»   » നവതരംഗം സൂപ്പറുകളെ തകര്‍ക്കും: ഗണേഷ്

നവതരംഗം സൂപ്പറുകളെ തകര്‍ക്കും: ഗണേഷ്

Posted By:
Subscribe to Filmibeat Malayalam
Ganesh Kumar
മലയാള സിനിമയില്‍ ആഞ്ഞുവീശുന്ന നവതരംഗം സൂപ്പര്‍താരങ്ങളുടെ ആധിപത്യത്തിന്റെ അന്ത്യം കുറിയ്ക്കുമെന്ന് സിനിമാമന്ത്രിയും നടനുമായ ഗണേഷ് കുമാര്‍. പി.കെ. സക്കീര്‍ സംവിധാനം ചെയ്യുന്ന ഗുഡ് ഐഡിയ എന്ന സിനിമയുടെ ഓഡിയോ സിഡി റിലീസ് ചെയ്യുകയായിരുന്ന മന്ത്രി സൂപ്പര്‍താര സിനിമകളെ രൂക്ഷമായി വിമര്‍ശിച്ചത്.

അഭിനേതാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് ഇപ്പോഴത്തെ ന്യൂജനറേഷന്‍ സിനിമകള്‍. ഞാനും ഒരു നടനാണ്. മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ ഒരു ശാപമാണെന്നു താന്‍ പറഞ്ഞപ്പോള്‍ അതു സിനിമയുടെ നാശമായിരുന്നില്ല. തന്നെപ്പോലുള്ള സഹനടന്മാര്‍ക്ക് അതു നാശമായിരുന്നു.

ഒരു നടന് അഭിനയിക്കാനുള്ള അവകാശം നിഷേധിച്ച കാലമായിരുന്നു സൂപ്പര്‍താരങ്ങള്‍ക്ക് ആധിപത്യമുണ്ടായിരുന്ന കാലം. സഹനടന്മാര്‍ അതിലുണ്ടെന്നു പറയാം. കാശു കിട്ടിയെന്നു പറയാം. വീട്ടുവാടക കൊടുത്തു എന്നു പറയാമെന്നും ഗണേഷ് പറഞ്ഞു.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പേരെടുത്ത് പറഞ്ഞായിരുന്നു പിന്നീട് ഗണേഷ് പൊട്ടിത്തെറിച്ചത്. ഇവരഭിനയിക്കുന്ന സിനിമകളില്‍ 60 സീനുണ്ടെങ്കില്‍ അതില്‍ 58 സീനിലും ഇവര്‍ തന്നെയായിരിക്കും. രണ്ട് സീനില്‍ തന്നെ അവര്‍ തന്നെ മറ്റെന്തെങ്കിലും കാര്യത്തിന് പ്രത്യക്ഷപ്പെടുന്ന രംഗങ്ങളായിരിക്കും. 50 സീനില്‍ മറ്റുള്ളവര്‍ ഇവരുടെ സൈഡില്‍ നിന്ന് ഇടി കൊള്ളും. ഏഴ് സീനിലും ഗാനരംഗങ്ങളിലും വരുന്ന വെറും ഉപകരണങ്ങള്‍ മാത്രമായിരുന്നു സ്ത്രീ കഥാപാത്രങ്ങള്‍.

ഷാജി കൈലാസിന്റെ സിനിമകളില്‍ നായകന്റെ വായിലിരിയ്ക്കുന്ന ചീത്ത കേള്‍ക്കാന്‍ വന്ന പെണ്ണായിരിക്കും നായിക. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് തീരെ വില നല്‍കാത്ത സിനിമകളായിരുന്നു അക്കാലത്ത്. ടെലിവിഷന്‍ സീരിയലുകളാണ് ഇവരില്‍ പലരെയും രക്ഷിച്ചത്.


വില്ലന്‍ വേഷം ചെയ്യാന്‍ തയ്യാറാണെന്നു പറഞ്ഞ സിദ്ദിഖും സായികുമാറും. ഇവര്‍ക്ക് രണ്ടു പേര്‍ക്കും നല്ല അഭിനയ സാധ്യതയുള്ള വേഷങ്ങളും കിട്ടി. ഞാന്‍ വില്ലന്‍ വേഷത്തില്‍ അഭിനയിക്കാന്‍ തയ്യാറായാല്‍ എന്റെ സ്വഭാവം അങ്ങനെയാണെന്നു പ്രചരിപ്പിക്കുമെന്ന് ഭയമുളള്ളത് ഞാനത് പയ്യെ നിര്‍ത്തി.

പക്ഷേ, ഇപ്പോള്‍ സഹനടന്മാരായി അഭിനയിക്കുന്നവര്‍ക്ക് കഴിവു തെളിയിക്കാനായി ന്യൂ ജനറേഷന്‍ സിനിമകളില്‍ യഥേഷ്ടം അവസരം കിട്ടുന്നുണ്ട്. സ്പിരിറ്റ് എന്ന സിനിമയിലെ നന്ദുവിന്റെ വേഷം തന്നെ ഉദാഹരണം. ഇതു കലാകാരന്മാരുടെയും കലാകാരികളുടെയും നല്ല കാലമാണിതെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam