരിക്കല്‍ക്കൂടി 'അവര്‍' ഒന്നിക്കുന്നു, മനംനിറഞ്ഞ് ആരാധകര്‍
ആരാധകര്‍ കാലങ്ങളായി കാത്തിരുന്ന നിമിഷം വരവായി. ഒരിക്കല്‍ക്കൂടി അവരെല്ലാം ഒരുമിക്കുന്നു. വിശ്വവിഖ്യാത ടെലിവിഷന്‍ സിറ്റ്‌കോം പരമ്പരയായ F.R.I.E.N.D.S -ലെ കഥാപാത്രങ്ങളെ വീണ്ടും സ്‌ക്രീനില്‍ ഒന്നിപ്പിക്കുകയാണ് എച്ച്ബിഓ മാക്‌സ്. F.R.I.E.N.D.S -ന്റെ രജതജൂബിലി മുന്‍നിര്‍ത്തി എച്ച്ബിഓ മാക്‌സ് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ ജെന്നിഫര്‍ ആനിസ്റ്റണും കോര്‍ട്ട്ണി കോക്‌സും ലിസാ കുദ്രോയും മാറ്റ് ലെബ്ലാങ്കും മാത്യു പെറിയും ഡേവിഡ് ഷിമ്മറും ഒരുമിച്ച് പ്രത്യക്ഷപ്പെടും.

16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആറു 'കൂട്ടുകാരും' സ്‌ക്രീനില്‍ ഒന്നിക്കുന്നത്. എച്ച്ബിഓ മാക്‌സിലെ പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം ഇവര്‍ ഏവരും അറിയിച്ചു കഴിഞ്ഞു. രണ്ടര ദശലക്ഷം ഡോളര്‍ വീതം പ്രതിഫലം നല്‍കിയാണ് ആറു പേരെയും എച്ച്ബിഓ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്ന് സൂചനയുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം F.R.I.E.N.D.S സീരീസ് ചിത്രീകരിച്ച ബര്‍ബാങ്കിലെ വാര്‍ണര്‍ ബ്രദേഴ്‌സ് സ്റ്റുഡിയോതന്നെ പുതിയ പരിപാടിക്കായി എച്ച്ബിഓയും തിരഞ്ഞെടുക്കും.

ലോകം കണ്ട എക്കാലത്തേയും വലിയ സൂപ്പര്‍ഹിറ്റ് സിറ്റ്‌കോം ടെലിവിഷന്‍ പരമ്പരയാണ് F.R.I.E.N.D.S. 1994 -ല്‍ ആദ്യ എപ്പിസോഡ് പുറത്തുവന്നു. 2004 -ല്‍ പരമ്പര ഷോ അവസാനിക്കുമ്പോള്‍ പത്തു സീസണുകളാണ് F.R.I.E.N.D.S പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയെങ്കിലും F.R.I.E.N.D.S -ന്റെ സ്വീകാര്യതയ്ക്ക് ഇപ്പോഴും ഒരു കുറവുമില്ല. ചാന്‍ഡ്‌ലറും മോണിക്കയും റോസും റേച്ചലും ഫീബിയും ജോയിയും പ്രേക്ഷകരെ ഇന്നും ചിരിപ്പിക്കുന്നു; ചിന്തിപ്പിക്കുന്നു.

നിലവില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന സീരീസുകളില്‍ ഒന്നാണ് F.R.I.E.N.D.S. 2019 വരെ നെറ്റ്ഫ്‌ളിക്‌സിന് മാത്രമായിരുന്നു F.R.I.E.N.D.S സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം. എന്നാല്‍ ഈ വര്‍ഷം മുതല്‍ എച്ച്ബിഓയും F.R.I.E.N.D.S -ന്റെ സംപ്രേക്ഷണാവകാശം നേടി. എച്ച്ബിഓയുടെ ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ എച്ച്ബിഓ മാക്‌സ് വഴിയാണ് F.R.I.E.N.D.S പ്രേക്ഷകരിലെത്തുക. മെയ് മാസമായിരിക്കും പരിപാടിയുടെ സംപ്രേക്ഷണം.

വാര്‍ണര്‍ ബ്രോസ് അണ്‍സ്‌ക്രിപ്റ്റഡ് ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് ടെലിവിഷന്‍ 73 പ്രൊഡക്ഷന്‍സാണ് F.R.I.E.N.D.S 'റീയൂണിയന്' പിന്നില്‍. ബെന്‍ വിന്‍സ്റ്റണ്‍ സംവിധാനം ചെയ്യുന്ന പ്രത്യേക പരിപാടിയില്‍ യഥാര്‍ത്ഥ F.R.I.E.N.D.S പരമ്പരയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായ കെവിന്‍ ബ്രൈറ്റും മാര്‍ത്ത കൊഫ്മാനും ഡേവിഡ് ക്രെയ്‌നും ഭാഗമാകുന്നുണ്ട്.
Images Source: Courtney Cox


Click it and Unblock the Notifications











