ബാലതാരത്തില്‍ നിന്നും നായകനായി ഗണപതി, 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' ഉടന്‍ തിയറ്ററിലേക്ക്
വിനോദ യാത്ര എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകര്‍ക്ക് ഗണപതി എന്ന താരത്തെ ഓര്‍ക്കാന്‍. ചിത്രത്തിലെ 'പാലു പഴവും കൈകളിലേന്തി' എന്ന ഗാനരംഗമാണ് ഗണപതി എന്ന താരത്തെ പ്രശസ്തനാക്കുന്നത്. ആ ചിത്രത്തിനുശേഷം നിരവധി ചിത്രങ്ങളില്‍ ഗണപതി അഭിനയിച്ചു. ഇപ്പോഴിതാ നായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം.
'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ഡഗ്ലസ് ആല്‍ഫ്രഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗണപതിക്കു പുറമെ ബാലു വര്‍ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ് ആല്‍ഫ്രണ്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ആല്‍ഫി പഞ്ഞിക്കാരനും, തനുജ കാര്‍ത്തിക്കുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. രഞ്ജി പണിക്കർ, ലാല്‍, വിഷ്ണുഗോവിന്ദ്, അജു വർഗീസ്, മുത്തുമണി, ശ്രീകുമാര്‍,സിനോജ്, കുണ്ടറ ജോണി, കുളപ്പുള്ളി ലീല,മാല പാർവതി തുടങ്ങി നീണ്ട താരനിരയും ചിത്രത്തിലുണ്ട്. ബി കെ ഹരിനാരായണന്‍, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

ബാലതാരമായാണ് ഗണപതി ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഒരു പരസ്യ ചിത്രത്തിലൂടെയാണ് ദിലീപ് നായകനായി എത്തിയ 'വിനോദയാത്ര'യില്‍ എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന ആകര്‍ഷണം പാലും പഴവും കൈകളിലേന്തി എന്ന ഗാനമായിരുന്നു. പാട്ടിലൂടെ മികച്ച സ്വീകാര്യതയാണ് ഗണപതിക്ക് ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും ഗണപതി അഭിനയിച്ചിട്ടുണ്ട്.

ഷജില്‍ ഒബ്‌സ്‌ക്യറയാണ് ചിത്രത്തിന്റെ നിശ്ചലഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിങ്ങ് നൗഫല്‍ അബ്ദുള്ളയും, ഛായാഗ്രഹണം പവി കെ പവനും നിര്‍വ്വഹിക്കുന്നു. സുജിത് രാഘവ് ആണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍. മലർ സിനിമാസ് & ജൂവിസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











